Connect with us

Ongoing News

പ്രഥമ ഗേഹം വിളിക്കുന്നു

Published

|

Last Updated

ഇലാഹി സ്മരണയില്‍ ഇബ്‌റാഹീമി ചരിതവുമായി ലോക മുസ്‌ലിംകള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുകയാണ്. നാലായിരം വര്‍ഷങ്ങള്‍ക്കപ്പുറം സഫാമര്‍വയുടെ ഇടവഴികളില്‍ മുഴങ്ങിയ തക്ബീറിന്റെ അമരധ്വനിയും തഹ്‌ലീലിന്റെ മന്ത്രമാസ്മരികതയും നെഞ്ചകമേറ്റി ഗതകാല ചരിത്രത്തിന്റെ സ്മരണയില്‍ നിന്ന് ആത്മീയത വിളക്കിയെടുക്കുകയാണ് ലോക മുസ്‌ലിംകള്‍. കാലത്തിന്റെ തിരുനെറ്റിയിലും ചരിത്രത്തിന്റെ വിരിമാറിലും ഇതിഹാസം കുറിച്ച പൂര്‍വ പിതാവ് ഖലീലുല്ലാഹി ഇബ്‌റാഹീം നബി (അ) ന്റെയും ഹസ്‌റത്ത് ഇസ്മാഈല്‍ നബി (അ) ന്റെയും ഉമ്മ ഹാജറാ ബീവിയുടെയും ത്യാഗനിര്‍ഭരമായ ജീവിത ചരിതം ഒരിക്കല്‍ കൂടി വിശ്വാസി സിരകളില്‍ സ്‌നേഹ സാഹോദര്യ സമര്‍പ്പണത്തിന്റെ മിന്നല്‍പ്പിണറുകള്‍ തീര്‍ക്കുകയാണ്.

ഉടയ തമ്പുരാന്റെ കല്‍പ്പനക്കുമുന്നില്‍ ജീവതത്തിന്റെ അര്‍ഥ തലങ്ങളെ വരച്ചുകാട്ടിയ സ്‌നേഹ വത്സലനായ പിതാവിന്റെയും പൊന്നോമനയുടെയും ത്യാഗത്തിന്റെയും അര്‍പ്പണ മനോഭാവത്തിന്റെയും ചരിത്രമാണ് ബലിപെരുന്നാള്‍ നമ്മേ ഓര്‍മപ്പെടുത്തുന്നത്. അല്ലാഹുവിന്റെ കല്‍പ്പനപ്രകാരം ജീവിത യാത്രയില്‍ ഏകാന്ത പതികനായി കാലം കഴിച്ചുകൂട്ടുകയും അഗ്നി പരീക്ഷണങ്ങള്‍ക്ക് നടുവില്‍ കിടന്ന് വിജയം വരിച്ച് തിരിച്ച് കയറുകയും ചെയ്ത ഒരു പ്രവാചകന്‍, തന്റെ ദാമ്പത്യ വല്ലരിയില്‍ ഒരു കുസുമം മൊട്ടിടാന്‍ കാലങ്ങളൊളം പ്രാര്‍ഥനയില്‍ കഴിയേണ്ടിവന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം വാര്‍ധക്യത്തിന്റെ സായം സന്ധ്യയില്‍ ഇസ്മാഈല്‍ എന്ന കണ്‍മണിയെ ലഭിച്ചതും അല്ലാഹുവിന്റെ കല്‍പ്പനപ്രകാരമുള്ള പരീക്ഷണത്തിനായി കുട്ടിയേയും കൂട്ടി വിചന തീരത്തേക്ക് നടന്നതും ബലി കര്‍മത്തിനായി പകരം ജിബ്‌രീല്‍ എന്ന മാലാഖ ഒരാടിനെ ഇറക്കിക്കൊടുത്തതും ചരിത്രത്തിന്റെ ഭാഗധേയമായാണ്. ഇവിടെ ത്യാഗനിര്‍ഭരമായ ജീവിതത്തിന്റെയും അഗ്നിപരീക്ഷണത്തിന്റെയും മുള്‍മുനയില്‍ വിജയം വരിച്ച രണ്ട് പ്രവാചകന്‍മാരുടെ കഥ മാത്രമല്ല മറിച്ച് വരാനിരിക്കുന്നൊരു സമൂഹത്തിന്റെ ജീവിതാവിഷ്‌കാരമായിരുന്നു ചരിത്രം അടയാളപ്പെടുത്തിയത്.

കഅ്ബാലയം എന്ന ഭവനം അല്ലാഹുവിനെ ആരാധിക്കുന്നതിന് വേണ്ടി ലോകത്താദ്യമായി പണികഴിപ്പിച്ച ഗേഹമാണ്. ഈ കഅ്ബാലയം പ്രദക്ഷിണം ചെയ്യാത്ത ഒരു പ്രവാചകരും ഇല്ല. എല്ലാ പ്രവാചകന്‍മാരും പ്രദക്ഷിണം ചെയ്ത ഈ ഗേഹം ആദ്യമായി പുതുക്കിപ്പണിതത് ഇബ്‌റാഹീം നബി (അ) മും മകന്‍ ഇസ്മാഈല്‍ നബി (അ) മുമായിരുന്നു. ആദിമ മനുഷ്യന്‍ മുതല്‍ സമകാലിക മുസ്‌ലിം വരെ അതിനെ വലയം വെച്ചുകൊണ്ടിരിക്കുന്നു. കഅ്ബ ലോകത്തിന്റെ കേന്ദ്രബിന്ദുവായതും ഇതുകൊണ്ടു തന്നെയാണ്. എല്ലാ വിശ്വാസിയുടെയും മനസ്സും ശരീരവും ആ ഗേഹത്തെ ലക്ഷ്യമാക്കി ദിവസവും അഞ്ച് നേരം നിര്‍ബന്ധമായും തിരിഞ്ഞുനില്‍ക്കുന്നു. ഇസ്‌ലാമിക പഞ്ചസ്തംഭങ്ങളില്‍ ഒന്നായ ഹജ്ജ് ജീവിതത്തില്‍ ഒരിക്കലെങ്കിലും കഴിവുള്ളവര്‍ നിര്‍വഹിക്കണമെന്ന് ഇസ്‌ലാം ഓര്‍മിപ്പിക്കുന്നു. ഈ ഓര്‍മ പുതുക്കുന്ന സന്ദര്‍ഭമാണ് ഈ സുദിനം.

hajjഹജ്ജിന്റെ ഓരോ കര്‍മവും ചരിത്രത്തെ തൊട്ടുണര്‍ത്തുന്നു. ഇബ്‌റാഹീം നബി (അ)ന്റെയും ഇസ്മാഈല്‍ നബി (അ)ന്റെയും ബീവി ഹാജറ (റ) യുടെയും ചരിത്രം ഓരോ വിശ്വാസിയും നെഞ്ചോട് ചേര്‍ത്ത് വായിക്കുകയാണ് ഇവിടെ. സഫാ മര്‍വക്കിടയിലെ ഓട്ടവും കഅ്ബാ പ്രദക്ഷിണവും അറഫാ സംഗമവും എല്ലാം വിശ്വാസിക്ക് ഈമാന്‍ വിളക്കാനുള്ള വഴികളാണ്. തിരുനബി(സ)യും സ്വഹാബയും ഓടിനടന്ന മണ്ണ് വര്‍ഷങ്ങള്‍ക്കപ്പുറം കുട്ടിയെ മാറോട് ചേര്‍ത്ത് ഓടിത്തളര്‍ന്ന ഉമ്മ ഒരു തുള്ളി ദാഹജലത്തിനായി മരുമണ്ണില്‍ ഒക്കത്തിരിക്കുന്ന കുട്ടിയെ കിടത്തി വീണ്ടും ഓടിയ സഫാ മര്‍വ! പരവശയായി തളര്‍ന്ന ഉമ്മക്ക് മുന്നില്‍ പൊന്നോമന കാലിട്ടടിച്ചപ്പോള്‍ പൊട്ടിയൊലിച്ച് ഒഴുകിയ തെളിനീര്‍ അടങ്ങാതെ ഒഴുകിയപ്പോള്‍ അടക്കിനിര്‍ത്തിയ വെള്ളം ചരിത്രത്തില്‍ മാഉസംസമായി വിശ്വാസിയുടെ ദാഹവും മനസ്സും ശരീരവും കുളിരണിയിപ്പിക്കുന്നു. ഇങ്ങനെ ചരിത്രത്തിന്റെ പുനരാവര്‍ത്തി നടത്തുകയാണ് ഓരോ ബലി പെരുന്നാളും.

ജാതി വര്‍ണ വര്‍ഗ ദേശ ഭാഷ വ്യത്യാസങ്ങള്‍ക്ക് അതീതമായി കഅ്ബാലയത്തെ ലക്ഷ്യമാക്കി ലോകത്തിന്റെ നാനാ ദിക്കില്‍ നിന്നും ജനകോടികള്‍ ഒഴുകിയെത്തുന്നു. പണക്കാരനും പാവപ്പെട്ടവനും കറുത്തവനും വെളുത്തവനും കുബേരനും കുചേലനും രാജാവും പ്രജയും ഭരണാധികാരിയും ഭരണീയരും എല്ലാവരും ഒരേ വേഷത്തില്‍ ഒരേ മന്ത്രത്തില്‍ ഒത്തുചേരുന്ന അസുലഭ മുഹൂര്‍ത്തമാണ് അറഫാ സംഗമം. ഇത് ലോകത്തിന്റെ സംഗമമാണ്. ഇബ്‌റാഹീം നബിയുടെ വിളിക്കുത്തരം ചെയ്തവര്‍ വന്നുചേരുന്ന ഈ സംഗമം നാളെയുടെ പുനര്‍ജന്‍മത്തിന് ശേഷമുള്ള ഒത്തുചേരലിന്റെ ഓര്‍മയായി നമ്മില്‍അവശേഷിക്കട്ടെ,

തിരുനബി(സ) യും അനുചരന്‍മാരും പിറന്ന മണ്ണില്‍നിന്ന് പലായനം ചെയ്യാന്‍ വിധിക്കപ്പെട്ട് എല്ലാം ഉപേക്ഷിച്ചു പോയ മണ്ണ് കാലാന്തരത്തില്‍ ഉപരോധം വഴിമാറി തിരുനബി(സ)ക്കും അനുചരന്‍മാര്‍ക്കും വീണ്ടും ഹജ്ജും ഉംറയും നിര്‍വഹിക്കാന്‍ അവസരം ലഭിച്ച ഭൂമിക. ഇവിടെ തിരുനബി(സ) വിടവാങ്ങല്‍ പ്രസംഗം നടത്തി മാനവലോകത്തോട് പറഞ്ഞു. “അല്ലാഹുവിലേക്കുള്ള ഭക്തിയുടെ ഏറ്റക്കുറച്ചിലുകളല്ലാതെ അറബിക്ക് അനറബിയെക്കാളോ മറിച്ചും കറുത്തവന് വെളുത്തവനെക്കാളും മറിച്ചും ഒരു സ്ഥാനവും ഇസ്‌ലാമില്‍ ഇല്ല”. ആഢ്യതയും അഹന്തയും പെരുത്തു കഴിയുന്ന നമ്മുടെ ജീവിത പരിസരത്തിരുന്ന് പുതുകാലത്തിന്റെ ജീര്‍ണതകള്‍ പേറുമ്പോള്‍ ത്യാഗത്തിന്റെ തീക്ഷ്ണമായ ബലിക്കല്ലുകള്‍ തീര്‍ത്ത് ആത്മീയോന്നതിയില്‍ പറന്നുല്ലയിച്ച ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ) ന്റെയും ഹസ്രത്ത് ഇസ്മാഈല്‍ നബി (അ)ന്റെയും ജീവിതം നമുക്ക് മാതൃകയാകേണ്ടതാണ്. ഇവിടെ ബലി പെരുന്നാള്‍ നല്‍കുന്ന സന്ദേശം നാം വായിക്കേണ്ടതാണ്.

അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്ക് വേണ്ടി കടിപിടി കൂടുന്നവരും മുറവിളി കൂട്ടുന്നവരും കൊത്തിവലിക്കപ്പെടുന്നത് അപരന്റെ മജ്ജയും മാംസവുമാണ്. ചിന്നിച്ചിതറുന്ന മനുഷ്യ ശരീരവും പൊട്ടിപ്പൊളിയുന്ന തലയോട്ടിയും കുത്തിപ്പിളര്‍ത്തുന്ന മാറിടങ്ങളും നമുക്ക് ചുറ്റും നിത്യ ക്കാഴ്ചയാണ്. പിച്ച വെക്കുന്ന കുഞ്ഞിളം പൈതലിനെ നിഷ്‌കരുണം കൊന്നൊടുക്കാന്‍ മത്സരിക്കുന്ന വേട്ടക്കാര്‍ നാട് ഭരിക്കുന്ന കാലമാണ്. വാ പിളര്‍ത്തിക്കരയാനും മോണ കാട്ടിച്ചിരിക്കാനും കൊതിക്കുന്ന കുഞ്ഞിന്റെ അധരവാഴ്പ്പിലേക്ക് നിപ്പിള്‍ ഇറക്കി സ്വയം ആനന്തം കണ്ടെത്തുന്നവരായി നമ്മില്‍ പലരും ഇന്ന് മാറിപ്പോകുന്നു. മാറോടു ചേര്‍ത്ത് ഉമ്മവെച്ച് താരാട്ടുപാടിയ ബാല്യം ജനിക്കാനിരിക്കുന്ന കുഞ്ഞിന് അന്യമാകുന്ന കാലം വിദൂരമില്ലെന്ന ബേബിസ് ട്രോളികള്‍ നമ്മോട് വിളിച്ച് പറയുമ്പോള്‍ ബീവി ഹാജറ(റ) യുടെ ചരിത്രം നമുക്ക് പാഠമാകട്ടെ. ആഢ്യതയും അഹന്തയും അതിന്റെ ഉരുക്കു കോട്ടകളില്‍ നിന്ന് എയ്യുന്ന ശരമുനകള്‍ നിലാരംമ്പരുടെയും നിസ്സഹായരുടെയും ക്ഷണികവും അശക്തവുമായ മലക്കോട്ടകള്‍ തകര്‍ത്തെറിയുമ്പോള്‍ നംമ്രൂദിന്റെ അഗ്നി കുണ്ടത്തിലേക്ക് വലിച്ചെറിയപ്പെട്ട ഇബ്‌റാഹീം നബി (അ)ന്റെ ജീവിതം നമുക്ക് പ്രചോദനമാകട്ടെ. ആഘോഷം ആര്‍ഭാടത്തിന് വഴിമാറുമ്പോള്‍ ഒരു പിടി ഭക്ഷണത്തില്‍ ഒരുപാടുപേരെ ഭക്ഷിപ്പിച്ച തിരുനബി (സ) യുടെ മാതൃക നമുക്ക് പകര്‍ത്താം. കള്ളിലും പെണ്ണിലും പൊതിയുന്ന പെരുന്നാളിന് പകരം കൂട്ടുകുടുംബ അയല്‍പക്ക ബന്ധത്തിന്റെ നൂലിഴചചകള്‍ കോര്‍ത്തിണക്കുന്ന പെരുന്നാളായി നമ്മുടെ പെരുന്നാള്‍ മാറട്ടെ. ഒരുമയോടെ സ്വരുമയോടെ മുന്നേറിയ ബന്ധങ്ങള്‍ നമുക്ക് വഴിവിളക്കാണ് . “രക്തവും അഭിമാനവും പണവും പവിത്രമാണ്. ഇത് കളങ്കപ്പെടുത്താന്‍ പാടില്ലെന്ന്്” തിരുനബി (സ) നമ്മേ പഠിപ്പിക്കുന്നു. അന്യന്റെയും അയല്‍വാസിയുടെയും സ്വത്വത്തിന്റെ തന്നെയും രക്തവും പണവും അഭിമാനവും കളങ്കപ്പെടുത്താന്‍ ഈ സുദിനത്തെ നാം വിനിയോഗിക്കരുത്. പകരം നന്‍മ വിരിയുന്ന ദിനമായി നമ്മില്‍ നിന്ന് ഈ ബലി പെരുന്നാള്‍ സ്വീകരിക്കട്ടെ. ആമീന്‍

 

---- facebook comment plugin here -----

Latest