Connect with us

Kannur

ആധാര്‍ സീഡിംഗ് വേഗത്തില്‍ പൂര്‍ത്തിയാക്കണം: കലക്ടര്‍

Published

|

Last Updated

കണ്ണൂര്‍: പാചകവാതക സബ്‌സിഡി ഉള്‍പ്പെടെയുളള ആനുകൂല്യങ്ങള്‍ ബേങ്ക് അക്കൗണ്ട് വഴി ആക്കുന്നതിന്റെ ഭാഗമായുളള ആധാര്‍ നമ്പര്‍ സീഡിങ്ങ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ബാങ്കുകള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാതല ബാങ്കിങ്ങ് അവലോകന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ.രത്തന്‍ കേല്‍ക്കര്‍ ആവശ്യപ്പെട്ടു. ജില്ലാതല ബാങ്കിങ്ങ് അവലോകന യോഗം ഹോട്ടല്‍ മലബാര്‍ റസിഡന്‍സിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാചകവാതക സബ്‌സിഡി ബാങ്ക് അക്കൗണ്ട് വഴിയാക്കുന്ന ഡി ബി ടി പദ്ധതി ഈ മാസം ഒന്ന് മുതല്‍ ജില്ലയിലും നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. ജില്ലയില്‍ മൊത്തം 4.9 ലക്ഷം പാചക വാതക ഉപഭോക്താക്കളുണ്ട്. ഇതില്‍ ഇതുവരെ 15 ശതമാനം അക്കൗണ്ടുകളുടെ ആധാര്‍ സീഡിങ്ങ് മാത്രമാണ് പൂര്‍ത്തിയായത്. ജില്ലാതലത്തില്‍ ബാങ്ക് മേധാവികളുടെയും എണ്ണ കമ്പനി പ്രതിനിധികളുടെയും യോഗങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നതില്‍ പല ബാങ്ക് ബ്രാഞ്ചുകളും ജാഗ്രത കാണിക്കുന്നില്ല. ഇക്കാര്യത്തില്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കണം. എണ്ണ കമ്പനികളും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥത കാണിക്കണം. ആധാര്‍ സീഡിങ്ങുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് പൊതുജനങ്ങളില്‍ നിന്ന് ജില്ലാ ഭരണകൂടത്തിന് ലഭിക്കുന്നത്. എണ്ണ കമ്പനികളുടെ സമീപനം ആശാവഹമല്ല. ഇക്കാര്യത്തിലും മാറ്റം ഉണ്ടാകണം. എങ്കിലേ ഡി ബി ടി പദ്ധതി വഴി ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് യഥാസമയം വിതരണം ചെയ്യാനാവൂ. വിദ്യാഭ്യാസ വായ്പ നല്‍കുന്ന കാര്യത്തില്‍ ബാങ്കുകള്‍ കുറേക്കൂടി ഉദാരസമീപനം സ്വീകരിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. അപേക്ഷകരെ ബുദ്ധിമുട്ടിക്കാതെ കൃത്യമായ വിശദീകരണം നല്‍കാനും കാലതാമസം കൂടാതെ വായ്പ അനുവദിക്കാനും തയ്യാറാകണമെന്നും കലക്ടര്‍ പറഞ്ഞു.

Latest