Gulf
ജി സി സി തല അപകട നിവാരണ സമിതി പരിശീലന സംഗമം നടത്തി

ദോഹ: അപകടങ്ങളും അടിയന്തിരഘട്ടങ്ങളും നേരിടുന്നതിനുള്ള സമിതിയുടെ പ്രത്യേക രണ്ടാം ഘട്ട ഗള്‍ഫ് തല പരിശീലന പ്രോഗ്രാമിന് ദോഹയില്‍ തുടക്കമായി. ഇന്നലെ കാലത്ത് ദോഹ ഷെറോട്ടനില്‍ നടന്ന ഉദ്ഘാടന സംഗമത്തോടെയാണ് അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിക്ക് തുടക്കമായത്. ഖത്തര്‍ സിവില്‍ ഡിഫന്‍സ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ജനറല്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ലാ മുഹമ്മദ് അല്‍ സുവൈദിക്ക് പകരം, പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ , മേജര്‍ ജനറല്‍ സഅദ് ബിന്‍ ജാസിം അല്‍ ഖുലൈഫി ആമുഖഭാഷണം നടത്തി. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗരാജ്യങ്ങളില്‍ നിന്നുള്ള അപകട ദുരന്ത നിവാരണ സ്ഥിരം സമിതിയുടെ ആഭിമുഖ്യത്തില്‍, ഇതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കനേഡിയന്‍ കമ്പനിയുടെ സഹകരണത്തോടെയാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള വിവിധ മന്ത്രാലയ പ്രതിനിധികള്‍, അടിയന്തിര സേനാ സംഘാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.