Connect with us

Kerala

റോഡ് നവീകരണം: 433 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകള്‍ നവീകരിക്കാന്‍ 433 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ ഭരണാനുമതി നല്‍കി. നേരത്തെ ബജറ്റില്‍ ഇതിനായി അനുവദിച്ച തുകക്ക് പുറമെ പൊതുമരാമത്ത് വകുപ്പിന് 200 കോടി രൂപ കൂടി അധികം നല്‍കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാചകവാതക സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന നടപടി എല്ലാവര്‍ക്കും ആധാര്‍ കാര്‍ഡ് ലഭിച്ച ശേഷമേ നടപ്പാക്കാവൂ എന്ന് അധികൃതരോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ചെങ്ങന്നൂര്‍ സബര്‍ബന്‍ റെയില്‍ പദ്ധതിക്കും യോഗം തത്വത്തില്‍ അംഗീകാരം നല്‍കി. പദ്ധതി സംബന്ധിച്ച് സാധ്യതാ പഠനം നടത്താന്‍ മുംബൈ വികാസ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി. എല്ലാ സ്‌റ്റേഷനുകളിലും നിര്‍ത്തി ആളുകള്‍ക്ക് കയറാന്‍ സൗകര്യമൊരുക്കുന്ന സര്‍വീസാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ മലയാളം അറിഞ്ഞിരിക്കണമെന്നതു സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തില്‍ നിന്നു വ്യത്യസ്തമായ വാര്‍ത്തയാണ് പല പത്രങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും അത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കുന്നതിന് തര്‍ക്കമില്ലെങ്കില്‍ അവകാശസര്‍ട്ടിഫീക്കറ്റ് ഒഴിവാക്കി നല്‍കും.

ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുമ്പോള്‍ സംസ്ഥാനത്തെ 46% പേര്‍ക്ക് മൂന്നു രൂപയ്ക്ക് 10 ലക്ഷത്തിലേറെ ടണ്‍ അരി ലഭിക്കും. ശേഷിക്കുന്നവര്‍ക്ക് നാലര ലക്ഷം ടണ്‍ അരി 8.90ന് ലഭിക്കും.കേരളത്തിലെ ആകെ ജനസംഖ്യയെക്കാള്‍ കൂടുതല്‍ പേരാണ് നമ്മുടെ റേഷന്‍ കാര്‍ഡുകളില്‍ ഉള്ളതെന്നു കേന്ദ്രം കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവശ്യസാധനങ്ങളുടെ കൃത്രിമവിലക്കയറ്റം തടയാന്‍ വിപണി ഇടപെടല്‍ നയത്തിനും സര്‍ക്കാര്‍ അനുമതി നല്‍കിയതായി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ കൂടി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Latest