Connect with us

Articles

അനന്തരം അവര്‍ക്ക് അവഗണന

Published

|

Last Updated

ആഭ്യന്തര സുരക്ഷിതത്വം കണക്കിലെടുത്തും തൊഴില്‍ മേഖലയിലെ തദ്ദേശീയവത്കരണം ലാക്കാക്കിയും അനധികൃതമായി കഴിഞ്ഞു വന്നിരുന്ന വിദേശികളെ ഗള്‍ഫ് രാഷ്ടങ്ങള്‍ കുടിയൊഴിപ്പിച്ചുകൊണ്ടിരിക്കയാണ്. ഗുരുതരമായ പ്രത്യാഘാതമാണ് സമ്പദ്ഘടനയിലും സമൂഹത്തിലും ഇതുണ്ടാക്കിത്തുടങ്ങിയിരിക്കുന്നത്.
ഗള്‍ഫ് നാടുകളില്‍ തൊഴില്‍ ചെയ്യുന്ന മലയാളികള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തും തൊഴില്‍ രംഗത്തും നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പോകുന്നവരുടെ എണ്ണം വര്‍ഷം തോറും കുറഞ്ഞുവരികയാണ്. 1998ല്‍ വിദേശങ്ങളില്‍ ജോലിക്കു വേണ്ടി പോയിരുന്നവരില്‍ 95 ശതമാനം ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കായിരുന്നു. ഇത് 2003ല്‍ 91 ശതമാനമായും 2007ല്‍ 89 ശതമാനമായും കുറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ തന്നെ 1998ല്‍ സഊദിയായിരുന്നു പ്രധാന ലക്ഷ്യം. 2003ല്‍ യു എ ഇയില്‍ പോകുന്നവരുടെ എണ്ണം 37 ശതമാനമായി വര്‍ധിച്ച് ഗള്‍ഫ് കുടിയേറ്റക്കാരില്‍ യു എ ഇ ഒന്നാമതെത്തി. 2007ല്‍ ഇവരുടെ അംഗസംഖ്യ വീണ്ടും വര്‍ധിച്ച് 42 ശതമാനമായി.
രാജ്യത്തെ സമ്പദ്ഘടനയെ മൂല്യത്തകര്‍ച്ചയില്‍ നിന്ന് കാത്തു രക്ഷിച്ചിരുന്നതും രൂക്ഷമായ തൊഴിലില്ലായ്മക്ക് ഒട്ടൊക്കെ ആശ്വാസം പകര്‍ന്നിരുന്നതും ഗള്‍ഫിലേക്കുള്ള കുടിയേറ്റമായിരുന്നു. ഏകദേശം 17 ലക്ഷത്തോളം ഇന്ത്യക്കാര്‍ ഏഴ് ഗള്‍ഫ് നാടുകളിലായുണ്ട്. തെക്കെ ഇന്ത്യയില്‍ നിന്നുള്ളവരാണ് ഇവരില്‍ പകുതി പേര്‍. പ്രത്യേകിച്ച് കേരളീയര്‍. വിദേശങ്ങളില്‍ ജോലിക്കു പോകുന്നവരില്‍ 68.2 ശതമാനം ഗ്രാമ പ്രദേശങ്ങളില്‍ നിന്നുള്ളവരും 31.8 ശതമാനം പട്ടണങ്ങളില്‍ നിന്നുള്ളവരുമാണ്. കേരളത്തില്‍ നിന്ന് വിദേശത്ത് ജോലിക്ക് പോകുന്നവരില്‍ ഏറ്റവും കൂടുതല്‍ പേരും(27. 4 ശതമാനം) കാര്‍ഷികേതര മേഖലകളിലെ തൊഴിലാളികളാണ്. 24.3 ശതമാനം തൊഴിലില്ലാത്തവരും 16 ശതമാനം സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരും 12. 5 ശതമാനം സ്വയം തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമാണ്.
സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ 2007ലെ കണക്ക് പ്രകാരം 1999ല്‍ വിദേശങ്ങളില്‍ കുടിയേറിപ്പാര്‍ത്ത കേരളീയരുടെ എണ്ണം 13.6 ലക്ഷമായിരുന്നത് 2004ല്‍ 18.4 ലക്ഷമായി വര്‍ധിച്ചു. 2007ല്‍ ഇത് 18.5 ലക്ഷമായി. വിദേശ രാജ്യങ്ങളില്‍ നിന്നു മടങ്ങുന്നവരുടെ എണ്ണം 2003ല്‍ 8.9 ലക്ഷമായിരുന്നു. 2007ല്‍ ഈ നില മാറ്റമില്ലാതെ തുടര്‍ന്നു. ഗള്‍ഫ് നാടുകളിലേക്കുള്ള മലയാളി തൊഴില്‍ പ്രവാഹവും അതിലൂടെ ഈ നാട്ടിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്ന പണവും കേരളത്തിന്റെ സമ്പദ്ഘടനയിലും സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലും ആഴത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി ഗള്‍ഫിലേക്ക് പുതുതായുള്ള ഒഴുക്കിനേക്കാള്‍ കൂടിയ നിരക്കില്‍ അവിടെ നിന്നുമുള്ള തിരിച്ചൊഴുക്ക് വര്‍ധിച്ചിരിക്കയാണ്.
ഗള്‍ഫ് പണപ്രവാഹത്തിന്റെ തോതില്‍ ഗണ്യമായ കുറവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ വിദേശ തൊഴിലാളികളുടെ ശരാശരി വരുമാനത്തില്‍ 30-37 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ഗള്‍ഫില്‍ പടര്‍ന്ന സാമ്പത്തിക മാന്ദ്യവും ഗള്‍ഫ് കുടിയേറ്റക്കാര്‍ മടങ്ങിയെത്തുന്നതും ഗള്‍ഫിലെ പുതിയ തൊഴില്‍ സംരംഭങ്ങളില്‍ മലയാളികള്‍ അവഗണിക്കപ്പെടുന്നതും ഇതിനൊരു പ്രധാന കാരണമാണ്. തൊഴില്‍രഹിത പ്രവാസികളില്‍ പകുതിയിലേറെയും യു എ ഇയിലാണ്. 53 ശതമാനം. സഊദിയില്‍ 14 ശതമാനവും കുവൈത്തില്‍ ആറ് ശതമാനവും ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നാല് ശതമാനവും വരും. യു എ ഇക്ക് പുറമെ ബഹ്‌റൈനും സഊദിയും ഇതിനകം ഇന്ത്യക്കാരടക്കമുള്ള നിരവധി വിദേശികളെ കുടിയൊഴിപ്പിക്കുകയുണ്ടായി. തൊഴില്‍, താമസ രേഖകള്‍ നിയമ വിധേയമാക്കുന്നതിന് അനുവദിച്ച ഇളവുകാലം നവംബര്‍ മൂന്ന് വരെ നീട്ടിയിട്ടുണ്ടെങ്കിലും സഊദി സ്വദേശിവത്കരണ (നിതാഖാത്) നിയമം കര്‍ശനമാക്കിയത് തൊഴില്‍ നഷ്ടപ്പെട്ട് മാതൃരാജ്യത്തേക്ക് മടങ്ങാന്‍ പലരെയും നിര്‍ബന്ധിതരാക്കി. ഗള്‍ഫ് രാഷ്ട്രങ്ങള്‍ തുടര്‍ന്ന് വരുന്ന ഈ “ശുദ്ധീകരണ” പ്രക്രിയയുടെ പ്രത്യാഘാതങ്ങള്‍ മറ്റാരേക്കാളും ഗള്‍ഫ് പണത്തെ ആശ്രയിച്ച് കഴിയുന്ന കേരളീയ ഗ്രാമാന്തരങ്ങളെയാണ് പിടിച്ചുലക്കുന്നത്.
അന്യ സംസ്ഥാന തൊഴിലാഴികള്‍ കേരളത്തിലേക്ക് ചേക്കേറിയതു പോലെ മലയാളി ജീവിതം ഗള്‍ഫ് നാടുകളിലേക്ക് പറിച്ചു നട്ടത് 1970 കളിലായിരുന്നു. 40 വര്‍ഷങ്ങള്‍ക്കിപ്പുറം സ്ഥിതിയാകെ മാറി.
1973 ല്‍ പെട്രോളിയം ഉത്പാദക രാഷ്ട്രങ്ങള്‍ ഒപെക് എന്ന കുത്തക സംഘടനയുണ്ടാക്കി പെട്രോളിയം ഉത്പന്നങ്ങളുടെ വില കുത്തനെ കൂട്ടി. യു എ ഇ, സഊദി, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായി മാറി. പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധനയില്‍ കൂടി ലഭിച്ച വരുമാനം ഗള്‍ഫ് രാഷ്ട്രങ്ങളുടെ സാമ്പത്തിക, സാമൂഹിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി മനുഷ്യ വിഭവങ്ങളുടെ ചോദനം കൂട്ടാന്‍ ഇടയാക്കി. മനുഷ്യ വിഭവ ശേഷിയില്‍ സമ്പന്നമായ കേരളം ഈ സാഹചര്യത്തോട് ഗുണപരമായി പ്രതികരിച്ചതിന്റെ പ്രതിഫലനമാണ് ഗള്‍ഫ് മേഖലയിലെ വര്‍ധിച്ച മലയാളി സാന്നിധ്യം.
തൊഴില്‍രഹിത ചെറുപ്പക്കാര്‍ പ്രധാനമായും ഉപജീവന മാര്‍ഗം തേടി ഭീമമായ സംഖ്യ മുടക്കി എത്തിപ്പെടുന്നത് ഗള്‍ഫ് രാഷ്ട്രങ്ങളിലാണ്. ഇവര്‍ കഠിനദ്ധ്വാനം ചെയ്ത് നേടിത്തരുന്ന വിദേശ നാണ്യമാണ് നമ്മുടെ ജിവിതത്തെ താങ്ങിനിര്‍ത്തുന്നത്. അവികസിതമായിരുന്ന നമ്മുടെ പല പ്രദേശങ്ങളും വികസനോന്മുഖമായിത്തീര്‍ന്നതിന്റെ പിന്നിലും ഇവരുടെ പ്രയത്‌ന ഫലം തന്നെ. തൊഴിലില്ലായ്മക്ക് ഒരു പരിധിവരെ പരിഹാരം, ദാരിദ്ര്യനിര്‍മാര്‍ജനം, വിദ്യാഭ്യാസ പുരോഗതി, ഇവയെല്ലാം ഗള്‍ഫ് കുടിയേറ്റത്തിന്റെ ഗുണഫലങ്ങളാണ്.
അതേ സമയം വ്യക്ത്യധിഷ്ഠിതമായി ഗള്‍ഫ് പണം പൊതുവെ ഉത്പാദനക്ഷമമായ ആവശ്യങ്ങള്‍ക്കായിട്ടല്ല വിനിയോഗിച്ചത്. വലിയ വീടുകള്‍ വെക്കാനും വാഹനങ്ങള്‍ വാങ്ങാനും ആഡംബര വിവാഹം നടത്താനുമൊക്കെയാണ് ഗള്‍ഫ് പണം പ്രധാനമായും ഉപയോഗിക്കുന്നത്. പ്രത്യുത്പാദനപരമായ വഴികളില്‍ പണം ചെലവിടാതിരുന്നതു മൂലം ഗള്‍ഫിലെ ജോലി തീര്‍ന്നതോടു കൂടി കാര്യമായ ഒരു വരുമാന സ്രോതസ്സുമില്ലാത്ത അവസ്ഥയിലാണ് പലരും. മുമ്പൊക്കെ ഗള്‍ഫില്‍ നിന്നൊരാള്‍ നാട്ടിലെത്തിയാല്‍ അവര്‍ക്ക് “രാജോചിത” വരവേല്‍പ്പാണ് ലഭിച്ചിരുന്നത്. ബന്ധുമിത്രാദികളും നാട്ടുകാരും പിരിവുകാരും അവര്‍ക്കായി കാത്തിരിക്കും. പുതു വസ്ത്രത്തിന്റെ നറുമണവും അത്തറിന്റെ പരിമളവും ആസ്വദിച്ച് അവര്‍ തിരിച്ചുപോകുവോളം ഉറ്റവരും ഉടയവരും കൂടെ അനുഗമിക്കും. ഇന്നോ, സ്ഥിതിയാകെ മാറി. പ്രവാസിയുടെ മടക്കം ഒരു ബാധ്യതയായാണ് കേരളീയ സമൂഹം കാണുന്നത്. “സുഖത്തിലുണ്ടാം സഖിമാരനേകം; ദുഃഖം വരുമ്പോള്‍ പുനരാരുമില്ല.” എത്ര അര്‍ഥവത്താണ് ഈ വാക്യം!
നാം സാമ്പത്തിക മുരടിപ്പ് നേരിട്ടപ്പോള്‍ വിദേശ നാണ്യം നേടിത്തന്ന് സമ്പദ്ഘടന മെച്ചപ്പെടുത്തിയതും നമ്മുടെ സംസ്ഥാനം നേടിയെടുത്ത വാര്‍ത്താ വിനിമയ, ഗതാഗത രംഗത്തെ അഭൂതപൂര്‍വമായ മുന്നേറ്റത്തിന് നിദാനമായി വര്‍ത്തിച്ചതും ഗള്‍ഫ് മലയാളികളാണെന്ന കാര്യം വിസ്മരിക്കരുത്. മാതൃരാജ്യത്തിന് വന്‍തോതില്‍ വിദേശ നാണ്യം നേടിത്തരുന്ന വിദേശ ഇന്ത്യക്കാര്‍ എക്കാലവും അവഗണന മാത്രമേ നേരിട്ടിട്ടുള്ളൂ. പല രാജ്യങ്ങളും വിദേശത്ത് മരിക്കുന്ന തങ്ങളുടെ പൗരന്റെ മൃതദേഹം സൗജന്യമായി സ്വദേശത്തെത്തിക്കുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ മൃതശരീരങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുപോലും ഇവിടെ ചാര്‍ജ് ഈടാക്കുന്നു. പ്രവാസിയുടെ ചേതനയറ്റ ശരീരത്തിനുപോലും വില നിശ്ചയിക്കുന്നവരില്‍ നിന്ന് ഗള്‍ഫില്‍ നിന്ന് തിരിച്ചയക്കപ്പെടുന്നവര്‍ക്ക്് എങ്ങനെയാണ് നീതി പ്രതീക്ഷിക്കാനാകുക?
പ്രവാസികാര്യ വകുപ്പും നോര്‍ക്കയും ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട സമയമാണിത്. ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തുന്നവരുടെ പുനരധിവാസത്തിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കണം. അതിനായി നമ്മുടെ കാര്‍ഷിക, വ്യാവസായിക മേഖല നവീകരിക്കുകയും കൂടുതല്‍ തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കുകയും വേണം. കൂടാതെ സ്വയം തൊഴില്‍ കണ്ടെത്താന്‍ ഇവര്‍ക്ക് പ്രത്യേക ലോണുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരികയും വേണം.
രോഗം വന്ന് ചികിത്സിച്ച് ഭേദമാക്കുന്നതിനേക്കാള്‍ പ്രധാനം രോഗം വരാതെ സൂക്ഷിക്കലാണ്. രോഗപ്രതിരോധ ശേഷി ആര്‍ജിച്ചെടുക്കുകയാണ് അതിനുള്ള പ്രതിവിധി. ഗള്‍ഫ് മലയാളികള്‍ അകപ്പെട്ട പ്രതിസന്ധിയെ ഈ വീക്ഷണ കോണിലൂടെ വേണം നോക്കിക്കാണാന്‍. സോളാറില്‍ പ്രക്ഷുബ്ധമായ കേരളീയ സമൂഹത്തിന് പക്ഷേ ഇതിനൊക്കെ എവിടെ സമയം?
സഊദി ഭരണകൂടം അനുവദിച്ച ഇളവുകാലം നവംബര്‍ മൂന്നിന് അവസാനിക്കുന്നതോടെ നിതാഖാത് നിയമം വീണ്ടും കര്‍ശനമാക്കും. അപ്പോള്‍ ഗള്‍ഫ് മലയാളിക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കാന്‍ അവര്‍ മത്സരിക്കും. ചാനലുകാര്‍, രാഷ്ട്രീയക്കാര്‍, ഭരണക്കാര്‍….. ഇപ്പോള്‍ മലയാളിയുടെ അജന്‍ഡ നിശ്ചയിക്കുന്നത് അവരാണല്ലോ!
സഊദിയില്‍ അവശേഷിക്കുന്ന ഇന്ത്യക്കാരുടെ തൊഴില്‍,താമസ രേഖകള്‍ നവംബര്‍ മൂന്നിനകം നിയമ വിധേയമാക്കാന്‍ അവര്‍ക്കൊപ്പം പ്രവാസികാര്യ വകുപ്പും വിദേശകാര്യ മന്ത്രാലയവും സഊദിയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളും എണ്ണയിട്ട യന്ത്രം പോലെ ചലിക്കേണ്ടതുണ്ട്.

വലിയ വീടുകള്‍ വെക്കാനും വാഹനങ്ങള്‍ വാങ്ങാനും ആഡംബര വിവാഹം നടത്താനുമൊക്കെയാണ് ഗള്‍ഫ് പണം പ്രധാനമായും ഉപയോഗിക്കുന്നത്. പ്രത്യുത്പാദനപരമായ വഴികളില്‍ പണം ചെലവിടാതിരുന്നതു മൂലം ഗള്‍ഫിലെ ജോലി തീര്‍ന്നതോടു കൂടി കാര്യമായ ഒരു വരുമാന സ്രോതസ്സുമില്ലാത്ത അവസ്ഥയിലാണ് പലരും. മുമ്പൊക്കെ ഗള്‍ഫില്‍ നിന്നൊരാള്‍ നാട്ടിലെത്തിയാല്‍ അവര്‍ക്ക് “രാജോചിത” വരവേല്‍പ്പാണ് ലഭിച്ചിരുന്നത്. ഇന്നോ, സ്ഥിതിയാകെ മാറി. പ്രവാസിയുടെ മടക്കം ഒരു “ബാധ്യത”യായാണ് കേരളീയ സമൂഹം കാണുന്നത്. സുഖത്തിലുണ്ടാം സഖിമാരനേകം; ദുഃഖം വരുമ്പോള്‍ പുനരാരുമില്ല.
എത്ര അര്‍ഥവത്താണ്
ഈ വാക്യം!

Latest