Connect with us

Palakkad

തൃശൂര്‍- പാലക്കാട് റൂട്ടിലെ സ്വകാര്യ ബസ് സമരം; പ്രതിഷേധം ശക്തം

Published

|

Last Updated

വടക്കഞ്ചേരി: തൃശൂര്‍- പാലക്കാട് റൂട്ടിലെ സ്വകാര്യ ബസ് സമരം തുടരുന്നു. ദേശീയപാതയുടെ തകര്‍ച്ച പരിഹരിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍- പാലക്കാട് റൂട്ടിലെ സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക് പ്രവേശിച്ചിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമായി. 15നകം വാളയാര്‍ മുതല്‍ മണ്ണുത്തി വരെയുള്ള ദേശീയപാതയുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുമെന്ന് കഴിഞ്ഞ 31ന് തൃശൂര്‍ ജില്ലാ കല്കടര്‍ വിളിച്ച് ചേര്‍ത്ത ദേശീയ അതോറിറ്റി അധികൃതരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ നാല് ദിവസം പിന്നിട്ടും യാതൊരു പ്രവൃത്തിയും നടന്നിട്ടില്ല. ഈ മാസം ഒന്നു മുതല്‍ പണി തുടങ്ങി എട്ടിന് പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് വീണ്ടും യോഗം ചേരാനും അന്നത്തെ യോഗത്തില്‍ തീരുമാനിച്ചിരുന്നു.
തൃശൂര്‍- പാലക്കാട്, ഗോവിന്ദാപുരം, മീനാക്ഷിപുരം, കൊഴിഞ്ഞമ്പാറ, മംഗലം ഡാം, പീച്ചി, പഴയന്നൂര്‍, എളനാട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.
സ്വകാര്യബസുകള്‍ പണിമുടക്കുന്നത് മൂലം നൂറ് കണക്കിന് യാത്രക്കാരാണ് ദിനംപ്രതി പെരുവഴിയിലാകുന്നത്. ദേശീയപാതയുടെ പണി നേരായ രീതിയില്‍ തുടങ്ങിയാല്‍ പണിമുടക്കില്‍ നിന്ന് പിന്‍മാറുമെന്ന് ബസ്സുടമകള്‍ അറിയിച്ചിട്ടുണ്ട്

 

Latest