Connect with us

Wayanad

എല്‍ ഡി എഫ് ഹര്‍ത്താല്‍ വയനാട്ടില്‍ പൂര്‍ണം

Published

|

Last Updated

കല്‍പറ്റ: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യ പ്പെട്ടും തലസ്ഥാനത്ത് എം എല്‍ എമാര്‍ക്ക് നേരെ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചും എല്‍ ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വയനാട്ടില്‍ പൂര്‍ണമായി.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. ഹര്‍ത്താനുകൂലികള്‍ ജില്ലയില്‍ വ്യാപകമായി വാഹനങ്ങള്‍ തടഞ്ഞു. തോട്ടം മേഖല സാധാരണ പോലെ പ്രവര്‍ത്തിച്ചു. കനത്ത മഴയായതിനാല്‍ പലരും വീടുകളില്‍ നിന്ന് പുറത്തിറങ്ങാതിരുന്നതിനാല്‍ പലയിടത്തും റോഡുകള്‍ വിജനമായിരുന്നു. ഏതാനും കെ എസ് ആര്‍ ടി സി ബസുകള്‍ പോലീസ് സംരക്ഷണത്തോടെ സര്‍വീസ് നടത്തി.
അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കല്‍പ്പറ്റയില്‍ മത്സ്യ, മാംസ മാര്‍ക്കറ്റും ചില പച്ചക്കറി കടകളും തട്ടുകടകളും തുറന്നുപ്രവര്‍ത്തിച്ചു. മത്സ്യ-മാസം മാര്‍ക്കറ്റില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. ഇരുചക്രവാഹനങ്ങള്‍ ഒഴികെയുള്ളവ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞിട്ടത് പ്രതിഷേധത്തിനിടയാക്കി. മേപ്പാടി താഴെ അരപ്പറ്റയില്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ ഏതാനും സമയം തടഞ്ഞുവച്ച ശേഷമാണ് വിട്ടയച്ചത്.
സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി മൈസൂരിലേക്ക് സര്‍വീസ് നടത്തി. ഇന്നലെ രാവിലെ 8.05നുള്ള സര്‍വീസാണ് നടത്തിയത്. മാനന്തവാടി, കല്‍പ്പറ്റ ഡിപ്പോകളില്‍ നിന്ന് ഹര്‍ത്താന്‍ സമയത്ത് ബസുകളൊന്നും സര്‍വീസ് നടത്തിയില്ല. അതേസമയം, കോഴിക്കോടുനിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്കും മാനന്തവാടിയിലേക്കും ഓരോ ബസുകള്‍ സര്‍വീസ് നടത്തി. വൈകുന്നേരം നാലരയോടെയാണ് മാനന്തവാടി ഡിപ്പോയുടെ സൂപ്പര്‍ എക്‌സ്പ്രസ് ബസ് മാനന്തവാടിയിലെത്തിയത്.
കോഴിക്കോടുനിന്നുള്ള ബസ് വൈകുന്നേരം നാലോടെയാണ് പോലീസ് സംരക്ഷണത്തില്‍ സുല്‍ത്താന്‍ ബത്തേരിയിലെത്തിയത്.
മാനന്തവാടി താലൂക്ക് ഓഫീസും ഡിഎഫ്ഒ ഓഫീസും ഹര്‍ത്താല്‍ അനുകൂലികള്‍ പൂട്ടിച്ചു. പലയിടത്തും ഇരുചക്രവാഹനങ്ങള്‍ പോലും അരമണിക്കൂറോളം തടഞ്ഞുവച്ച ശേഷമാണ് വിട്ടയച്ചത്. മാനന്തവാടി വള്ളൂയൂര്‍ക്കാവ് ജംഗ്ഷനില്‍ തൊഴിലിലേര്‍പ്പെട്ട അന്യസംസ്ഥാന തൊഴിലാളികളെ സമരക്കാര്‍ വിലക്കി.
പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യവാഹനങ്ങള്‍ ഓടിയില്ല. ഏതാനും ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് ഓടിയത്. സുല്‍ത്താന്‍ ബത്തേരിയിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
മാനന്തവാടി ടൗണില്‍ എല്‍ഡി എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. സമരത്തിന് എ.എം. വര്‍ക്കി, മനോജ് പട്ടേട്ട്, റെയ്ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
അതെ സമയം ഹര്‍ത്താല്‍ സമയം കഴിഞ്ഞിട്ടും കോഴിക്കോട്ട് ഭാഗത്ത് നിന്നും ബസ്സുകള്‍ എത്താത്തത് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കി. റമസാന്റെ തുടക്കത്തില്‍ തന്നെ നടന്ന ഹര്‍ത്താല്‍ പ്രഖ്യാപനം ഏറെ പ്രയാസത്തിലാക്കി.

Latest