Kannur
വിരുന്നെത്തിയ സഞ്ചാരി കൊക്കുകള്‍ക്ക് കേരളത്തില്‍ സുഖവാസം

കണ്ണൂര്‍:കാതങ്ങള്‍ താണ്ടി കാടും മലയും കടന്ന് വിരുന്നുണ്ണാന്‍ കേരളത്തിലെത്തിയ പക്ഷികള്‍ കാലാവസ്ഥയുടെ മാറ്റംമൂലം ഇവിടെ സ്ഥിരവാസമുറപ്പിക്കുന്നു. കോള്‍ നിലങ്ങളും വയലുകളുമെല്ലാമുള്‍പ്പെട്ട സംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങളില്‍ യഥേഷ്ടം ഭക്ഷ്യലഭ്യതയുള്ളതാണ് ദേശാടകരായ എട്ടോളം തരം കൊക്കുകള്‍ക്ക് കേരളം സ്ഥിരവാസ കേന്ദ്രമായത്. നേപ്പാള്‍, ബംഗ്ലാദേശ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളിലും മാത്രം കൂട് വെച്ച് മുട്ടയിടുന്ന വൈറ്റ് ഐബിസിനെപ്പോലുള്ള കൊക്കുകളാണ് അടുത്ത കാലത്തായി കേരളത്തിലും സ്ഥിരതാവളമാക്കിത്തുടങ്ങിയത്. നേരത്തെ ഇവിടെ കൂട് കെട്ടാതിരുന്ന കാലിമുണ്ടി, ചാരമുണ്ടി, ചായമുണ്ടി, ചേരാ കൊക്കന്‍ തുടങ്ങിയവയാണ് അടുത്ത ഏതാനും വര്‍ഷങ്ങളായി മലബാറുള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ സ്ഥിരവാസമുറപ്പിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളിലായാണ് ദേശാടകരായി മാത്രമെത്താറുള്ള ഇത്തരം പക്ഷികള്‍ സംസ്ഥാനത്ത് സ്ഥിരതാവളമുറപ്പിക്കുന്നതായി കാണുന്നതെന്നാണ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.
ഇന്ത്യയില്‍ രംഗന്‍തിട്ട, ഭരത്പൂര്‍ പക്ഷിസങ്കേതങ്ങളിലും ശ്രീലങ്ക, ബര്‍മ, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളിലും മാത്രം നേരത്തെ കണ്ടെത്തിയിരുന്ന ഏഷ്യന്‍ ഓപ്പണ്‍ ബില്‍സ്‌ടോര്‍ക്ക് കൊക്കുകള്‍ (ചേരാകൊക്കന്‍) ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ നീര്‍ത്തടങ്ങളില്‍ പതിവുകാഴ്ചയാണ്. ലോകത്തില്‍ ആകെയുള്ളതില്‍ 12.75 ശതമാനം, അടുത്ത ഏതാനും വര്‍ഷങ്ങളായി ഉത്തര കേരളത്തിലാണുള്ളതെന്ന അത്ഭുതകരമായ വസ്തുതയും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ കൊറ്റില്ലങ്ങളില്‍ നേരത്തെ നടത്തിയ സര്‍വേയില്‍ എട്ട് പ്രധാന കേന്ദ്രങ്ങളിലായി 255 കൂടുകളെങ്കിലും ചേരക്കോഴി എന്ന പേരില്‍ കൂടി അറിയപ്പെടുന്ന ചേരാകൊക്കന്റെതായി കണ്ടെത്തിയിട്ടുണ്ട്. 1987ലെ ജലപക്ഷി കണക്കെടുപ്പില്‍ ചേരാകൊക്കന്‍ വംശനാശത്തിന്റെ പാതയിലാണെന്നും കണ്ടെത്തിയിരുന്നു. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ മാത്രം കൂടുകള്‍ കണ്ടുവന്നിരുന്ന, കേരളത്തിലെ സ്ഥിരം കാഴ്ചയായ കാലിമുണ്ടി ഇനത്തില്‍പ്പെട്ട വെള്ളക്കൊക്കുകളുടെ കൂടും അടുത്തിടെയായി ഇവിടെ വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്. ഞാറവര്‍ഗത്തില്‍പ്പെട്ട നീലനിറമുള്ള ചാരമുണ്ടിയെന്ന പ്രാദേശിക ദേശാടകന്റെ കൂടും കണ്ണൂര്‍, വയനാട് ജില്ലകളിലായി നിരവധിയെണ്ണം ഏതാനും വര്‍ഷങ്ങളായി കാണപ്പെടുന്നുണ്ട്. മിതശീതോഷ്ണ മേഖലകളില്‍ പ്രത്യേകിച്ച് യൂറോപ്പ്, ഏഷ്യ, ആഫ്രിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ഇവയുടെ ആവാസ കേന്ദ്രങ്ങള്‍ നേരത്തെ കണ്ടെത്തിയിട്ടുള്ളത്. കേരളത്തില്‍ മഞ്ഞ് കാലത്തെത്തി പിന്നീട് തിരികെപ്പോകാറുള്ള ഇവയും ഇപ്പോള്‍ കേരളത്തിലെ സ്ഥിരവാസക്കാരായി.
മെലിഞ്ഞ് നീണ്ടുവളഞ്ഞ കഴുത്തുള്ള ചാരനിറമുള്ള ചായമുണ്ടിയുടെ കൂടുകളും പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് മേഖലകളില്‍ കണ്ടെത്തിയതായി നിരീക്ഷകനായ ഡോ. ഖലീല്‍ ചൊവ്വ പറഞ്ഞു. ഏതാണ്ട് ആറ് വര്‍ഷം മുമ്പ് വരെ ചായമുണ്ടിയുടെ കൂട് കേരളത്തിലൊരിടത്തും കണ്ടിരുന്നില്ല. ചായമുണ്ടി, പെരുമുണ്ടി, അരിവാള്‍കൊക്ക്, കാലിക്കൊക്ക് എന്നീയിനങ്ങളുടെ ഏക പ്രജനന കേന്ദ്രം വയനാട്ടിലെ പനമരത്ത് കഴിഞ്ഞ വര്‍ഷമാണ് കണ്ടെത്തിയത്.