Connect with us

International

ഗാസയില്‍ ഇസ്‌റാഈല്‍ ആക്രമണം

Published

|

Last Updated

ഗാസ സിറ്റി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗാസയില്‍ വീണ്ടും ഇസ്‌റാഈല്‍ ആക്രമണം. ഫലസ്തീന്‍ പോരാളികളുടെ സൈനിക കേന്ദ്രം ലക്ഷ്യമായി നടന്ന ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളപായം ഉണ്ടായിട്ടില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തെക്കന്‍ ഇസ്‌റാഈലിലെ സൈനിക മേഖലയിലേക്ക് ഗാസയില്‍ നിന്ന് മിസൈല്‍ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു ഇസ്‌റാഈല്‍ ആക്രമണം.
ഞായറാഴ്ച അര്‍ധരാത്രിയാണ് തെക്കന്‍ ഇസ്‌റാഈലിലേക്ക് മിസൈല്‍ ആക്രമണം നടന്നതെന്നും ഇതിനു ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്‌റാഈല്‍ തിരിച്ച് ആക്രമണം നടത്തിയതായും ഇസ്‌റാഈല്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ ഫലസ്തീന്‍ പോരാളികളുടെ ആയുധപ്പുരകള്‍ തകര്‍ന്നിട്ടുണ്ടെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈലിലേക്ക് നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ഹമാസ് പോരാളികളാണെന്ന് ഇസ്‌റാഈല്‍ സൈനിക വൃത്തങ്ങള്‍ ആരോപിച്ചു. ഇസ്‌റാഈലിന്റെ ആരോപണം ഹമാസ് വക്താക്കള്‍ നിരസിച്ചിട്ടുണ്ട്. ഗാസയില്‍ നിന്നെത്തിയ മൂന്ന് മിസൈലുകള്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ അയണ്‍ ഡോം എന്ന പേരില്‍ അറിയപ്പെടുന്ന മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനുള്ള പ്രതികാരമായിരുന്നു ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണമെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രാലയ വക്താക്കള്‍ പ്രതികരിച്ചു.
ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തെ ഹമാസ് പ്രധാനമന്ത്രി ഇസ്മാഈല്‍ ഹനിയേഹ് ശക്തമായ ഭാഷയില്‍ അപലപിച്ചു. ഫലസ്തീന്‍ സൈന്യത്തിന്റെ ഭാഗത്തു നിന്ന് യാതൊരു വിധത്തിലുള്ള ആക്രമണമോ പ്രകോപനമോ ഉണ്ടായിട്ടില്ലെന്നും ഇസ്‌റാഈലിന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്‌റാഈല്‍ ആക്രമണത്തെ തുടര്‍ന്ന് വെസ്റ്റ് ബാങ്കിലും ഗാസാ മുനമ്പിലും ഫലസ്തീന്‍ ജനത ഭീതിയിലാണ്.

Latest