Connect with us

Kerala

ജനറല്‍ ആശുപത്രികളില്‍ പനിക്കായി പ്രത്യേക വാര്‍ഡുകള്‍

Published

|

Last Updated

തിരുവനന്തപുരം: പനിബാധിതര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി എല്ലാ ജനറല്‍, താലൂക്ക്, ജില്ലാ ആശുപത്രികളിലെയും ലാബുകളില്‍ രണ്ട് വീതം പ്ലേറ്റ്‌ലെറ്റ് അജിറ്റേറ്റര്‍ കം ഇന്‍ക്യുബേറ്റര്‍ സംവിധാനം ഒരുക്കുമെന്ന് മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ ഘട്ടമായി തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളജുകള്‍ക്ക് കീഴിലെ ജനറല്‍, ജില്ലാ, താലൂക്ക് ആശുപത്രികളില്‍ സംവിധാനം ഏര്‍പ്പെടുത്തും.
പകര്‍ച്ചപ്പനിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി മാനേജിംഗ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.

ഫോണ്‍: 0471-2518393, 232754. പകര്‍ച്ചപ്പനി സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും രണ്ട് വീതം നോഡല്‍ ഓഫീസര്‍മാരെ നിയമിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ അശ്വിനി കുമാറിനും ഡോ. മനോജ് സി. പിള്ളക്കുമാണ് നോഡല്‍ ഓഫീസര്‍മാരുടെ ചുമതല.

മെഡിക്കല്‍ കോളജുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി സമീപ താലൂക്കാശുപത്രികളിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പനി ബാധിതര്‍ക്കായി രണ്ട് ഡെഡിക്കേറ്റഡ് വാര്‍ഡുകള്‍ ഉടന്‍ ആരംഭിക്കും.
പത്ത് ഡോക്ടര്‍മാര്‍, മുപ്പത് സ്റ്റാഫ് നഴ്‌സ്, മുപ്പത് നഴ്‌സിംഗ് അസിസ്റ്റന്റ്, നാല് ബ്ലഡ് ബോങ്ക് ടെക്‌നീഷ്യന്‍ ട്രെയിനി, രണ്ട് ലാബ് ടെക്‌നീഷ്യന്‍മാര്‍, പത്ത് സെക്യൂരിക്കാര്‍, ഇരുപത് ക്ലീനിംഗ് ജീവനക്കാര്‍ എന്നിവരെ വീതം ഈ വാര്‍ഡുകളിലേക്കായി ഉടന്‍ നിയമിക്കും.

ഡ്രിപ് സ്റ്റാന്‍ഡ്, ബി പി അപ്പാരറ്റസ്, ഓക്‌സിജന്‍ സ്റ്റാന്‍ഡ്, സിലിന്‍ഡര്‍ മുതലായ ഉപകരണങ്ങള്‍ ഈ വാര്‍ഡുകളിലേക്ക് ലഭ്യമാക്കും.  എല്ലാ മെഡിക്കല്‍ കോളജുകളിലും സംവിധാനങ്ങള്‍ വളരെ പെട്ടെന്ന് ഏര്‍പ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.  സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചതായി മന്ത്രി അറിയിച്ചു.