Connect with us

National

ദത്തിനെ തത്കാലം ജയില്‍ മാറ്റില്ല

Published

|

Last Updated

മുംബൈ: മുംബൈ സ്‌ഫോടന പരമ്പര കേസില്‍ കീഴടങ്ങിയ ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനെ അതീവ സുരക്ഷയുള്ള ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് മാറ്റണമോ അതല്ല അവിടെ തന്നെ പാര്‍പ്പിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കുറഞ്ഞത് 15 ദിവസം വേണ്ടിവരുമെന്ന് മഹാരാഷ്ട്ര പോലീസ്. ആര്‍തര്‍ റോഡ് ജയിലിലെ മുട്ടയുടെ ആകൃതിയിലുള്ള സെല്ലിലാണ് ദത്തിനെ പാര്‍പ്പിച്ചത്. മതഗ്രന്ഥങ്ങളും മറ്റും വായിച്ച് വിശ്രമമില്ലാ രാത്രികളായിരുന്നു ദത്തിന്റെതെന്ന് ജയില്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഈയടുത്തൊന്നും ദത്തിനെ ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് മാറ്റില്ലെന്ന് എ ഡി ജി പി (ജയില്‍) മീരാ ബോര്‍വാങ്കര്‍ പറഞ്ഞു. സംസ്ഥാനത്തെ മറ്റ് ജയിലുകളായ തലോജ (നവി മുംബൈ), യെര്‍വാദ (പൂനെ), താനെ, നാഗ്പൂര്‍, നാസിക് തുടങ്ങിയവയിലെ തടവുകാരുടെ എണ്ണം, സുരക്ഷാ പ്രശ്‌നങ്ങള്‍, അധോലോകവുമായി ബന്ധപ്പെട്ട കേസുകളില്‍ പിടിയിലായവര്‍ എന്നിവ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിനാലാണ് സമയമെടുക്കുക. ദത്തിനെ മാറ്റുന്ന കാര്യത്തില്‍ സുരക്ഷാ പ്രശ്‌നങ്ങളടക്കം നിരവധി വശങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു.
കേസില്‍ ഇനി 42 മാസം കൂടിയാണ് ദത്തിന് ശിക്ഷ അനുഭവിക്കേണ്ടത്. മാര്‍ച്ചിലാണ് ദത്തിന്റെ ശിക്ഷ സുപ്രീം കോടതി ശരിവെച്ചത്. നേരത്തെ പതിനെട്ട് മാസം ജയിലില്‍ കഴിഞ്ഞിരുന്നു.