Kerala
ഹയര്‍ സെക്കന്‍ഡറി ഫലം ഇന്ന്

തിരുവനന്തപുരം:2012-13ലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12.30ന് പി ആര്‍ ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബാണ് ഫലപ്രഖ്യാപനം നടത്തുക. എസ് എസ് എല്‍ സി ഫലപ്രഖ്യാപനം പോലെ റെക്കോര്‍ഡ് വേഗത്തിലാണ് ഇക്കുറി പ്ലസ് ടു ഫലപ്രഖ്യാപനവും.
കഴിഞ്ഞ വര്‍ഷം മെയ് 15 നാണ് പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്. 3.98 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷയെഴുതിയത്. ഏപ്രില്‍ ഒന്ന് മുതലാണ് 66 കേന്ദ്രങ്ങളിലായി മൂല്യ നിര്‍ണയം ആരംഭിച്ചത്. ഇവയില്‍ 15 എണ്ണം ഇരട്ട മൂല്യനിര്‍ണയ ക്യാമ്പുകളായിരുന്നു. 13 ജില്ലകളിലും ഓരോ ക്യാമ്പും ഇടുക്കിയില്‍ രണ്ടും ക്യാമ്പുകളാണ് ഇരട്ട മൂല്യനിര്‍ണയത്തിനായി ഏര്‍പ്പെടുത്തിയിരുന്നത്. എന്‍ജിനീയറിംഗ് പ്രവേശത്തിന് പരിഗണിക്കുന്ന ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവയുടെ ഉത്തരപേപ്പറുകളാണ് ഇരട്ട മൂല്യനിര്‍ണയത്തിന് വിധേയമാക്കിയത്. ഈ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉത്തരക്കടലാസ് പുന:പരിശോധന ഉണ്ടായിരിക്കില്ല. 26,000 വിദ്യാര്‍ഥികള്‍ എഴുതിയ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയുടെ പരീക്ഷാഫലവും ഇന്നു തന്നെ പ്രഖ്യാപിക്കും. പരീക്ഷാഫലം ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ www.dhsekerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും. പരീക്ഷാഫലം മൊബൈല്‍ ഫോണിലും ലഭ്യമാകും. ഹയര്‍ സെക്കന്‍ഡറി ഫലമറിയുന്നതിന് എച്ച് എസ് ഇ <സ്‌പേസ്> രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നും വി എച്ച് എസ് ഇ പരീക്ഷാ ഫലമറിയുന്നതിന് വി എച്ച് എസ് ഇ <സ്‌പേസ്> രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നും ടൈപ്പ് ചെയ്ത് 537252 എന്ന നമ്പറിലേക്ക് എസ് എം എസ് സന്ദേശമയക്കണം.
സംസ്ഥാനത്ത് മൊബൈല്‍ അധിഷ്ഠിത ഗവേര്‍ണന്‍സ് സംവിധാനം വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന ഐ ടി മിഷന്‍ എസ് എം എസ് സംവിധാനം ഏര്‍പ്പെടുത്തിയത്. ഫലം പ്രഖ്യാപിക്കുമ്പോള്‍ തന്നെ സംസ്ഥാനത്തെ എല്ലാ മൊബൈല്‍ സേവന ദാതാക്കളില്‍ നിന്നും മൊബൈലില്‍ പരീക്ഷാ ഫലം ലഭിക്കും. www.sirajlive.com ലും ഫലം ലഭ്യമാകും.