Connect with us

Gulf

കാലാവധി തീരും മുമ്പ് പാസ്‌പോര്‍ട്ട് പുതുക്കല്‍: ജനം വലയുന്നു

Published

|

Last Updated

അബുദാബി:ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കാലാവധി തീരും മുമ്പേ പുതുക്കാന്‍ സംവിധാനമില്ലാത്തത് തലവേദനയാകുന്നു. യു എ ഇ, സഊദി വിസകള്‍ക്ക് അപേക്ഷിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ ഇലക്ട്രോണിക് പ്രിന്റിംഗ് സംവിധാനത്തിലൂടെ ആവണമെന്ന് ഇപ്പോള്‍ നിര്‍ബന്ധമുള്ളതിനാല്‍ പാസ്‌പോര്‍ട്ടിലെ കാലാവധിയുള്ള പലരും ഇത് പുതുക്കാന്‍ എംബസിയെ സമീപിക്കാറുണ്ട്. എന്നാല്‍ വേഗത്തില്‍ പുതുക്കി ലഭിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ പലരും ബുദ്ധിമുട്ടിലാകുകയാണ്.

കണ്ണൂര്‍ പുറത്തീല്‍ സ്വദേശി ഫഖറുദ്ദീന്‍ ഉമറുല്‍ ഫാറൂഖ് മാര്‍ച്ച് 17ന് വിസ പുതുക്കാന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പുതിയ പാസ്‌പോര്‍ട്ട് ലഭിച്ചത്. മുമ്പ് മറ്റൊരാളുടെ പാസ്‌പോര്‍ട്ട് മാറി ലഭിച്ചിരുന്നു. നിലവില്‍ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുണ്ടെന്നും ഇതിലെ വിവരങ്ങള്‍ മാറ്റി പുതിയ ഇലക്ട്രോണിക് പാസ്‌പോര്‍ട്ടിലേക്ക് മാറ്റുക എളുപ്പമല്ലെന്നും ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, വിസ സേവന കമ്പനിയായ ബി എല്‍ എസ് അധികൃതര്‍ അറിയിക്കുകയായിരുന്നു. അതിനാല്‍ പാസ്‌പോര്‍ട്ട് കേടുപാട് പറ്റിയെന്ന നിലയില്‍ അപേക്ഷിക്കാന്‍ പറഞ്ഞു. വിവിധ തരം സര്‍വീസ് ചാര്‍ജടക്കം 620 ദിര്‍ഹം ഫീസായി ഈടാക്കി. വേഗത്തില്‍ ലഭിക്കാന്‍ 570 ദിര്‍ഹം അധികം നല്‍കണമെന്നും പറഞ്ഞു. തത്കാല്‍ സംവിധാനത്തില്‍ വേഗത്തില്‍ ലഭിക്കാന്‍ ആ തുകയും നല്‍കി.
പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വൈകിയത് പരാതിപ്പെടാന്‍ ഇന്ത്യന്‍ എംബസിയില്‍ ചെന്നപ്പോള്‍ ഒരു സഹായവും ലഭിച്ചില്ലെന്ന് ഫാറൂഖ് കുറ്റപ്പെടുത്തി. ഇത്തരത്തില്‍ ബി എല്‍ എസിനെ കുറിച്ചും ഉദ്യോഗസ്ഥരുടെ നിരുത്തരവാദത്തെക്കുറിച്ചും പലരും പരാതിപ്പെടുന്നതിനിടയിലാണ് പുതിയ സംഭവം.

---- facebook comment plugin here -----

Latest