Connect with us

Articles

തണ്ണീര് വറ്റുമ്പോള്‍

Published

|

Last Updated

സഊദി ഭരണകൂടം പ്രഖ്യാപിച്ച “നിതാഖാത്ത്” നിയമം മൂലം പ്രവാസി മലയാളികള്‍ കൂട്ടത്തോടെയാണ് മടങ്ങിക്കൊണ്ടിരിക്കുന്നത്. നോര്‍ക്കയുടെ റജിസ്റ്റര്‍ പുസ്തകത്തില്‍ പേരെഴുതി ഒപ്പ് വെച്ചവരുടെയും അല്ലാത്തവരുടെയും കണക്കുകളാണ് ദിവസവും പുറത്തുവരുന്നത്. പ്രവാസികളുടെ ക്ഷേമം നോക്കുന്ന നമ്മുടെ മന്ത്രിമാര്‍ സഊൗദിയിലെത്തി ചര്‍ച്ച ചെയ്ത ദിവസത്തിലും കരിപ്പൂര്‍ വഴിയും നെടുമ്പാശ്ശേരി വഴിയും നിതാഖാത്തില്‍ തട്ടിമുട്ടി പ്രവാസികള്‍ മടങ്ങിയെത്തിയിട്ടുണ്ട്.
ഇതേ സമയത്ത് തന്നെയാണ് കേരളത്തില്‍ നിന്ന് കൂട്ടത്തോടെ മറ്റൊരു പലായനം നടക്കുന്നത്. കേരളത്തിലുള്ള 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളില്‍ പലരും സ്വന്തം നാട്ടിലേക്ക് തീവണ്ടി കയറിയിരിക്കുന്നു. സഊദിയിലെ പോലെ കേരള സര്‍ക്കാര്‍ എന്തെങ്കിലും നിയമം പ്രഖ്യാപിച്ചതല്ല കാരണം. അങ്ങനെ പലയിടത്തു നിന്നും സംഭവിച്ചു. കടലിനക്കരെ നിതാഖാത്താണ് പ്രശ്‌നമെങ്കില്‍ ഇക്കരെ വെള്ളമാണ് വില്ലന്‍. വേനല്‍ ചുട്ടു കത്തിയപ്പോള്‍ ജലാശയങ്ങത്രയും വരണ്ടു. പലയിടങ്ങളിലും കിണറുകളില്‍ വെള്ളിമില്ല. പൊതു ടാപ്പുകള്‍ കാഴ്ചവസ്തുവായി. വെള്ളമില്ലാതെ നിര്‍മാണ മേഖല സ്തംഭിച്ചു. തൊഴിലാളികള്‍ കൂട്ടത്തോടെ താമസിച്ചിരുന്ന ഇടങ്ങളിലെല്ലാം കുളിക്കാനും പ്രാഥമിക കൃത്യങ്ങള്‍ക്കും എന്തിന് കുടിക്കാന്‍ പോലും വെള്ളമില്ലാത്ത അവസ്ഥ. അങ്ങനെയാണ് കേരളത്തില്‍ നിന്ന് അവരുടെ പലായനം നടക്കുന്നത്.
“””രണ്ട് ദിവസമായി വെള്ളം മുടങ്ങിയതില്‍ ഖേദിക്കുന്നു, രൂക്ഷമായ വെള്ളക്ഷാമം മൂലം ടാപ്പുകളില്‍ വെള്ളമെത്തുന്ന സമയം താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു. രാവിലെ 6-7, ഉച്ചക്ക് 1-2, വൈകുന്നേരം 6-8. ഈ സമയങ്ങളില്‍ മാത്രമേ ടാപ്പുകളില്‍ വെള്ളം ലഭിക്കുകയുള്ളൂ. മറ്റു സമയങ്ങളില്‍ ടാപ്പുകള്‍ തുറന്നിടാതെ ശ്രദ്ധിക്കുക. രോഗികളും കൂടെ നില്‍ക്കുന്നവരും സഹകരിക്കുമല്ലോ.”” പെരിന്തല്‍മണ്ണയിലെ പ്രമുഖ ആശുപത്രിയില്‍ കുറച്ച് ദിവസമായി പ്രത്യക്ഷപ്പെട്ട നോട്ടീസാണിത്. പലയിടങ്ങളിലും കല്യാണവും മറ്റു പരിപാടികളും ബുക്ക് ചെയ്യാനെത്തുന്നവരോട് “വെള്ളം നിങ്ങള്‍ തന്നെ എത്തിക്കണ”മെന്നാണ് കല്യണ മണ്ഡപം നടത്തിപ്പുകാര്‍ അറിയിക്കുന്നത്.
തലസ്ഥാന നഗരിയിലെ കുടിവെള്ളം മുടങ്ങലും പൈപ്പ് പൊട്ടലും വലിയ വാര്‍ത്തയാകാറുണ്ട് നമ്മുടെ മാധ്യമങ്ങളില്‍. പക്ഷേ മറ്റു പ്രദേശങ്ങളില്‍ വെള്ളം ആഴ്ചയോളം മുടങ്ങിയാലും അതത്ര കാര്യമാക്കാറില്ല ആരും. ഉദ്യോഗസ്ഥപ്രഭുക്കളുടെയും ഭരണകര്‍ത്താക്കളുടെയും വാസസ്ഥലം ആയതുകൊണ്ടാകാം തിരുവനന്തപുരത്തിന് മാത്രം ഒരു പ്രത്യേകത. തിരുവനന്തപുരത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പൈപ്പ് ശരിയാക്കുമെങ്കില്‍ ഇവിടെ ദിവസങ്ങള്‍ കഴിഞ്ഞാലും അതങ്ങനെ കിടക്കും. വടക്കന്‍ കേരളത്തിലെ ചെറുതും വലുതുമായ മിക്ക ശുദ്ധജല വിതരണ പദ്ധതികളും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. പ്രവര്‍ത്തിക്കുന്ന പൈപ്പുകള്‍ക്ക് മുന്നിലാകട്ടെ മണിക്കൂറുകളോളം കാത്തുകെട്ടി കിടക്കണം ഒരു കുടം നിറയണമെങ്കില്‍. ജലചൂഷണമാണ് പല പ്രദേശങ്ങളിലും കടുത്ത കുടിവെള്ളക്ഷാമം സൃഷ്ടിക്കുന്നതെന്ന ബോധ്യമുണ്ടായിട്ടും ബന്ധപ്പെട്ടവര്‍ക്ക് അനക്കമൊന്നുമില്ല. കുഴല്‍ക്കിണറുകള്‍ ജലമൂറ്റന്നത് വലിയ രീതിയിലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പുകളുണ്ടായിട്ടും ഇതും നിയന്ത്രിക്കപ്പെടുന്നില്ല. ആര്‍ക്കും എപ്പോഴും എവിടെയും കുഴിക്കാമെന്ന അവസ്ഥയാണ്. റിയല്‍ എസ്റ്റേറ്റിന്റെ മറവില്‍ വലിയ ഭൂമികള്‍ ചെറിയ തുണ്ടുകളായി തിരിച്ച് ഓരോ തുണ്ടിലും ഓരോ കുഴല്‍ കിണറുകള്‍ കുഴിച്ച് അവയില്‍ നിന്നെല്ലാം ജലമൂറ്റിയെടുക്കുകയാണിപ്പോള്‍ ജലം വിറ്റ് കാശാക്കുന്നവര്‍. ഇവരെ നിയന്ത്രിക്കാനോ തടയാനോ സര്‍ക്കാറുകള്‍ തയ്യാറാകുന്നില്ല. 2000 ത്തില്‍ പ്ലാച്ചിമടയില്‍ പ്രവര്‍ത്തനമാരംഭിച്ച ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിദിനം ആറ് ലക്ഷം ലിറ്റര്‍ വെള്ളം വീതം ഊറ്റിയെടുത്തപ്പോള്‍ പ്ലാന്റിന്റെ പ്രദേശങ്ങളില്‍ ജലലഭ്യത കുറയുകയും ജലം മലിനപ്പെടുന്നതായി കണ്ടെത്തുകയും ചെയ്തു. അങ്ങനെയാണ് 2002 ഫെബ്രുവരിയില്‍ മയിലമ്മയുടെ നേതൃത്വത്തില്‍ ഫാക്ടറിക്കു മുന്നില്‍ ഇവ്വിശയത്തിലുള്ള ആദ്യ ജനകീയ സമരം ആരംഭിച്ചത്. കുടിവെള്ളത്തിന് വേണ്ടിയുള്ളതായിരുന്നു ലോകം ശ്രദ്ധിച്ച ഈ സമരം. ഇന്ന് മറ്റിടങ്ങളിലും ഇതു പോലുള്ള സമരങ്ങള്‍ അനിവാര്യമായിരിക്കുന്നു. വേനലില്‍ ആര്‍ത്തു നീരാടിയിരുന്ന പുഴകള്‍ ഇന്ന് വരണ്ടുണങ്ങി കിടക്കുകയാണ്. ആ വരള്‍ച്ചയില്‍ നമുക്ക് കാണാനാകും ചില കാല്‍പ്പാടുകള്‍.
ആരാണ് നമ്മുടെ കുടിവെള്ളം മുട്ടിച്ചതെന്ന് ഈ കാല്‍പ്പാടുകള്‍ നമുക്ക് പറഞ്ഞ് തരും. തെളിനീരു തന്ന് നമ്മുടെ ദാഹമകറ്റിയിരുന്ന ജലാശയങ്ങളെ നമുക്ക് മുന്നിലിട്ട് രാവും പകലും വെട്ടിക്കീറിയപ്പോഴും ആരും ശബ്ദിച്ചില്ല. ചെറുതായുണ്ടായ ശബ്ദങ്ങളെ ആരും പരിഗണിച്ചുമില്ല. മുമ്പ് സമൃദ്ധമായിരുന്ന പുഴകളും അരുവികളുമാണ് നമുക്ക് വെള്ളം തന്നിരുന്നത്. നമ്മുടെ ജലസേചന പദ്ധതികളെ താങ്ങി നിര്‍ത്തിയിരുന്നത്. ഇന്ന് ആ പുഴകളെല്ലാം ദയാവധം കാത്തു കഴിയുകയാണ്. പുഴകള്‍ക്ക് സംഭവിച്ച ഈ ദുരന്തമാണ് ഇന്ന് നമ്മുടെയും ദുരന്തം. കക്ഷിരാഷ്ട്രീയക്കാരോ കോടിക്കണക്കിന് രൂപ റിവര്‍ മാനേജ്‌മെന്റ് ഫണ്ടിലിട്ട് കാവലിരിക്കുന്ന “വൈറ്റ് കോളര്‍” പ്രഭുക്കളോ മണല്‍കടത്തിന് കൂട്ട് നില്‍ക്കുന്ന പോലീസുകാരോ തദ്ദേശ ഭരണക്കാരോ കൈയേറ്റങ്ങളോട് മുഖം തിരിക്കുന്ന റവന്യു വകുപ്പോ എല്ലാം നിസ്സംഗതയോടെ നോക്കി നില്‍ക്കുന്ന സാധാരണ ജനമോ ആരാണ് ഇതിനൊക്കെ ഉത്തരവാദി? സൂക്ഷ്മമായി പരിശോധിച്ചാല്‍ എല്ലാവരും പ്രതികളായിരിക്കും.
ഇന്ത്യയിലെ ഏറ്റവും ജല സമൃദ്ധമായ സംസ്ഥാനമാണ് കേരളം. ജലലഭ്യത കുറഞ്ഞു തുടങ്ങിയെങ്കിലും നമുക്ക് അത്യാവശ്യം വേണ്ട ജലം ഇവിടെ കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, അതുപയോഗിക്കുന്നതിലും ഭാവിയിലേക്ക് കരുതിവെക്കുന്നതിലും നാം ശ്രദ്ധ കൊടുക്കാതെ പോകുകയോ പരാജയപ്പെടുകയോ ആണ്. പദ്ധതി ഇല്ലാത്തതോ പണമില്ലാത്തതോ ഒന്നുമല്ല കാരണങ്ങള്‍. ആവശ്യമുള്ള സമയത്തല്ല പദ്ധതികളൊന്നും തയ്യാറാക്കുന്നത്. മഴയുള്ള സമയത്ത് വെറുതെ ഒഴുകി പോകുന്ന വെള്ളം സംഭരിക്കാന്‍ ശ്രമിക്കാതെ അത് പാഴായി പോകുകയാണ്. ഒഴുകി പോകുന്ന ഈ ജല സമ്പത്ത് ഉപയോഗപ്പെടുത്താനുള്ള പദ്ധതികള്‍ കണ്ടെത്തിയിരുന്നെങ്കില്‍ ജലക്ഷാമത്തിന് ഒരളവോളമെങ്കിലും പരിഹാരമായേനെ.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മഞ്ഞു പൊഴിയുന്ന ശൈത്യകാലം, മാര്‍ച്ച് മുതല്‍ മെയ് വരെ അത്യാവശ്യം ചൂട് നല്‍കി വേനല്‍ക്കാലം, ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ മണ്ണിനും മനസ്സിനും കുളിരേകി കൊണ്ട് സമൃദ്ധിയുടെ മഴക്കാലം, കാലവര്‍ഷത്തിന്റെ ഇടവേള കഴിഞ്ഞ് ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ തുലാവര്‍ഷം, സമതുലിതമായ ഋതുഭേദങ്ങളുടെ സൗന്ദര്യമാല കോര്‍ത്തെടുത്ത പ്രകൃതിയുടെ പരിലാളനയേറ്റ് കഴിഞ്ഞിരുന്ന കേരളത്തിന്റെ കാലാവസ്ഥ. ഇന്ന് ഇത് പഴങ്കഥയായി. കേരളത്തിന്റെതായ കാലാവസ്ഥാ ചക്രം ഇപ്പോള്‍ തിരിയുന്നില്ല, ഇനി തിരിയുകയുമില്ല. മനുഷ്യന്‍ പ്രകൃതിയോട് ചെയ്ത കൊള്ളരുതായ്മകള്‍ക്ക് അനിവാര്യമായ തിരിച്ചടി. കേരളം ഇപ്പോള്‍ ചുട്ടുകത്തുകയാണ്. ശുദ്ധജല പദ്ധതികള്‍ അട്ടിമറിക്കപ്പെടുകയും ലഭ്യമായവകളില്‍ അഴിമതിക്കറകള്‍ പുരണ്ട് ഉണങ്ങുകയും ചെയ്തതോടെ ഫലത്തില്‍ നാട് കൊടും വരള്‍ച്ചയുടെ പിടിയിലായിക്കഴിഞ്ഞു. വേനലിനെ നേരിടാന്‍ ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രി ജില്ലകള്‍ തോറും അവലോകനത്തിനെത്തി, പക്ഷേ വരും നാളുകളില്‍ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ഫലപ്രദമായ ചര്‍ച്ചകളൊന്നും എവിടെയും കണ്ടില്ല.

Latest