Connect with us

Wayanad

സാങ്കേതികത്വത്തിന്റെ പേരില്‍ കുടിവെള്ള വിതരണം വൈകിക്കരുത്: മന്ത്രി അടൂര്‍

Published

|

Last Updated

കല്‍പ്പറ്റ: സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ കുടിവെള്ള വിതരണ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ വൈകിക്കരുതെന്ന് വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന വരള്‍ച്ചാ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ പ്രതേ്യക നിര്‍ദ്ദേശ പ്രകാരമാണ് വയനാട് ജില്ലയില്‍ സന്ദര്‍ ശനത്തിനെത്തിയതെന്ന് അദ്ദേഹം അറിയിച്ചു. രൂക്ഷമായ വരള്‍ച്ച നേരിടുന്ന പ്രദേശങ്ങളില്‍ സാങ്കേതിക തടസ്സങ്ങളില്ലാതെ പരമാവധി വേഗത്തില്‍ കുടിവെള്ളം എത്തിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. ഇതിനായി ടെണ്ടര്‍ നടപടിക്രമങ്ങളില്‍ ആവശ്യമായ ഇളവ് വരുത്തിയിട്ടുണ്ട്. ടെണ്ടറിന് പകരം വാട്ടര്‍ അതോറിറ്റി ഓഫീസുകളില്‍ 24 മണിക്കൂര്‍ മുമ്പ് നോട്ടീസ് പ്രസിദ്ധീകരിക്കുകയും തുടര്‍ന്ന് കാര്യക്ഷമമായി പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി കഴിവ് തെളിയിച്ച കോണ്‍ട്രാക്ടര്‍മാര്‍ക്ക് പദ്ധതികള്‍ ഏറ്റെടുക്കുന്നതിനുള്ള അനുവാദം നല്‍കുകയും ചെയ്യാവുന്നതാണ്. ജില്ലാ കലക്ടര്‍മാര്‍ക്ക് അനുവാദം നല്‍കാവുന്ന പ്രവൃത്തികളുടെ പരിധി അഞ്ച് ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷമാക്കി വര്‍ധിപ്പിച്ചു. വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്കും 20 ലക്ഷം രൂപ വരെയുള്ള പദ്ധതികള്‍ക്ക് അനുമതി നല്‍കാവുന്നതാണ്.
വാട്ടര്‍അതോറിറ്റിയുടെ പൈപ്പ്‌ലൈന്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികള്‍ എടുത്തിട്ടുണ്ട്. ഇതിനായി അപേക്ഷ നല്‍കുന്ന പഞ്ചായത്തുകള്‍ക്ക് ഉടന്‍ അനുമതി നല്‍കണമെന്ന് കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുടിവെള്ള വിതരണം നടത്തിയെന്ന വില്ലേജ് ഓഫീസര്‍മാരുടെ സര്‍ട്ടിഫിക്കറ്റിന് പകരം വാര്‍ഡ് മെമ്പര്‍, പഞ്ചായത്ത് സെക്രട്ടറി,പ്രസിഡന്റ് എന്നിവര്‍ സര്‍ട്ടിഫൈ ചെയ്താല്‍ മതിയെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി റോഡ് മുറിക്കുന്നതിന് അനുമതി നല്‍കണമെന്ന് പൊതുമരാമത്ത് വകുപ്പിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കുടിവെള്ളത്തിന്റെ ക്വാളിറ്റി പരിശോധിച്ച് ഉറപ്പ് വരുത്താനും മന്ത്രി നിര്‍ദേശം നല്‍കി.വാട്ടര്‍ അതോറിറ്റിയുടെതല്ലാത്ത സ്വകാര്യ സ്ഥലങ്ങളില്‍ നിന്നുള്ള വെള്ളമാണെങ്കില്‍ വാട്ടര്‍ അതോറിറ്റിയുടെ സഹായത്തോടെ ക്വാളിറ്റി പരിശോധിച്ച് ഉറപ്പ് വരുത്തണം. എം എല്‍ എ മാര്‍ക്ക് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഉദേ്യാഗസ്ഥന്മാരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുചേര്‍ത്ത് പദ്ധതികളുടെ പുരോഗതികള്‍ വിലയിരുത്താവുന്നതാണ്.
വയനാട് ജില്ലയില്‍ 6.83 കോടിരൂപ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണഭട്ട് യോഗത്തില്‍ അറിയിച്ചു. ഇതില്‍ നാല് കോടി 90 ലക്ഷം രൂപയോളം വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ പട്ടികവര്‍ഗ-യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി, എം എല്‍ എമാരായ ഐ സി.ബാലകൃഷ്ണന്‍, എം വി ശ്രേയാംസ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ശശി, വൈസ് പ്രസിഡന്റ് എ. ദേവകി, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍,മറ്റ് ജനപ്രതിനിധികള്‍, വിവിധ വകുപ്പുദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.