Connect with us

Articles

സമരത്തിന്റെ ഭാവി

Published

|

Last Updated

സമരത്തെ എസ് എസ് എഫ് മൂന്നായി വര്‍ഗീകരിക്കുന്നുണ്ട്. ഇച്ഛകള്‍ക്കെതിരെ പോരാടി ബാധ്യതാ നിര്‍വഹണത്തിന് സ്വന്തത്തെ സജ്ജമാക്കുക എന്നതാണ് ഒന്നാമത്തെ ഇനം. തിന്മകള്‍ ഉന്മൂലനം ചെയ്യുന്നതിനും ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുമുള്ള സമരങ്ങളാണ് രണ്ടും മൂന്നും ഇനങ്ങള്‍. ഇച്ഛയെ കീഴ്‌പ്പെടുത്തുന്ന മഹത്തായ പോരാട്ടത്തെ സംഘടന ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിന്റെ കാരണമിതാണ്. ബാധ്യതാ നിര്‍വഹണം വിദ്യാര്‍ഥിത്വത്തിന്റെ അടിസ്ഥാന വാക്യവും ലക്ഷ്യവുമാകണമെന്ന് എസ് എസ് എഫ് വിചാരിക്കുന്നു. ഇത് ആര്‍ജവം ആവശ്യമുള്ള സമരമാണ്. വൈയക്തിക അഭിലാഷങ്ങളും മോഹങ്ങളും ബലികൊടുത്ത് മാത്രമേ ഈ സമരത്തില്‍ ഒരാള്‍ക്ക് വിജയിക്കാന്‍ കഴിയൂ. ഇച്ഛയെ കീഴ്‌പ്പെടുത്തുന്ന ഈ ധീരമായ സമരമുറയിലൂടെ ഒരു പോരാളി സ്വയം രൂപപ്പെടുന്നുണ്ട്. ഇതിനെയാണ് ജിഹാദുല്‍ അക്ബര്‍ (വലിയ സമരം) എന്ന് വിശേഷിപ്പിക്കുന്നത്. ഈ സമരത്തെ ജയിച്ചടക്കുക ദുഷ്‌കരമാണ്. പക്ഷേ, അതിന് സാധ്യമാകുമ്പോഴാണ് മറ്റനേകം സമരങ്ങള്‍ക്ക് വിദ്യാര്‍ഥി സജ്ജനാകുക.
സമരം എത്രത്തോളം? എന്ന ചോദ്യം ഉയരുന്നുണ്ട്. തിന്മ ഉന്മൂലനം ചെയ്യപ്പെടുന്നത് വരെയും നന്മ പൂര്‍വാധികം ശക്തിയായി സ്ഥാപിക്കപ്പെടുന്നത് വരേയും ഈ സമരപ്രക്രിയ അനവരതം തുടരുമെന്ന് തന്നെയാണ് ഉത്തരം. “നന്മയിലേക്ക് വഴി കാണിക്കുകയും തിന്മയെ പ്രതിരോധിക്കുകയും ചെയ്യുന്ന ഒരു വിഭാഗം നിങ്ങളില്‍ എന്നുമുണ്ടായിരിക്കണം” എന്ന ഖുര്‍ആനികാധ്യാപനവും വിളംബരപ്പെടുത്തുന്നത് ഈ ഉത്തരത്തെയാണ്.
നമുക്ക് പ്രതീക്ഷയെക്കുറിച്ച് കൂടി പറയാം. ത്രസിക്കുന്ന യുവത്വവും പ്രതികരണ ശേഷിയും നിലപാടുകളുമുള്ള പുതുനാമ്പുകളും നമുക്ക് പ്രതീക്ഷകള്‍ തരുന്നു. നമ്മുടെ മണ്ണും വെള്ളവും ഇവരുടെ കൈകളില്‍ സുരക്ഷിതമായിരിക്കും. പരിസ്ഥിതി മലിനീകരണത്തിനും സംഹാരാത്മക വികസനങ്ങള്‍ക്കുമെതിരെ ഇവര്‍ ജാഗ്രത്തായി നിലകൊള്ളും. നമ്മുടെ തോടും പുഴയും മൂല്യങ്ങളും ഇവര്‍ പരിരക്ഷിക്കും. ഭാവി തലമുറക്ക് കുടിവെള്ളവും ശുദ്ധവായുവും നിഷേധിക്കുന്ന ആര്‍ത്തിക്കെതിരെ അവര്‍ സമരം ചെയ്യും. ലഹരിയുടെ ചൂരും മണവും നല്‍കി പാകപ്പെടുത്തി ഇളം തലമുറയെ വശത്താക്കാന്‍ ശ്രമിക്കുന്ന മാഫിയകള്‍ക്കെതിരെ അവര്‍ ചെറുത്ത് നില്‍ക്കും. വര്‍ഗീയതക്കും ഭീകരവാദത്തിനുമെതിരെ അവര്‍ ധീരമായ നിലപാട് സ്വീകരിക്കും. യുവത്വത്തിന്റെ ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്യുന്ന കറുത്ത ശക്തികള്‍ക്കെതിരെ അവര്‍ ജാഗ്രത പാലിക്കും. എസ് എസ് എഫിന് ഉറപ്പ് തരാനാകും. അവര്‍ സ്ത്രീകളോടും കുട്ടികളോടും എങ്ങനെ വര്‍ത്തിക്കണമെന്ന് പഠിച്ചവരായിരിക്കും. മാതാപിതാക്കളെ അനുസരിക്കാനും ഗുരുക്കന്‍മാരെ ആദരിക്കാനും മുതിര്‍ന്നവരെ ബഹുമാനിക്കാനും അവര്‍ ശീലിച്ചിരിക്കും. മതത്തിന്റെ പേരില്‍ ഇറക്കുമതി ചെയ്യപ്പെടുന്ന ജീര്‍ണതകളെയും മാലിന്യങ്ങളേയും തിരിച്ചറിഞ്ഞ് ബഹിഷ്‌കരിക്കാനും അവയുടെ ഉന്‍മൂലനത്തിന് വേണ്ടി നിലകൊള്ളാനും അവര്‍ സദാ സന്നദ്ധരായിരിക്കും. ഈ സമരങ്ങളില്‍ എസ് എസ് എഫ് ജയിക്കണം.
ആര്‍ജവമുള്ള ക്യാമ്പസ് രൂപപ്പെടുത്തേണ്ടത് സമൂഹത്തിന്റെയും നാടിന്റെയും നന്മക്ക് ആവശ്യമാണ്. നമ്മുടെ ക്യാമ്പസ് തട്ടിയെടുക്കപ്പെടുന്നതിനെതിരെ സമഗ്രവും നിതാന്തവുമായ സമരങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് എസ് എസ് എഫ് കരുതുന്നു. പണം ലക്ഷ്യമാക്കിയുള്ള കുറേ തൊഴില്‍ യന്ത്രങ്ങളെ സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തിലേക്ക് ക്യാമ്പസ് ചുരുങ്ങാന്‍ അനുവദിക്കരുത്. അത്തരം യന്ത്രങ്ങള്‍ ഇപ്പോള്‍ തന്നെ നാടിന്റെ ശാപമായിരിക്കുന്നു. മുടക്കുമുതല്‍ തിരിച്ചു പിടിക്കുന്നതിന് വഴിവിട്ട മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവരായി നമ്മുടെ അഭ്യസ്തവിദ്യര്‍ മാറുന്നത് അപമാനകരമാണ്. കോര്‍പറേറ്റുകള്‍ ക്യാമ്പസ് പിടിച്ചെടുക്കുന്നതിന്റെ പരിണത ഫലമാണിത്. യുവത്വത്തെ സമരസജ്ജരാക്കുമ്പോള്‍ മാത്രമേ ഇതില്‍ നിന്ന് മോചനം സാധ്യമാകൂ. സ്വയം ഇരകളാകുന്നതില്‍ നിന്ന് വിദ്യാര്‍ഥികളെ മോചിപ്പിക്കേണ്ടതുണ്ട്. സമ്പാദ്യത്തിന്റെ ആര്‍ത്തിയില്‍ നിന്ന് സാമൂഹിക സേവനത്തിന്റെ ഉദാരതയിലേക്ക് ഇവര്‍ നയിക്കപ്പെടണം. ക്യാമ്പസ് ആരാലും തട്ടിയെടുക്കപ്പെടാതെ സംരക്ഷിക്കപ്പെടുമ്പോള്‍ മാത്രമാണ് അത് സാധ്യമാകുക.
അരാഷ്ട്രീയത്തില്‍ നിന്ന് മുക്തമായ ക്യാമ്പസ് എസ് എസ് എഫ് വിഭാവനം ചെയ്യുന്നു. രാഷ്ട്രീയംകൊണ്ട് അര്‍ഥമാക്കുന്നത് കക്ഷിരാഷ്ട്രീയത്തെയല്ല, നിലപാടുകളെയാണ്. നിലപാടില്ലായ്മ അരാഷ്ട്രീയമാണ്. വിദ്യാര്‍ഥിത്വത്തെ അരാഷ്ട്രീയവത്കരിക്കല്‍ സാമ്രാജ്യത്വത്തിന്റെ അജണ്ഡയാണ്. തിന്മക്കെതിരെ മുഷ്ടി ചുരുട്ടുകയോ അനീതിക്കും അരാജകത്വത്തിനും എതിരെ ശബ്ദിക്കുകയോ ചെയ്യാത്ത ക്ഷീണിച്ച യുവത്വം പലരുടെയും ലക്ഷ്യമാണ്. ക്യാമ്പസ് അതിന് നിന്ന് കൊടുക്കരുതെന്ന് എസ് എസ്എഫ് ആഗ്രഹിക്കുന്നു. ഇത്തരം ദുഷ്ട ശക്തികള്‍ തുറന്നു കാട്ടപ്പെടേണ്ടതുണ്ട്.
അശ്ലീലങ്ങളില്‍ അഭിരമിക്കുന്ന യുവത്വം ആഭാസമാണ്. ജീവിതത്തെ ആഘോഷമാക്കുന്നവര്‍ക്ക് ചുമതലാബോധം ഉണ്ടാകില്ല. ഇവര്‍ പലപ്പോഴും രാഷ്ട്രത്തിനും സമൂഹത്തിനും ബാധ്യതയായി മാറുകയും ചെയ്യും. ആര്‍ത്തിയും ധൂര്‍ത്തുമാണ് ഇവരുടെ മുഖമുദ്ര. പണസമ്പാദനത്തിന് എളുപ്പ മാര്‍ഗങ്ങള്‍ തേടി അവര്‍ എത്തുന്നത് ക്വട്ടേഷന്‍ സംഘങ്ങളിലോ മാഫിയകളിലോ ആകും. നാട്ടില്‍ അരാജകത്വം വരുന്നതിന്റെയും സമാധാനം നഷ്ടമാകുന്നതിന്റെയും വഴികള്‍ ഇതെല്ലാമാണ്. തിന്മകള്‍ പ്രയോഗിക്കാന്‍ ക്വട്ടേഷന്‍ എടുക്കുന്നതിന് പകരം അവയുടെ വിപാടനത്തിനും നന്മയുടെ സ്ഥാപനത്തിനും വേണ്ടി ഇറങ്ങിത്തിരിക്കുന്ന “ക്വട്ടേഷന്‍” സംഘങ്ങള്‍ വളര്‍ന്നുവരേണ്ടതുണ്ട്. അശ്ലീലങ്ങളേയും അരാജകത്വ പ്രവണതകളേയും ഉന്മൂലനം ചെയ്യാന്‍ ഈ കൂട്ടായ്മകള്‍ക്ക് സാധിക്കണം. സമര വഴിയില്‍ എസ് എസ് എഫ് വിഭാവനം, ചെയ്യുന്ന യുവത്വത്തില്‍ നമുക്ക് പ്രതീക്ഷ അര്‍പ്പിക്കാം.
ജാഗ്രത്തായ ഒരു ക്യാമ്പസ് എന്നാണ് ഉയര്‍ന്നു വരിക? പോരാട്ട വീഥിയില്‍ ഈ വിദ്യാര്‍ഥി സംഘടന ഈ ചോദ്യത്തെ അഭിമുഖീകരിക്കുന്നുണ്ട്. സര്‍വ മാഫിയകള്‍ക്കും വേണ്ടി തുറന്നു വെക്കപ്പെടേണ്ടതാണോ നമ്മുടെ ക്യാമ്പസ്‌കവാടങ്ങള്‍? മദ്യം, പെണ്‍വാണിഭം, ക്വട്ടേഷന്‍ പരിശീലനം, വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍, തീവ്രവാദത്തിന്റെ ഇരകള്‍, അശ്ലീലവായനയുടെയും കാഴ്ചകളുടെയും പ്രേക്ഷകര്‍, ഇത്‌കൊണ്ടൊക്കെ ക്യാമ്പസ് നിറയുന്നതെന്തുകൊണ്ട്? സമര വഴിയില്‍ ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളായി ഇതിനെ എസ് എസ് എഫ് കാണുന്നു.
ക്യാമ്പസും പരിസരവും ശുദ്ധീകരിക്കപ്പെടണം. ക്യാമ്പസ് മലിനമാക്കി പണം കൊയ്യുന്ന ഗൂഢശക്തികള്‍ പൊതുജനമധ്യേ തുറന്നു കാട്ടപ്പെടണം. മാഫിയകളില്‍ നിന്ന് പണം പറ്റി വിദ്യാര്‍ഥികളെ വശീകരിച്ച് മാഫിയകളുടെ കറുത്ത വായിലേക്ക് എറിഞ്ഞു കൊടുക്കുന്ന ദുഷ്ടന്മാരും അവരുടെ കേന്ദ്രങ്ങളും ക്യാമ്പസ് പരിസരങ്ങളില്‍ നിന്നു തുടച്ചു മാറ്റപ്പെടണം. നമ്മുടെ ക്യാമ്പസ് തിരിച്ചു പിടിക്കാന്‍ ഇത് അനിവാര്യമാണെന്ന് എസ് എസ് എഫ് വിചാരിക്കുന്നു.
സര്‍വോപരി എസ് എസ് എഫ് ഒരു ആദര്‍ശ പ്രസ്ഥാനമാണ്. ഋജുവായ വിശ്വാസവും ശരിയായ കര്‍മവുമാണ് അതിന്റെ ആദര്‍ശം. ധാര്‍മികതയാണ് അതിന്റെ സംസ്‌കാരം. മറ്റേത് വിദ്യാര്‍ഥി പ്രസ്ഥാനങ്ങളില്‍ നിന്നും എസ് എസ് എഫ് വ്യതിരിക്തമാകുന്നത് ഇത് കൊണ്ടാണ്. സമര പോരാട്ടങ്ങള്‍ ഈ സംഘടനക്ക് ജീവിതോപാധിയല്ല. അധികാരത്തിലേക്കുള്ള ഏണിപ്പടികളുമല്ല. ധാര്‍മിക ബോധത്തിന്റെ തേട്ടങ്ങള്‍ മാത്രമാണ്.
ആദര്‍ശ രംഗത്തെ അശ്ലീലങ്ങളെ എസ് എസ് എഫ് വെറുക്കുന്നു. ജിന്നും പിശാചുമാണ് മതം എന്ന കാഴ്ചപ്പാടിനോട് അത് വിയോജിക്കുന്നു. ശ്മശാന വിപ്ലവത്തോടും അതിന് പ്രതിപത്തിയില്ല. പരമ്പരാഗതവും സ്‌നേഹമസൃണവുമായ അഹ്‌ലുസ്സുന്ന:യുടെ ആദര്‍ശത്തെ സ്‌നേഹപുര്‍വം ആത്മാര്‍ത്ഥതയോടെ എസ് എസ് എഫ് പുണരുന്നു.
മതത്തില്‍ ജീര്‍ണതകള്‍ കുത്തിവക്കുന്ന പ്രവണത സംഘടന ചെറുക്കും. ക്യാമ്പസുകളിലേക്ക് അധിനിവേശം നടത്തുന്ന മതയുക്തി വാദികള്‍ക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കാന്‍ ഈ സംഘടന സദാ സജ്ജമാണ്. മതം ശരിയായ അര്‍ഥത്തില്‍ നിലനില്‍ക്കണം. അപ്പോഴാണ് അത് വെളിച്ചമാകുക. തമസ്സിനെ സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ഫലപ്രദമായി പ്രതിരോധിക്കേണ്ടതിനാലാണ് എസ് എസ് എഫ് ഈ നിലപാടു സ്വീകരിക്കാന്‍ കാരണം.
നാല്‍പ്പതാം വാര്‍ഷികത്തിന്റെ തിരുമുറ്റത്ത് നിന്ന് ഞങ്ങള്‍ ശോഭനമായ ഭാവിയിലേക്ക് ഉറ്റു നോക്കുന്നു. പ്രതീക്ഷാ നിര്‍ഭരമായ ഒരു ലോകത്തെ മനസ്സില്‍ കാണുന്നു. ഇരുട്ടിന്റെ ശക്തികള്‍ ഈ മണ്ണിനെ കീഴ്‌പ്പെടുത്തി കളയുമോ എന്ന ആശങ്ക ഞങ്ങള്‍ മറച്ചുവെക്കുന്നില്ല. സാമ്രാജ്യത്വ ശക്തികളുടെ പരാജയ ഭീതി അവരെ അറ്റകൈ പ്രയോഗത്തിന്ന് പ്രേരിപ്പിക്കുമോ എന്ന ആലോചനയില്‍ ഞങ്ങള്‍ ഭയചകിതരാണ്. യുവത്വത്തെ കാര്‍ന്നു തിന്നുന്ന മദ്യവും മയക്കു മരുന്നുകളും ഈ സമര മുന്നണിയെ തോല്‍പ്പിച്ച് കളയുമോ എന്ന ഭീതിയും ഞങ്ങള്‍ക്കുണ്ട്. ആര്‍ത്തിപണ്ടാരങ്ങള്‍ ഈ മണ്ണും വെള്ളവും അശേഷം ബാക്കി വെക്കാതെ വിഴുങ്ങിക്കളയുമോ എന്നും ഞങ്ങള്‍ ഭയക്കുന്നു. ഇത്തരം ദുഷ്ട ശക്തികള്‍ക്ക് ഭരണകൂടത്തില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ ഞങ്ങളെ ഭയപ്പെടുത്തുന്നു. രാജ്യത്ത് ഒരു ക്യാന്‍സര്‍ പോലെ പിടിമുറുക്കിയിരിക്കുന്ന അഴിമതി നമ്മെ എവിടെ എത്തിക്കും? ഇന്ത്യയിലെ ദരിദ്ര ജനകോടികളുടെ ഭാവിയെന്ത്? ഭീതിയോടെ ഈ പോദ്യങ്ങള്‍ ഉന്നയിക്കുന്നവരില്‍ ഞങ്ങളുമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുന്ന ബാലികമാരുടെ ദീനരോദനങ്ങള്‍ ഞങ്ങളെ ഭയപ്പെടുത്തുന്നുണ്ട്.
പക്ഷേ, പ്രതീക്ഷ ഈ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നു. ഉപരി സൂചിത തിന്മകള്‍ക്കെതിരെ ഉറച്ച നിലപാടുകളുമായി സമര ഗോദയിലിറങ്ങുന്ന യുവത്വവും അതിനായി സ്വയം സജ്ജമാകുന്ന ക്യാമ്പസും എസ്എസ് എഫ് സ്വപ്‌നം കാണുന്നു. ആ സ്വപ്‌ന സാക്ഷാത്കാരത്തിനായി സമൂഹത്തിന്റെ പിന്തുണയും പ്രാര്‍ഥനയും എസ് എസ് എഫ് കാംക്ഷിക്കുന്നു. സംസ്‌കരിക്കപ്പെട്ട യുവത്വം തിന്മകളെ കീഴടക്കി മുന്നേറുമെന്ന് തന്നെ ഞങ്ങള്‍ പ്രത്യാശിക്കുന്നു.

Latest