Gulf
അലുമിനിയം ഉത്പാദന രംഗത്ത് ജി സി സി കുതിച്ചു ചാട്ടത്തിനൊരുങ്ങുന്നു

മസ്‌കത്ത് : ജി സി സി രാജ്യങ്ങള്‍ അലുമിനിയം രംഗത്ത് നിക്ഷേപം വര്‍ധിപ്പിക്കുന്നു. ആഗോള നിക്ഷേപകരെ ഗള്‍ഫിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. അലുമിനിയം രംഗത്ത് നിക്ഷേപത്തിനുള്ള അനുകൂല സാഹചര്യം ഒരുക്കി നല്‍കും. ഗള്‍ഫ് അലുമിനിയം കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പദ്ധതികളാവിഷ്‌കരിക്കുന്നത്. അലുമിനിയം മേഖലയിലെ വികസനം ഗള്‍ഫിലെ വിവിധ വ്യവസായ സ്ഥാനപനങ്ങള്‍ക്കും മുതല്‍ക്കൂട്ടാകുമെന്ന ലക്ഷ്യം ഈ നീക്കത്തിന് പിന്നിലുണ്ട്.
അനുകൂല സാഹചര്യവും സൗകര്യങ്ങളുമുണ്ടെങ്കില്‍ നിക്ഷേപം നടത്താന്‍ വന്‍കിട വിദേശ കമ്പനികള്‍ തയ്യാറാണ്. ജി സി സിയില്‍ അലുമിനിയം മേഖലയിലെ നിക്ഷേപം നേരത്തെ പരിപോഷിപ്പിക്കേണ്ടതെന്ന തിരിച്ചറിവ് ഉണ്ടാകുന്നത് ഇപ്പോഴാണ്. വിവിധ വ്യാവസായ സ്ഥാപനങ്ങള്‍ക്കും ഏറെ ഗുണം ചെയ്യുന്നതാണിത്. 2012 ല്‍ 3.7 ശതമാനം വളര്‍ച്ചയാണ് അലുമിനിയം രംഗത്ത് ജി സി സിയിലുണ്ടായത്. എന്നാല്‍ 2013 ല്‍ 8.4 ശതമാനമായി ഇത് വര്‍ധിച്ചു. വളര്‍ച്ച അടുത്ത വര്‍ഷം രണ്ടക്കത്തിലേക്കെത്തിക്കാനാണ് ശ്രമമെന്ന് ഗള്‍ഫ് അലുമിനിയം കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി മഹ്മൂദ് അല്‍ ദയ്‌ലാമി പറഞ്ഞു.
ചൈന, ഏഷ്യയുടെ മറ്റ് രാജ്യങ്ങള്‍, നോര്‍ത്ത് അമേരിക്ക, ലാറ്റിന്‍ അമേരിക്ക, ഈസ്റ്റ് യൂറോപ് എന്നീ രാജ്യങ്ങളാണ് ഗള്‍ഫില്‍ നിക്ഷേപത്തിന് സന്നദ്ധരായത്. ലോകത്ത് 80 ശതമാനം അലുമിനിയം ഉത്പാദിപ്പിക്കുന്നത് ഈ രാജ്യങ്ങളാണ്. നിര്‍മാണ മേഖലയില്‍ പുതിയ അവസരങ്ങളുണ്ടാക്കുന്നതാണ് അലുമിനിയം രംഗത്തെ വളര്‍ച്ച.
3,739,290 ടണ്‍ അലുമിനിയമാണ് 2012 ല്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് ഉത്പാദിപ്പിച്ചത്. ദുബൈയിലെ ദൂബൈ അലുമിനിയം, ബുദബിയിലെ എമിറേറ്റ് അലുമിനിയം, ബഹ്‌റൈനിലെ അലുമിനിയം ബഹ്‌റൈന്‍, ഖത്തര്‍ അലുമിനിയം, ഒമാനിലെ സൊഹാര്‍ അലുമിനിയം എന്നീ കമ്പനികളാണ് പ്രധാന ഉത്പാദകര്‍. ലോകത്തെ മൊത്തം ഉത്പാദനത്തിന്റെ ഒമ്പത് ശതമാനമാണ് ഗള്‍ഫിന്റെ സംഭാവന. 2011 ല്‍ 3,488,357 ടണ്‍ ആയിരുന്നു മൊത്ത ഉത്പാദനം. 2013 ല്‍ ലോകത്തെ മൊത്തം ഉത്പാദനത്തിന്റെ 13 ശതമാനമാണ് ഗള്‍ഫ് മേഖല സംഭാവന ചെയ്തത്. 2014 ല്‍ 40 ശതമാനമായി ഉത്പാദനം വര്‍ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. അഞ്ച് മില്യണ്‍ മെട്രിക് ടണ്‍ ഉത്പാദനമാണ് ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 3.5 മെട്രിക് ടണ്‍ ആയിരുന്നു.
ഗള്‍ഫ് മേഖലയിലെ സര്‍ക്കാറുകളുടെ സഹകരണമാണ് വളര്‍ച്ചയിലേക്ക് നയിച്ചതെന്ന് മഹ്മൂദ് അല്‍ ദയ്‌ലാമി പറയുന്നു. വിദേശ വമ്പന്‍മാരെ കൂടി നിക്ഷേപത്തിന് പങ്കാളികളാക്കിയാല്‍ ലോകത്തെ അലുമിനിയം ഉത്പാദക ഹബ്ബില്‍ ഗള്‍ഫ് മേഖലക്ക് നിര്‍ണായക സ്ഥാനം അവകാശപ്പെടാനാകും.
വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഈ വര്‍ഷം ദുബൈയില്‍ നിക്ഷേപക സംഗമം നടത്തുന്നുണ്ട്. അലുമിനിയം മിഡില്‍ ഈസ്റ്റ് 2013 എന്ന പേരിലാണ് സംഗമം. മൂന്നാം തവണയാണ് ഗള്‍ഫില്‍ ഇത്തരം സംഗമം നടത്തുന്നത്. 25 രാജ്യങ്ങളില്‍ നിന്ന് 159 കമ്പനികള്‍ എക്‌സിബിഷനില്‍ പങ്കെടക്കും. ദുബൈ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ ഈ മാസം 23 മുതല്‍ 25 വരെയാണ് സംഗമം.