Connect with us

Articles

പ്രവാസികളുടെ രക്ഷക്ക്...

Published

|

Last Updated

അറബ് ലോകത്തെ ഏറ്റവും പ്രസിദ്ധനായ കവി അഡോണിസി (അലി അഹ്മദ് സെയ്ദ്) ന്റെ ഒരു നിരീക്ഷണം പ്രവാസത്തെക്കുറിച്ചുണ്ട്. അദ്ദേഹം അഭിപ്രായപ്പെടുന്നത്, സംഘമനുഷ്യന്റെ ഘട്ടത്തില്‍ നിന്ന് വ്യക്തിമനുഷ്യന്റെ ഘട്ടത്തിലേക്ക് പ്രയാണം ചെയ്യാനുള്ള അടക്കിപ്പിടിച്ച ആഗ്രഹത്തിന്റെ ബഹിര്‍സ്ഫുരണമാണ് പ്രവാസമെന്നാണ്. അതുകൊണ്ടു തന്നെയാണ് ഒരു പ്രവാസി(പ്രയാസി)യെ സംബന്ധിച്ചിടത്തോളം അപരനുമായുള്ള സാംത്മീകരണമല്ല അത്. മറിച്ച് മെച്ചപ്പെട്ടതല്ലെങ്കിലും ഒരു ജീവിതം പച്ച പിടിപ്പിക്കാനുള്ള സമരം തന്നെയാണത്. അതിന്റെ പൂര്‍ത്തീകരണത്തിലുള്ള സാഹസിക യാത്രകളാണ് ഓരോ പ്രവാസിയും തന്റെ ജീവിതത്തില്‍ ചുമലിലേറ്റുന്നത്. കേരളത്തില്‍ ഒരുവന്‍ ജനിക്കുന്നതു തന്നെ തന്നില്‍ നിന്നു നാടു കടത്തപ്പെട്ടവനായിട്ടാണ്. മനസ്സ് ജനിച്ചിടത്ത് നില്‍ക്കുമ്പോഴും, ശരീരം മറ്റൊരു ദേശത്ത് ഹോമിക്കുന്നതിന്റെ സംഘര്‍ഷം അവന്‍ ജീവിതകാലം മുഴുവന്‍ അനുഭവിച്ചു തീര്‍ക്കുന്നുണ്ട്.

ഏതാണ്ട് അര നൂറ്റാണ്ടിലേറെ കാലത്തെ ചരിത്രമുണ്ട് കേരളീയന്റെ ഗള്‍ഫ് പ്രവാസജീവിതത്തിന്. തീര്‍ത്തും അവികസിതവും അപരിഷ്‌കൃതവുമായ ഒരു മണ്ണിലേക്കാണ് കടല്‍ കടന്ന് അവന്‍ എത്തിപ്പെട്ടത്. മണ്ണെണ്ണ വിളക്കിന്റെ പുകയേറ്റ് സ്വപ്‌നങ്ങളെ കുത്തിക്കുറിച്ച് നാട്ടിലേക്കയച്ചും ചുട്ടുപൊള്ളുന്ന മണല്‍ക്കാട്ടില്‍ രാത്രികാലങ്ങളില്‍ കടല്‍പ്പുറത്ത് അന്തിയുറങ്ങിയും അവന്‍ താണ്ടിയ വഴിദൂരങ്ങളെ പക്ഷേ, കേരള ചരിത്രത്തിന്റെ ഏടുകളില്‍ വരും തലമുറ പോലും വായിക്കുമെന്ന് തോന്നുന്നില്ല. ഇന്ത്യക്കാരന്റെ അര്‍പ്പണബോധവും മെയ്ക്കരുത്തും പാശ്ചാത്യന്റെ സാങ്കേതികതയും ഗള്‍ഫ് രാജ്യങ്ങളെ വളരെ വേഗത്തിലാണ് മാറ്റിമറിച്ചത്. ഇക്കാലമത്രയും നമ്മുടെ മാറിമാറിവരുന്ന ഭരണകൂടങ്ങള്‍ പ്രവാസിയുടെ വിയര്‍പ്പ് ചൂഷണം ചെയ്തു തന്നെയാണ് തടിച്ചുകൊഴുത്തത്. ഇവിടുത്തെ സാമ്പത്തിക ഭദ്രതയുടെയും സകലമാന പുരോഗതിയുടെ താഴ്‌വേരുകള്‍ അവന്റെ വിയര്‍പ്പിന്റെ ഉപ്പില്‍ നിന്നാണ് ജീവവായു ഉള്‍ക്കൊണ്ടതെന്നും നമുക്കറിയാം. അതിനാല്‍ തീര്‍ത്താല്‍ തീരാത്ത കടപ്പാടുകള്‍ ഓരോ മലയാളിക്കും പ്രവാസികളോടുണ്ട്.

എന്നാല്‍, ഭരണകൂടങ്ങളെ സംബന്ധിച്ചിടത്തോളം പ്രവാസി ലോകം പണം കായ്ക്കുന്ന മരങ്ങള്‍ മാത്രമാണ്. കേരളത്തില്‍ നിന്ന് അന്നം തേടി മരുക്കാടുകളില്‍ വിയര്‍പ്പൊഴുക്കുന്നവന്റെ യഥാര്‍ഥ കണക്ക് പോലും നമ്മുടെ പക്കലില്ല. പ്രവാസ ക്ഷേമത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സംഘടനകള്‍ക്കും അതിന്റെ രൂപരേഖ പോലുമില്ല എന്നതാണ് യാഥാര്‍ഥ്യം. സമീപകാലത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തിപ്പെട്ട് വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ കണക്ക് എത്രയെന്ന് ചോദിച്ചാല്‍ വളരെ പെട്ടെന്ന് നമുക്കുത്തരം കിട്ടും. അത് 25 ലക്ഷമാണെന്ന്. അത്ര പോലും സ്വന്തം പ്രവാസികളെക്കുറിച്ച് നമുക്കറിയില്ല. അന്യ സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനും ആരോഗ്യ സംരക്ഷണത്തിനും സര്‍ക്കാറുകള്‍ക്ക് നിരവധി പദ്ധതികളുണ്ട്. എന്നാല്‍, അര നൂറ്റാണ്ട് കഴിഞ്ഞിട്ടും പ്രവാസികള്‍ക്ക് അത്തരമൊന്നു പോലും കാര്യക്ഷമമായി ഇന്നും നടപ്പാക്കിയിട്ടില്ല. അത്രമാത്രം പ്രാന്തവത്കരിക്കപ്പെട്ടവരാണ് പ്രവാസികളെന്നര്‍ഥം.

ഇന്ന് നമ്മുടെ മാധ്യമങ്ങളും സമൂഹവും ചൂടോടെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ” നിതാഖാത്” ഒരു പുതിയ സംഭവമൊന്നുമല്ല. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് പല ഗള്‍ഫ് രാജ്യങ്ങളും തങ്ങളുടെ രാജ്യങ്ങളിലെ തൊഴിലാളികളുടെ ബാഹുല്യം കുറച്ചുകൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കുകയും നിയമനടപടികള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. സഊദി അറേബ്യയും അതില്‍ നിന്ന് വിട്ടുനിന്നിരുന്നില്ല. സമീപ കാലത്ത് വിദേശ തൊഴിലാളി പങ്കാളിത്തം ഗണ്യമായി കുറക്കേണ്ടതിന്റെ പുത്തന്‍ സാഹചര്യങ്ങള്‍ ഇന്ന് മിക്ക ഗള്‍ഫ് നാടുകളിലും സംജാതമായിട്ടുണ്ടെന്നു കാണാം. നിര്‍മാണ മേഖലയിലെ മാന്ദ്യം, ആഗോള സാമ്പത്തിക പ്രതിസന്ധി, ആഭ്യന്തര തൊഴില്‍ മേഖലയില്‍ യുവാക്കളുടെ കടന്നുകയറ്റം, മുല്ലപ്പൂ വിപ്ലവങ്ങള്‍ പോലുള്ള സംഭവവികാസങ്ങള്‍ എന്നിവയെല്ലാം ഗള്‍ഫ് ഭരണകൂടങ്ങളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. കുറഞ്ഞ കൂലിക്ക് തൊഴില്‍ ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ട് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഒഴുകുന്ന മൂന്നാം ലോക രാജ്യങ്ങളിലെ തൊഴില്‍രഹിതരും കുറവല്ല.

അറബ് നാടുകള്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ വലിയ തോതില്‍ പരിവര്‍ത്തിപ്പിക്കപ്പെട്ടിട്ടുണ്ട്. അലസതയും വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും നിലനിന്നിരുന്ന ഒരു ജനവിഭാഗമല്ല അറബ് നാട്ടിലെ ഇപ്പോഴത്തെ തലമുറ. അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളില്‍ പോയി ഉന്നതവിദ്യാഭ്യാസം നേടിയ യുവതീയുവാക്കളെക്കൊണ്ട് നിറയുകയാണ് ഗള്‍ഫ് നാടുകള്‍. ഇവര്‍ക്ക് പുത്തന്‍ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഭരണകൂടത്തിന്റെ ബാധ്യതയാണ്. ഇനിയുള്ള കാലം അഭ്യസ്തവിദ്യരായ അറബ് യുവത്വങ്ങളെക്കൊണ്ട് ഓരോ രാജ്യവും പൊറുതിമുട്ടേണ്ടി വരും. ഇന്റര്‍നെറ്റും തദനുബന്ധ മീഡിയകളും ഉപയോഗപ്പെടുത്തി വലിയ കൂട്ടായ്മകള്‍ക്കും മറ്റും ഈ “തൊഴിലില്ലാപ്പട” ഒരുമ്പെട്ടാല്‍ ഒരു ഭരണകൂടത്തിനും പിടിച്ചുനില്‍ക്കാന്‍ കഴിയില്ല തന്നെ. ടുണീഷ്യയിലും മറ്റും നാം കണ്ടത് അതാണ്.

സഊദി അറേബ്യയുടെ നിലപാടുമാറ്റം ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് സംഭവിച്ചതല്ല. ദീര്‍ഘവീക്ഷണമുള്ള ഏതൊരു ഭരണകൂടവും ചെയ്യേണ്ടുന്ന ഒരു കൃത്യം മാത്രമാണ് അവരും ചെയ്തിരിക്കുന്നത്. “തരംതിരിക്കുക” എന്ന് അര്‍ഥം വരുന്ന നിതാഖാത് എന്ന അറബി പദം കൊണ്ട് അവര്‍ വിവക്ഷിക്കുന്നത്, തൊഴിലിടങ്ങളുടെ ഒരു ശുദ്ധീകരണം മാത്രമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ നല്ലൊരു ശതമാനം അനര്‍ഹരായ തൊഴിലാളി വര്‍ഗത്തെ തിരിച്ചയക്കാനും പുതിയ തൊഴിലിടങ്ങള്‍ സൃഷ്ടിക്കാനും അവര്‍ക്ക് കഴിയും. സ്ഥാപനങ്ങളിലെ സഊദി പങ്കാളിത്തം ഇങ്ങനെ ഉറപ്പ് വരുത്താന്‍ കഴിഞ്ഞാല്‍ അക്ഷമ കാട്ടുന്ന തൊഴില്‍രഹിതരായ തദ്ദേശീയ പക്ഷത്തെ ഒരു പരിധിവരെയെങ്കിലും പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന് ഭരണകൂടം വിശ്വസിക്കുന്നതിലും പ്രവര്‍ത്തിക്കുന്നതിലും നമുക്ക് എങ്ങനെ പഴി ചാരാന്‍ കഴിയും. സ്വന്തം നിലനില്‍പ്പ് ഏതൊരു ഭരണകൂടത്തിന്റെയും ലക്ഷ്യം തന്നെയാണ്. സഊദിയിലെ ഇപ്പോഴത്തെ തൊഴിലില്ലായ്മ കണക്ക് പ്രകാരം 12.1 ശതമാനമാണ്. ഇങ്ങനെയുള്ള ശുദ്ധീകരണം കൊണ്ട് സഊദിയില്‍ നിന്നുമാത്രം മടങ്ങേണ്ടി വരുന്ന മലയാളികള്‍ ഒരു ലക്ഷം കവിയും.

രണ്ടേ മുക്കാല്‍ കോടി ജനങ്ങളുള്ള സഊദി അറേബ്യയില്‍ 80 ലക്ഷത്തിലധികം വിദേശ തൊഴിലാളികളുണ്ടെന്ന് പറഞ്ഞാല്‍ നാമത് അവിശ്വസിക്കേണ്ടതില്ല. ദേശീയ ജനസംഖ്യയുടെ മൂന്നിലൊന്നാണിത്. ഈ 80 ലക്ഷത്തില്‍ 20 ലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട്. അതില്‍ തന്നെ സിംഹഭാഗവും മലയാളികളും. ഒരു രാജ്യത്തിലെ ആഭ്യന്തര വരുമാനത്തിന്റെ നല്ലൊരു ശതമാനം തൊഴില്‍ വേദനമായി രാജ്യം കടന്നുപോകുന്നത് സഊദി ഭരണകൂടം ഗൗരവമായി വീക്ഷിച്ചുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല, വൈദേശികാധിപത്യം ഒരു രാജ്യത്തിന്റെ സാംസ്‌കാരികത്തനിമയെയും ആഭ്യന്തര സമാധാനത്തെയും വല്ലാതെ മുറിപ്പെടുത്തുമെന്നു ധരിക്കുന്ന ഭരണാധികാരികളുമുണ്ട്. ഈയിടെയായി സഊദിയില്‍ അരങ്ങേറിയ ചില അനിഷ്ട സംഭവങ്ങള്‍ കുറ്റകൃത്യങ്ങളുടെ വരുംകാല സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നതായി സഊദിയിലെ ചില രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ലോകം അതിദ്രുതം മാറിക്കൊണ്ടിരിക്കുകയാണ്. പ്രവാസ ജീവിതത്തെ ഇനി അധികകാലം നമുക്ക് ആശ്രയിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഗള്‍ഫ് രാജ്യങ്ങള്‍ മുഴുവന്‍ നിയമ നടപടികള്‍ ശക്തമാക്കിയാല്‍ തിരിച്ചുവരേണ്ടിവരുന്നത് അനേക ലക്ഷങ്ങളാകും. ഇവരില്‍ ഭൂരിഭാഗവും അവിദഗ്ധ തൊഴിലാളികളാണ്. ഇങ്ങനെ തിരിച്ചുവരുന്നവരെ പുനരധിവസിപ്പിക്കാനുള്ള യാതൊരു പദ്ധതിയും ശാസ്ത്രീയമായി സര്‍ക്കാര്‍ രൂപപ്പെടുത്തിയിട്ടില്ല. കേരളത്തിലെ നിലവിലുള്ള തൊഴിലില്ലാ പടയിലേക്കാണ് ഇവരുടെയും കടന്നുവരവ്. ഗള്‍ഫിലേക്ക് കുടിയേറി ജീവിതത്തിന്റെ യൗവനകാലം മുഴുവന്‍ സമൂഹത്തിനും കുടുംബത്തിനും വേണ്ടി ഹോമിച്ച് തിരിച്ചെത്തുന്നവന്റെ കൈയില്‍ എന്താണ് ബാക്കിയുണ്ടാകുക? കയ്പ്പാര്‍ന്ന കുറേയേറെ അനുഭവങ്ങളല്ലാതെ, യാതൊരുവിധ മുന്‍ധാരണയോ ദീര്‍ഘദൃഷ്ടിയോ കൂടാതെയാണ് ഒരു പ്രവാസി തന്റെ അധ്വാന ഫലം വിനിയോഗിച്ചതെന്ന് ഓരോ ദേശത്തിന്റെയും ചരിത്രമെടുത്താല്‍ നമുക്ക് അറിയാം. അക്കാര്യത്തില്‍ ഒരു സര്‍ക്കാറും യാതൊരു വിധ നിര്‍ദേശങ്ങളോ മുന്‍കരുതലുകളോ എടുത്തിരുന്നില്ല. ഒരു സാധാരണ പ്രവാസിയുടെ ആളോഹരി വരുമാനത്തിന്റെ 44 ശതമാനവും ചെലവിട്ടിരിക്കുന്നത് കുട്ടികളുടെ പഠനം , ആരോഗ്യം, വീട് എന്നീ കാര്യങ്ങള്‍ക്കാണെന്ന് കാണാം. തന്റെ വരുമാനത്തെ പ്രത്യുത്പാദനപരമായി ഉപയോഗിക്കാന്‍ ആരും തന്നെ തുനിയുകയുണ്ടായില്ല.

മടങ്ങിവരുന്ന പ്രവാസികള്‍ കേരളത്തിലെ തൊഴില്‍ സാധ്യതകളെ ഉപയോഗപ്പെടുത്തിയതും ഏറെയൊന്നും നാം കാണുന്നില്ല. മാറിയ കേരളത്തിന്റെ പുത്തന്‍ പ്രവണതകളെ മനസ്സിലാക്കാന്‍ കഴിയാത്തവരാണ് മിക്ക പേരും. അതുകൊണ്ടു തന്നെ ഒരു ബിസിനസ് വിജയിപ്പിച്ചു കൊണ്ടുപോകാന്‍ അവനു കഴിയുന്നില്ല. 2007ല്‍ കേരളത്തിലെത്തിയ പ്രവാസികളില്‍ 17.1 ശതമാനം മാത്രമാണ് തൊഴില്‍ മേഖലയില്‍ പ്രവേശിച്ച് വിജയം കണ്ടെത്തിയവര്‍. എന്നാല്‍, 2009ല്‍ ഇത് വെറും 1.8 ശതമാനമായി കീഴോട്ട് പോയി. ഗള്‍ഫ് നാടുകളില്‍ ഏത് തൊഴിലിടങ്ങളിലേക്കും പെട്ടെന്ന് ഇറങ്ങിത്തിരിക്കുന്നവര്‍ കേരളത്തിലെത്തുമ്പോള്‍ “വൈറ്റ് കോളര്‍” തൊഴില്‍ മാത്രം ചെയ്യാനാണ് താത്പര്യപ്പെടുന്നത്. അവന്റെ ദുരഭിമാനങ്ങള്‍ അവനെ ചെറുതരം തൊഴിലുകളില്‍ നിന്നും മുഖം തിരിപ്പിക്കുന്നു. അല്ലെങ്കില്‍ കേരളത്തിലിന്ന് അന്യ സംസ്ഥാന തൊഴിലാളികള്‍ കടന്നുവരേണ്ടിയിരുന്നില്ല. പ്രതിവര്‍ഷം 17,500 കോടി രൂപയാണ് കേരളത്തില്‍ നിന്നും അന്യ സംസ്ഥാനങ്ങളിലേക്ക് തൊഴില്‍ വേതനമായി ഒഴുകുന്നത്. ഒരു ശരാശരി തൊഴിലാളിയുടെ വേതനം 400 രൂപയും ഭക്ഷണവുമാണ്. ഗള്‍ഫില്‍ ഇപ്പോഴും അവിദഗ്ധ തൊഴിലാളിക്ക് കിട്ടുന്നത് മാസം 10,000 രൂപയില്‍ അധികം വരില്ലെന്ന് ഓര്‍ക്കണം. അപ്പോള്‍ കേരളത്തില്‍ തന്നെ തന്റെ അധ്വാനം ഉപയോഗപ്പെടുത്തിയാല്‍ എന്തു ചേതമാണ് ഒരു പ്രവാസിക്ക് ഉണ്ടാകുന്നത്? ഇവിടുത്തെ വെള്ളവും വായുവും ശരീരത്തിന് അത്രകണ്ട് നല്ലതല്ലേ? സ്വന്തം പുരയിടത്തില്‍ കുടുംബത്തോടൊപ്പം കിടന്നുറങ്ങി ജീവിക്കുന്നതിനേക്കാള്‍ മനഃസുഖം മറ്റെവിടെ കിട്ടും? അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 48 ലക്ഷം അന്യ സംസ്ഥാന തൊഴിലാളികള്‍ ഈ കൊച്ചു കേരളത്തിലേക്ക് വരാന്‍ പോകുന്നത് ഇവിടം ഒരു ഗള്‍ഫായതു കൊണ്ടല്ലേ? മലയാളി പ്രവാസി ലോകം മാറിച്ചിന്തിക്കേണ്ട കാലമായിരിക്കുന്നു.

പുതിയ സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകാനേ ഇനി സാധ്യതകള്‍ കാണുന്നുള്ളൂ. സര്‍ക്കാറും സഘടനകളും എന്തൊക്കെ ന്യായങ്ങള്‍ പറഞ്ഞാലും പ്രവാസകാലത്തിന് തിരശ്ശീല വീഴാന്‍ അധിക കാലം വേണ്ടി വരില്ല. മറിച്ച് സംസാരിക്കുന്നവര്‍ ഒന്നുകില്‍ സമാധാനത്തിനു വേണ്ടി സ്വയം കണ്ടെത്തുന്ന ന്യായങ്ങളാകാം. ഇത്ര കാലവും നാം ജാഗ്രത്തായിരുന്നില്ല. ഇനി അങ്ങനെയാകാന്‍ പാടില്ലതന്നെ. ആട്ടിയോടിക്കപ്പെട്ട മണ്ണിലേക്ക് കാലങ്ങള്‍ക്കു ശേഷം തിരിച്ചെത്തുന്നവരെ പുറംകാല്‍ കൊണ്ട് തൊഴിച്ച് പഴിചാരാനല്ല ഒരു സര്‍ക്കാറും മുതിരേണ്ടത്. അവര്‍ക്ക് ആശ്വാസമരുളുന്ന കര്‍മപദ്ധതികളാവിഷ്‌കരിക്കണം. ഇത്രകാലവും അവന്റെ വിയര്‍പ്പു കൊണ്ട് അരവയര്‍ നിറച്ചവരാണ് നമ്മള്‍. ഇനി അവനെ പുലര്‍ത്തേണ്ട ബാധ്യത ഈ സമൂഹത്തിനുണ്ട്. അല്ലെങ്കില്‍ കാലം നമുക്ക് മാപ്പ് തരില്ല. അതോടൊപ്പം പ്രവാസികളുടെ മനോഭാവത്തിലും മാറ്റം വരണം. ഒരു തൊഴിലും അവഗണിക്കേണ്ടതല്ല. മണ്ണില്‍ കിളച്ച് പൊന്നു വിളയിച്ച ഒരു മുന്‍ തലമുറ നമുക്കുണ്ടായിരുന്നു. ഒരു വേള അവരെ ഓര്‍ക്കുന്നത് നന്ന്.

abdulaperambra@gmail.com