Connect with us

Ongoing News

ജില്ലകളില്‍ മുഖ്യമന്ത്രിയുടെ പര്യടനം; സൂര്യാഘാതമേറ്റവര്‍ക്ക് സഹായം

Published

|

Last Updated

തിരുവനന്തപുരം:സംസ്ഥാനത്തെ രൂക്ഷമായ വരള്‍ച്ച വിലയിരുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജില്ലകളില്‍ നേരിട്ടെത്തുന്നു. ഈ മാസം 13 മുതല്‍ 22 വരെയാണ് മുഖ്യമന്ത്രിയുടെ പര്യടനം. റവന്യൂ, കൃഷി, ജലവിഭവ മന്ത്രിമാരും മുഖ്യമന്ത്രിയെ അനുഗമിക്കും. നേരത്തെ തന്നെ സന്ദര്‍ശനം നടത്തിയതിനാല്‍ മുഖ്യമന്ത്രി വയനാട് സന്ദര്‍ശിക്കില്ല. സംസ്ഥാനത്തെ രൂക്ഷമായ വരള്‍ച്ച ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ചര്‍ച്ച ചെയ്ത ശേഷം മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.വരള്‍ച്ച നേരിടുന്നതില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ 159 കോടി അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കൊടുംചൂടില്‍ സൂര്യാഘാതമേറ്റവര്‍ക്കു സര്‍ക്കാര്‍ ധനസഹായം നല്‍കും. വരള്‍ച്ചയെ തുടര്‍ന്ന് കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.Aപ്രതിപക്ഷത്തു നിന്ന് എം. ചന്ദ്രനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പ്രമേയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. വരള്‍ച്ച പ്രതിരോധിക്കാന്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പറമ്പിക്കുളം- ആളിയാറില്‍ നിന്ന് അര്‍ഹമായ ജലം ലഭിക്കുന്നതിനു സുപ്രീം കോടതിയെ സമീപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വരള്‍ച്ചക്ക് ശാശ്വത പരിഹാര മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മഴവെള്ളം 24 മണിക്കൂറിനുള്ളില്‍ അറബിക്കടലിലേക്ക്് ഒഴികിയെത്തുന്ന സാഹചര്യത്തില്‍ നദികളില്‍ തടയണകള്‍ നിര്‍മിക്കും. കുളങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രത്യേകം ഊന്നല്‍ നല്‍കും. ഒപ്പം കൂടുതല്‍ മഴവെള്ള സംഭരണികള്‍ നിര്‍മിക്കും. നദികള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ പരിഗണന നല്‍കും. വരള്‍ച്ച സംബന്ധിച്ച കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ആദ്യം നാല് ജില്ലകളെയും പിന്നീട് സംസ്ഥാനമൊന്നാകെയും വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചു. ഫെബ്രുവരി വരെയുള്ള കണക്ക് പ്രകാരം 7, 888 കോടിയുടെ നഷ്ടം കണക്കാക്കി കേന്ദ്രസര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചു. എന്നാല്‍ അതിനുശേഷമുണ്ടായ നഷ്ടം അതിലും കൂടുതലാണ്. പുതിയ സാഹചര്യം വിലയിരുത്തിയശേഷം പുതിയ നിവേദനം കേന്ദ്രത്തിന് സമര്‍പ്പിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കലക്ടര്‍മാര്‍ക്ക് 85 കോടി നല്‍കി. മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ ഈ തുക പൂര്‍ണമായി ചെലവാക്കാനായിട്ടില്ല. 29.24 കോടി രൂപയാണ് ബാക്കി വന്നത്. ഈ തുക പാഴാകില്ല. ബുക്ക് അഡ്ജസ്റ്റ്‌മെന്റ് നടത്തി പണം തിരികെ നല്‍കും. ജല അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചു 52 കോടി ധനവകുപ്പ് നല്‍കി. പണമില്ലാത്തതിന്റെ പേരില്‍ ഒരു പ്രവൃത്തിയിലും കാലതാമസം ഉണ്ടാകില്ല. ജല അതോറിറ്റി വൈദ്യുതി ബോര്‍ഡിന് നല്‍കാനുള്ള കുടിശ്ശിക തീര്‍ക്കുന്നത് ഗൗരവമായി പരിഗണിക്കും. വൈദ്യുതി മേഖലയിലെ പ്രതിസന്ധി മറികടക്കാനും ശ്രമിക്കും.

കുടിവെള്ളം പമ്പ് ചെയ്യുന്ന പ്രദേശങ്ങളെ ലോഡ്‌ഷെഡിംഗില്‍ നിന്നൊഴിവാക്കുമെന്ന് ജലവിഭവ മന്ത്രി പി ജെ ജോസഫ് പറഞ്ഞു. ബജറ്റില്‍ പ്രഖ്യാപിച്ച തടയണ നിര്‍മാണത്തിനുള്ള നടപടികള്‍ ഉടന്‍ തുടങ്ങും. അടിക്കടി പൊട്ടുന്ന പൈപ്പ്‌ലൈനുകള്‍ മാറ്റി സ്ഥാപിക്കാന്‍ 127 കോടിയുടെ പദ്ധതി നിര്‍ദേശത്തില്‍ അടിയന്തരമായി തീരുമാനമെടുക്കും. വരള്‍ച്ചാ അവലോകന യോഗ തീരുമാന പ്രകാരം 2200 ഹാന്‍ഡ് പമ്പുകള്‍ നന്നാക്കി. കുഴല്‍ കിണറുകള്‍ കൂടുതല്‍ നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കി. ആവശ്യമുള്ളിടത്ത് സ്വകാര്യ ഏജന്‍സികളെ പ്രവൃത്തി ഏല്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

 

Latest