Articles
പല്ല് മാറിപ്പറിച്ചും കാല് മാറി മുറിച്ചും

കോഴിക്കോട് പേരാമ്പ്രക്കടുത്ത് താമസിക്കുന്ന യുവതി വലതുകാലിലെ എല്ല് പൊട്ടിയാണ് ആശുപത്രിയിലെത്തിയത്. വിശദമായ പരിശോധനക്കൊടുവില്‍ യുവതിയുടെ കാല്‍ ഓപ്പറേഷന്‍ ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതിനായുള്ള പ്രാഥമിക പരിശോധനകള്‍ ഉടന്‍ തന്നെ നടത്തുകയും ചെയ്തു. അവസാനം നിശ്ചയിച്ച ദിവസം ഓപ്പറേഷന്‍ നടന്നു. പക്ഷേ, വലതുകാലിലെ പൊട്ടലിന് ഇടതുകാലിലെ തുന്നിക്കെട്ടല്‍ കണ്ട് ബന്ധുക്കള്‍ അന്തം വിട്ടു. വിദഗ്ധ ചികില്‍സയുടെ മറിമായം അന്വേഷിച്ചപ്പോഴാണറിയുന്നത് പ്രശസ്തനായ പ്രൊഫസര്‍ക്ക് അമളി പറ്റിയെന്ന്.
സഹിക്കാനാകാത്ത പല്ല് വേദനയെ തുടര്‍ന്നാണ് മലപ്പുറത്തെ യുവതി ബന്ധുക്കള്‍ക്കൊപ്പം ആശുപത്രിയിലെത്തിയത്. യുവതി കാണിച്ചു കൊടുത്ത രണ്ട് പല്ലുകള്‍ തലങ്ങും വിലങ്ങും ഡോക്ടര്‍ പരിശോധിച്ചു. പോരാത്തതിന് പല്ലിന്റെ എക്‌സറേയുമെടുപ്പിച്ചു. അവസാനം ആ രണ്ട് പല്ലുകള്‍ പിഴുതെടുക്കാന്‍ തീരുമാനിച്ചു. അങ്ങനെ പല്ലുകള്‍ പിഴുതെടുത്തു. യുവതി കാണിച്ചു കൊടുത്ത വേദനയുള്ള പല്ലുകള്‍ക്ക് അടുത്തു പോലുമല്ലാത്ത രണ്ട് പല്ലുകള്‍. പറിക്കുമ്പോള്‍ കരഞ്ഞുപറഞ്ഞു യുവതി, വേദനയുള്ള പല്ലുകള്‍ അതല്ലെന്ന്. പക്ഷേ, പറിക്കുന്ന ഡോകട്ര്‍ തന്നെ തിരഞ്ഞെടുത്തു പറിക്കേണ്ട പല്ല് ഏതെന്ന്.
പയ്യോളിയില്‍ നിന്ന് കടിഞ്ഞൂല്‍ പ്രസവത്തിനെത്തിയ യുവതിയും കൊണ്ടോട്ടിയില്‍ നിന്ന് മൂന്നാമത്തെ പ്രസവത്തിനായി താലൂക്ക് ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്‌തെത്തിയ യുവതിയും ഏതാണ്ട് ഒരേ സമയത്താണ് പ്രസവിച്ചത്. മിനുട്ടുകള്‍ക്കകം പയ്യോളിക്കാരിയുടെ ബന്ധുക്കള്‍ക്ക് ആണ്‍കുട്ടിയേയും കൊണ്ടോട്ടിക്കാരിയുടെ ബന്ധുക്കള്‍ക്ക് പെണ്‍കുട്ടിയേയും കൈമാറി അവിടുത്തെ നഴ്‌സുമാര്‍. കടിഞ്ഞൂല്‍ പ്രസവത്തിലെ ആണ്‍ കുട്ടിയെ കണ്ട് കൊതിതീരും മുമ്പേ പയ്യോളിക്കാരുടെ കയ്യില്‍ നിന്ന് ആണ്‍കുട്ടിയെ തിരിച്ചുവാങ്ങി. പകരം പെണ്‍കുട്ടിയെ നല്‍കി. കൊണ്ടോട്ടിക്കാര്‍ക്ക് ആ ആണ്‍ കുട്ടിയേയും. ഞൊടിയിടയില്‍ ആണ് പെണ്ണായതും പെണ്ണ് ആണായതും വിശ്വസിക്കാനാകാതെ മുഖത്തോടു മുഖം നോക്കി നിന്ന ബന്ധുക്കളോട് ഒട്ടും ചമ്മലില്ലാതെ നഴ്‌സുമാര്‍ സോറി പറഞ്ഞ് കതകടച്ച് ഉള്‍വലിഞ്ഞു.
ഈ പറഞ്ഞതൊന്നും ഏതെങ്കിലും സിനിമയിലെ കഥാസന്ദര്‍ഭങ്ങളല്ല. മറിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന സംഭവങ്ങളാണ്. പുറത്തുവന്നതും വരാത്തതും വരാനിരിക്കുന്നതുമായ കഥകള്‍ ഇനിയുമേറെയാണ്. രക്തം സ്വീകരിച്ച ബാലികക്ക് എച്ച് ഐ വി ബാധിച്ചത് ഇവിടെ നിന്ന് തന്നെയാണോ എന്നാണ് അടുത്തതായി അറിയാനുള്ളത്. ഈ എട്ട് വയസ്സുകാരി മാനന്തവാടിയിലെ വയനാട് ജില്ലാ ആശുപത്രിക്ക് പുറമെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് രക്തം സ്വീകരിച്ചിരുന്നത്. അച്ഛനും അമ്മയും സഹോദരങ്ങളുമടക്കം കുടുംബത്തില്‍ ആരും എച്ച് ഐ വി പോസിറ്റീവല്ല. രക്തത്തില്‍ ഹീമോഗ്ലോബിന്റെ കുറവ് മൂലമുണ്ടാകുന്ന തലാസീമിയ എന്ന അപൂര്‍വ രോഗം ജന്‍മനാ ബാധിച്ച ഈ കുട്ടിക്ക് സര്‍ക്കാര്‍ ആശുപത്രിയിലെ വിദഗ്ധന്‍മാര്‍ മാരക രോഗം കൂടി കുത്തിവെച്ചിരിക്കുന്നു.
കേരള മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ കണക്ക് പ്രകാരം കേരളത്തില്‍ ആയിരത്തില്‍ ഇരുപത് പേര്‍ക്കെങ്കിലും ഗുരുതരമായ മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സമീപകാല സംഭവങ്ങള്‍ നല്‍കുന്ന സൂചന ഈ ഇരുപതില്‍ ആരൊക്കെയോ ഇവിടെ സേവനത്തിനുണ്ടെന്നാണ്. കാരണം ഇവിടെ നിന്ന് വരുന്ന വാര്‍ത്തകള്‍ അത്തരത്തിലുള്ളതാണ്. ചികില്‍സാ പിഴവുകള്‍ മാത്രമല്ല. കെടുകാര്യസ്ഥത, അഴിമതി, നീതിബോധമില്ലായ്മ… അങ്ങനെ നിഘണ്ടുവിലെ മോശമായ പദങ്ങളെല്ലാം ഈ ആതുരാലയത്തോട് ചേര്‍ത്തു വെക്കാവുന്നതാണ്. മലബാറില്‍ സാധാരണക്കാര്‍ക്ക് ആശ്രയിക്കാനുള്ള ഏക സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അവസ്ഥയാണിത്. വികസന സൊസൈറ്റിക്ക് കീഴില്‍ താത്കാലിക ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയതിന് കഴിഞ്ഞ വര്‍ഷം സസ്‌പെന്‍ഷനിലായതും ഇതേ മെഡിക്കല്‍ കോളജിലെ സൂപ്രണ്ടായിരുന്നു.
പ്രശസ്ത നടി സിനിമയില്‍ പ്രസവരംഗം ചിത്രീകരിക്കാന്‍ അനുമതി നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു നമ്മുടെ നാട്ടില്‍. നിയമസഭാ സ്പീക്കറും സാംസ്‌കാരിക മന്ത്രിയും വരെ ഇതിനെതിരെ രംഗത്തു വന്നു. പ്രസവം പോലുള്ള പവിത്രമായ ഒന്ന് അങ്ങനെ പ്രദര്‍ശിപ്പിക്കാനാകുമോ എന്നതായിരുന്നു പ്രശ്‌നം. ഏത് വേഷവും ചെയ്യാന്‍ മടി കാണിക്കാത്ത നടി തന്റെ പ്രസവം ചിത്രീകരിക്കാന്‍ സമ്മതം കൊടുത്തതിനെതിരെ രംഗത്തു വന്നവര്‍ പക്ഷേ, സാധാരണക്കാരായ ആയിരക്കണക്കിന് സ്ത്രീകളുടെ പ്രസവരംഗം കാണാന്‍ ലൈവായി വഴിപോക്കര്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയതിനെതിരെ ശബ്ദിച്ചു കണ്ടില്ല. അതാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കുന്നത്. പ്രസവവും മറ്റു രഹസ്യമായി ചെയ്യേണ്ട കാര്യങ്ങളും വഴിനടക്കുന്നവര്‍ക്കു പോലും കാണാവുന്ന രീതിയിലായിരുന്നു ഇവിടെ. പരിഹാരം കാണുമെന്ന് പറയുന്നതിനൊന്നും ഇവിടെ അതുണ്ടാകാറില്ല. ചികിത്സക്കെത്തുന്ന രോഗികളില്‍ പുതിയ രോഗാണുക്കള്‍ കുത്തിവെക്കുന്നുമുണ്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി. ഇവിടെ രോഗികള്‍ക്കു കൂട്ടിരിക്കാനെത്തുവര്‍ തിരിച്ചു പോകുമ്പോഴേക്കും രോഗികളായി കാണും.
ആശുപത്രിക്കുള്ളിലും പുറത്തും കുമിഞ്ഞു കൂടുന്ന മാലിന്യങ്ങളില്‍ നിന്നുള്ള ദുര്‍ഗന്ധവും പുകയും ഇവിടെ ചികില്‍സക്കെത്തുന്നവരെ മാരക രോഗികളാക്കി മാറ്റുകയാണ്. മരുന്നുകുപ്പികളും ഗ്ലൂക്കോസ് കുപ്പികളും മെഡിക്കല്‍ മാലിന്യങ്ങളും ആവുന്നത്ര ഉയരത്തില്‍ കൂട്ടിയിട്ടിരിക്കുകയാണ് ആശുപത്രി വളപ്പില്‍. ആശുപത്രിയിലെ കുന്നോളം മാലിന്യങ്ങളില്‍ പേരിന് മാത്രമാണ് സംസ്‌കരിക്കുന്നത്.
പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റും കൂട്ടിയിട്ടു കത്തിക്കുന്നു. മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കരുതെന്ന് ഓംബുഡ്‌സ്മാന്‍ വിധിയുണ്ടെങ്കിലും ഇവിടെ ഇതൊന്നും ബാധകമല്ല. വീട്ടുവളപ്പിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കാനും പറമ്പുകളിലെ കൊതുകിന്റെ വാസസ്ഥലങ്ങള്‍ നശിപ്പിക്കാനും ഡ്രൈ ഡേ ആചരിക്കാനും നാട്ടുകാരെ ബോധവത്കരിക്കുന്ന ആരോഗ്യ വകുപ്പിനെ ആരാണാവോ ബോധവത്കരിക്കുക? വിവാദങ്ങളുണ്ടാകുമ്പോള്‍ പരിശോധിക്കാമെന്ന് പറയുന്നവര്‍ അതൊന്ന് പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മലബാറിലെ സാധാരണക്കാര്‍ക്ക് ഉപകരിച്ചേനെ.
വിവിധ വകുപ്പുകള്‍ തമ്മിലുള്ള പാരവെപ്പും പോരടിയും ഇവിടെ അങ്ങാടിപ്പാട്ടാണ്. ഏതെങ്കിലും വകുപ്പില്‍ എന്തെങ്കിലും അപാകത സംഭവിച്ചാല്‍ കൈയടിച്ച് ചിരിക്കുകയും പിരിവെടുത്ത് ചായസല്‍ക്കാരം നടത്തുകയും ചെയ്യും മറ്റു വകുപ്പുകള്‍. തിരിച്ചും അങ്ങനെത്തന്നെ. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പോരില്‍ മനം നൊന്ത് രാജി വെച്ചു പോയ മിടുക്കന്‍മാരായ ഡോക്ടര്‍മാര്‍ പോലുമുണ്ട്. ഇവരോട് എന്തെങ്കിലുമൊന്ന് ഉച്ചത്തില്‍ പറയാനും പേടിയാണ്. കാരണം അടുത്ത ദിവസം തന്നെ ഒ പി ബഹിഷ്‌കരണം, കുത്തിയിരിപ്പ്, പ്രകടനം, സമരം എല്ലാമായി.
കര്‍ണാടകയിലെ മാണ്ട്യയിലുണ്ടൊരു ഡോക്ടര്‍. ഡോ ശങ്കര്‍ ഗൗഡ, അഞ്ച് രൂപ ഡോക്ടര്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. സാധാരണക്കാരായ പാവങ്ങളെ വെയിലും മഴയും കൊണ്ട് പീടിക വരാന്തയിലെ തൂണില്‍ ചാരിയിരുന്ന് പരിശോധിക്കുന്ന പ്രഗത്ഭനായ ത്വക്ക് രോഗ വിദഗ്ധന്‍. ഇവിടെ എ സിയുടെ കുളിരില്‍ കറങ്ങുന്ന ചെയറിലിരിക്കുന്ന പല്ല് മാറി പറിച്ചവരും കാല് മാറി മുറിച്ചവരും കുട്ടിയെ പരസ്പരം മാറ്റി കൊടുത്തവരുമൊക്കെ ഈ മനുഷ്യനായ ഡോക്ടറെ കാണണം. ശങ്കര്‍ ഗൗഡയെ.