Connect with us

Kerala

കോവളം കൊട്ടാരം: വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചു

Published

|

Last Updated

തിരുവനന്തപുരം: കോവളം കൊട്ടാരം കൈമാറ്റവുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസും അട്ടിമറിച്ചു. കേസ് തന്നെ ഉപേക്ഷിച്ച സര്‍ക്കാര്‍ ഇത് സംബന്ധിച്ച കോടതി നടപടികളും അവസാനിപ്പിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് നല്‍കിയ നിയമോപദേശം അടിസ്ഥാനമാക്കിയാണ് കേസ് അട്ടിമറിച്ചത്. കേസ് ഉപേക്ഷിച്ചതിന് പിന്നാലെ കൊട്ടാരത്തിന് ചുറ്റുമുള്ള ഭൂമി തങ്ങളുടെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരത്തിന്റെ ഇപ്പോഴത്തെ ഉടമസ്ഥരായ ആര്‍ പി ഗ്രൂപ്പ് സര്‍ക്കാറിന് അപേക്ഷയും നല്‍കി. റവന്യൂ വകുപ്പ് ഇത് പരിഗണിച്ചു വരികയാണ്.

കോവളം കൊട്ടാരം കൈമാറ്റവുമായി ബന്ധപ്പെട്ട് 2012 ആഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് കേസാണ് ഉപേക്ഷിച്ചത്. വിജിലന്‍സ് അന്വേഷണത്തില്‍ കുറ്റക്കാരെന്നു തെളിഞ്ഞ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള തുടര്‍നടപടികളും അവസാനിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കലക്ടറായിരുന്ന ശാരദാ മുരളീധരന്‍, നെയ്യാറ്റിന്‍കര ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ് ശാഹുല്‍ ഹമീദ് എന്നിവരടക്കം നാല് പേര്‍ക്കെതിരെയാണ് കൊട്ടാരം കൈമാറ്റവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയത്. കോവളത്തെ ഭൂമിയും കൊട്ടാരവും ഐ ടി ഡി സി ക്ക് കൈമാറിയതുള്‍പ്പെടെയുള്ള നടപടികളുടെ നിയമസാധുതയാണ് അന്വേഷിച്ചത്. 25 ഹെക്ടര്‍ ഭൂമി ഐ ടി ഡി സിക്ക് നല്‍കിയത് നിയമവിരുദ്ധമാണെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. ഐ ടി ഡി സിയില്‍ നിന്ന് കോവളം ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് കൈമാറിയതും നിയമപരമല്ലെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയതായും ക്രിമിനല്‍ ഗൂഢാലോചന, നിയമവിരുദ്ധ പ്രവര്‍ത്തനം എന്നിവ ജില്ലാ കലക്ടറടക്കമുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കലക്ടര്‍ക്കും വില്ലേജ് ഓഫീസര്‍ക്കും എതിരെയുള്ള കേസ് നിയമപരമായി തെറ്റായി പോയെന്നായിരുന്നു ഡെപ്യൂട്ടി ഡയറക്ടര്‍ ഒഫ് പ്രോസിക്യൂഷന്‍ നല്‍കിയ നിയമോപദേശം. വിജിലന്‍സ് കേസ് അവസാനിപ്പിക്കാനുള്ള അപേക്ഷയും കോടതിയില്‍ സമര്‍പ്പിച്ച് തുടര്‍ നടപടികള്‍ ഒഴിവാക്കുകയായിരുന്നു.
വിജിലന്‍സ് കേസ് അവസാനിപ്പിച്ചതിന് പിന്നാലെയാണ് കൊട്ടാരത്തിന് ചുറ്റുമുള്ള ഭൂമി തങ്ങളുടെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിന് ആര്‍ പി ഗ്രൂപ്പ് അപേക്ഷ നല്‍കിയത്. 99 വര്‍ഷത്തെ നാമമാത്ര പാട്ടത്തിന് ഭൂമിയും കൊട്ടാരവും നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നതിനിടെയാണ് വിജിലന്‍സ് കേസ് അവസാനിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. പാട്ടത്തിന് കൊടുക്കുന്ന സ്ഥലത്ത് രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ നടപടികള്‍ പുരോഗമിക്കുന്നതോടെ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസും ഇല്ലാതാകും.
ഐ ടി ഡി സിയില്‍ നിന്ന് 2004ലാണ് എം ഫാര്‍ ഗ്രൂപ്പ് ഹോട്ടല്‍ വാങ്ങിയത്. ഹാല്‍സിയന്‍ കൊട്ടാരത്തില്‍ സ്വകാര്യ ഉടമ അവകാശമുന്നയിച്ചത് അന്നുതന്നെ വന്‍ വിവാദമായിരുന്നു. തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാറിന് ലഭിച്ച കൊട്ടാരം, ചരിത്രസ്മാരകമായോ മ്യൂസിയമായോ സംരക്ഷിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നു. അന്ന് പ്രതിപക്ഷ നേതാവിയിരുന്ന വി എസ് അച്യുതാനന്ദന്‍ നയിച്ച ജനകീയ സമരങ്ങളെ തുടര്‍ന്ന് 2005ല്‍ കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുത്തത്.

Latest