Connect with us

Ongoing News

പ്രധാനമന്ത്രി റോഡ് പദ്ധതിയില്‍ കേരളത്തെ ഉള്‍പ്പെടുത്തി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഗ്രാമീണ്‍ സടക് യോജന പദ്ധതിയില്‍ കഴിഞ്ഞ ബജറ്റില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ നടപടി തിരുത്തിയതായി കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശ് കേരള സംഘത്തെ അറിയിച്ചു. മന്ത്രി കെ സി ജോസഫിന്റെ നേതൃത്വത്തില്‍ കേരള എം പിമാരുമായാണ് ജയറാം രമേശ് ചര്‍ച്ച നടത്തിയത്. പി എം ജി എസ് വൈ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കേരളത്തെ ഉള്‍പ്പെടുത്തിയതായി കേന്ദ്ര മന്ത്രി അറിയിച്ചതായി മന്ത്രി കെ സി ജോസഫ് പറഞ്ഞു.

നേരത്തെ കേന്ദ്ര ബജറ്റില്‍ കേരളത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. എട്ടാമത്തെ ഘട്ടമായി റോഡ് മെച്ചപ്പെടുത്താന്‍ അനുവദിച്ച 720 കിലോ മീറ്റര്‍ റോഡിന് പുറമെ കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ പാക്കേജ് ആയി 25.5 കിലോ മീറ്ററും ഇടുക്കി പാക്കേജില്‍ 137 കിലോ മീറ്ററും അനുവദിക്കാന്‍ കേന്ദ്രം അനുമതി നല്‍കി.
ഈ മാസം 25ന് ചേരുന്ന എംപവേര്‍ഡ് കമ്മിറ്റി പദ്ധതികള്‍ക്ക് അന്തിമ അംഗീകാരം നല്‍കും. കേന്ദ്രം ആവശ്യപ്പെട്ട പ്രകാരം പി എം ജി എസ് വൈ റോഡിന്റെ ചുമതലക്കായി ഒരു ചീഫ് എന്‍ജിനീയറെയും ഒരു എംപവേര്‍ഡ് ഓഫീസറെയും നിയമിക്കാനും ബ്ലോക്ക് തല എന്‍ജിനീയറിംഗ് വിംഗ് ശക്തിപ്പെടുത്തുവാനും കേരളം നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ സി ജോസഫ് കേന്ദ്ര മന്ത്രിക്ക് ഉറപ്പ് നല്‍കി.
കേരളത്തിലെ കൂലി വര്‍ധന കണക്കിലെടുത്ത് ഒരു കിലോമീറ്ററിന് എഴുപത് ലക്ഷം രൂപയെങ്കിലും അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര മന്ത്രി തത്വത്തില്‍ അംഗീകരിച്ചു. ഇപ്പോള്‍ നടന്നു വരുന്ന പി എം ജി എസ് വൈ പ്രവൃര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ട അധിക ചെലവ് സംസ്ഥാന ഫണ്ടില്‍ നിന്നും വിനിയോഗിക്കാന്‍ സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കിയിട്ടുെന്ന് മന്ത്രി കെ സി ജോസഫ് അറിയിച്ചു. വരള്‍ച്ച ബാധിച്ച ജില്ലകളില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നൂറ് ദിവസത്തില്‍ നിന്ന് 150 ദിവസമാക്കി വര്‍ധിപ്പിക്കാനും കൂലി 180 രൂപയാക്കാനും നടപടി സ്വീകരിച്ചതായി മന്ത്രി അറിയിച്ചു. തൊഴിലുറപ്പിന്റെ കൂലി കേരളത്തില്‍ മിനിമം കൂലിയായ ഇരുനൂറ് രൂപയാക്കണമെന്നും ക്ഷീര, കയര്‍ മേഖലയെയും പരമ്പരാഗത വ്യവസായ മേഖലയെയും തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തണമെന്നും കേരളം ആവശ്യപ്പെട്ടു.
കേന്ദ്ര മന്ത്രിമാരായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം പിമാരായ പി സി ചാക്കോ, കെ എന്‍ ബാലഗോപാല്‍, എം ഐ ഷാനവാസ്, പി ടി തോമസ്, ഇ ടി മുഹമ്മദ് ബഷീര്‍, കെ സുധാകരന്‍, ജോസ് കെ മാണി, ആന്റോ ആന്റണി, എം പി അച്യുതന്‍, പീതാംബര കുറുപ്പ്, ചാള്‍സ് ഡയസ്, കെ പി ധനപാലന്‍, എം കെ രാഘവന്‍, സി പി നാരായണന്‍, ജോയ് എബ്രഹാം, പി കെ ബിജു, ടി എന്‍ സീമ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Latest