Connect with us

Sports

ബാഴ്‌സലോണ വിജയ വഴിയില്‍

Published

|

Last Updated

2013-03-09_FC_BARCELONA_-_DEPORTIVO_CORUNA_-_028.v1362864657മാഡ്രിഡ്: ഒടുവില്‍ ബാഴ്‌സലോണ വിജയ വഴിയിലെത്തി. ലാലീഗയില്‍ ഡിപ്പോര്‍ട്ടീവോ ലാ കൊരുണയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് അവര്‍ വിജയിച്ചത്. നാളെ നടക്കാനിരിക്കുന്ന എ സി മിലാനെതിരായ ചാമ്പ്യന്‍സ് ലീഗിലെ നിര്‍ണായക രണ്ടാം പാദ മത്സരത്തിനൊരുങ്ങുന്ന അവര്‍ക്ക് വിജയം മികച്ച ആത്മവിശ്വാസമേകും. തുടര്‍ച്ചയായി 17ാം മത്സരത്തിലും ഗോള്‍ നേടുന്ന താരമെന്ന ലയണല്‍ മെസ്സിയുടെ റെക്കോര്‍ഡ് പ്രകടനമാണ് മത്സരത്തെ ശ്രദ്ധേയമാക്കിയത്. ആദ്യമായി ടീമിന്റെ ഫസ്റ്റ് ഇലവനില്‍ ഉള്‍പ്പെടാതിരുന്ന മെസ്സി രണ്ടാം പകുതിയില്‍ കളത്തിലിറങ്ങി ബാഴ്‌സയുടെ വിജയം പൂര്‍ത്തിയാക്കുകായായിരുന്നു. ആദ്യ പകുതിയില്‍ അലക്‌സിസ് സാഞ്ചസിലൂടെ ബാഴ്‌സ ലീഡെടുത്തിരുന്നു. വിജയത്തോടെ ഒന്നാം സ്ഥാനത്ത് തുടരുന്ന ബാഴ്‌സക്ക് 71 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള അതിലറ്റികോ മാഡ്രിഡുമായി ബാഴ്‌സ 14 പോയിന്റിന്റെ മുന്‍തൂക്കം നേടി.
കളിയുടെ 38ാം മിനുട്ടിലാണ് ഡാനി ആല്‍വ്‌സിന്റെ ക്രോസില്‍ നിന്ന് സാഞ്ചാസ് ഹെഡ്ഡറിലൂടെ ബാഴ്‌സക്ക് ലീഡ് സമ്മാനിച്ചത്. രണ്ടാം പകുതിയില്‍ കളിക്കാനിറങ്ങിയ മെസ്സി 88ാം മിനുട്ടിലാണ് ഗോള്‍ നേടി ബാഴ്‌സയുടെ വിജയം ഉറപ്പാക്കിയത്. ഈ ഗോളിന്റെ പിറകിലും സാഞ്ചസിന്റെ പങ്കാളിത്തമുണ്ടായിരുന്നു.
തുടര്‍ച്ചയായ 17 മത്സരങ്ങളില്‍ നിന്ന് ഗോള്‍ കണ്ടെത്തിയ മെസ്സി 16 തുടര്‍ മത്സരങ്ങളില്‍ നിന്ന് 22 ഗോള്‍ നേടിയ പോളണ്ടിന്റെ തിയോഡര്‍ പീറ്റ്‌റെക്കിന്റെ റെക്കോര്‍ഡാണ് മെസ്സി സ്വന്തം പേരിലാക്കിയത്. 1037-38 വര്‍ഷക്കാലത്താണ് പോളിഷ് ഫസ്റ്റ് ഡിവിഷന്‍ മത്സരങ്ങളില്‍ നിന്ന് തിയോഡര്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. ഇത്രയും കാലമായിട്ട് ആരും തകര്‍ക്കാതെ നില നിന്ന റെക്കോര്‍ഡാണ് അര്‍ജന്റൈന്‍ താരത്തിന്റെ കുതിപ്പില്‍ വഴിമാറിയിരിക്കുന്നത്. നേരത്തെ ലാലീഗയില്‍ മെസ്സി 200 ഗോളുകള്‍ സ്വന്തമാക്കിയിരുന്നു. ബ്രസീല്‍ മുന്‍ ഇതിഹാസം റൊണാള്‍ഡോ ബാഴ്‌സലോണക്കായി കളിച്ച കാലത്ത് 10 മത്സരങ്ങളില്‍ തുടര്‍ച്ചയായി വല ചലിപ്പിച്ചിരുന്നു.
മാഞ്ചസ്റ്റര്‍ സിറ്റി
സെമിയില്‍
ലണ്ടന്‍: എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ബാണ്‍സ്‌ലിയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി എഫ് എ കപ്പിന്റെ സെമിയിലേക്ക് കുതിച്ചു. അര്‍ജന്റൈന്‍ താരം കാര്‍ലോസ് ടെവസ്സിന്റെ ഹാട്രിക്കാണ് കളി സിറ്റിക്ക് അനുകൂലമാക്കിയത്. അലെക്‌സാന്‍ഡര്‍ കൊളറോവ്, ഡേവിഡ് സില്‍വ എന്നിവരും സിറ്റിക്കായി വല ചലിപ്പിച്ചു. കളിയുടെ 11, 31, 50 മിനുട്ടുകളിലാണ് ടെവസ്സ് ഗോളുകള്‍ നേടിയത്. 27ാം മിനുട്ടില്‍ അലെക്‌സാന്‍ഡര്‍ കൊളറവും 65ല്‍ ഡേവിഡ് സില്‍വയും ഗോള്‍ നേടി. നേരത്തെ എവര്‍ട്ടനെ അട്ടിമറിച്ച് വീഗാന്‍ സെമിയിലെത്തിയിരുന്നു. മറ്റൊരു മത്സരത്തില്‍ ബ്ലേക് ബോണ്‍ – മില്‍വാള്‍ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു.
ജുവന്റസ് രക്ഷപ്പെട്ടു
മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ ഒന്നാം സ്ഥാനത്തുള്ള ജുവന്റസ് വിജയം തുടരുന്നു. കറ്റാനിയയെ അവര്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിന് കീഴടക്കി. അവസാന നിമിഷം വരെ ഗോള്‍ രഹിതമായി കടന്നുപോയപ്പോള്‍ ഇഞ്ച്വറി ടൈമില്‍ ജിയക്‌ചെരിനി നേടിയ ഗോളിലാണ് ജുവന്റസ് മുഖം രക്ഷിച്ചത്.
ഇബ്രായുടെ
ഇരട്ട ഗോളില്‍ പി എസ് ജി
പാരീസ്: നാന്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് പാരീസ് സെന്റ് ജര്‍മൈന്‍ ഫ്രഞ്ച് ലീഗ് വണിലെ കുതിപ്പ് തുടരുന്നു. കളിയുടെ 36ാം മിനുട്ടില്‍ മൗക്കന്‍ജോയിലൂടെ ലീഡെടുത്ത് പി എസ് ജിയെ ഞെട്ടിച്ച നാന്‍സിയെ രണ്ടാം പകുതിയിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് പി എസ് ജി മറികടന്നത്. ഇരട്ട ഗോളുകളുമായി തിളങ്ങിയ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചാണ് പി എസ് ജിയുടെ വിജയത്തിന് പിന്നില്‍. 59, 62 മിനുട്ടുകളിലാണ് ഇബ്ര വല ചലിപ്പിച്ചത്.
ബയേണിന് ജയം;
ബൊറൂസിയയെ
കീഴടക്കി ഷാല്‍ക്കെ
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ തലപ്പത്തുള്ള ബയേണ്‍ മ്യൂണിക്ക്, നാലമതുള്ള ഷാല്‍ക്കെ ടീമുകള്‍ക്ക് വിജയം. ആവേശകരമായ പോരാട്ടത്തില്‍ ഫോര്‍ച്ചുണക്കെതിരെ ഉഷ്ണിച്ചാണ് ബയേണ്‍ വിജയം പിടിച്ചത്. 16ാം മിനുട്ടില്‍ ലീഡെടുത്ത ഫോര്‍ച്ചുണക്കെതിരെ ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ തോമസ് മുള്ളറിന്റെ ഗോളില്‍ ബയേണ്‍ ഒപ്പം പിടിച്ചു. എന്നാല്‍ 71ല്‍ വെച്ച് ഫോര്‍ച്ചൂണ വീണ്ടും ലീഡുയര്‍ത്തി. രണ്ട് മിനുട്ടിന് ശേഷം ഫ്രാങ്ക് റിബറിയിലൂടെ ബയേണ്‍ സമനില പിടിച്ചു. ഒടുവില്‍ 86ല്‍ വെച്ച് ജെറോം ബോട്ടംഗ് ബയേണിന് വിജയം സമ്മാനിക്കുകയായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടിനെ മലര്‍ത്തിയടിച്ചാണ് ഷാല്‍ക്കെയുടെ വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അവര്‍ വിജയിച്ചത്. ആദ്യ പകുതിയില്‍ തന്നെ ജൂലിയന്‍ ഡ്രക്സ്ലര്‍, ക്ലാസ് യാന്‍ ഹണ്ട്‌ലാര്‍ എന്നിവരിലൂടെ ഷാല്‍ക്കെ മുന്നില്‍ കടന്നു. ബൊറൂസിയയുടെ ആശ്വാസ ഗോള്‍ 59ല്‍ വെച്ച് ലവന്‍ഡോസ്‌കി നേടി.

Latest