Connect with us

Malappuram

പുല്ലഞ്ചേരിക്കാരുടെ ഉറക്കം കെടുത്തി കരിങ്കല്‍ ക്വാറി

Published

|

Last Updated

മലപ്പുറം: കരിങ്കല്‍ കഷ്ണങ്ങളെ ഭയന്ന് ഉറക്കമില്ലാതെ കഴിയുകയാണ് പുല്ലഞ്ചേരിയിലെ നാട്ടുകാര്‍. മഞ്ചേരി നഗരസഭയിലെ 22ാം വാര്‍ഡായ പുല്ലഞ്ചേരിയിലെ 365 ഓളം വരുന്ന കുടുംബങ്ങളാണ് വീടിന് മുകളിലൂടെ ഓടും പൊളിച്ച് വരുന്ന കരിങ്കല്‍ ചീളുകളെ ഭയന്ന് ആശങ്കയില്‍ കഴിയുന്നത്.
ക്വാറി പ്രവര്‍ത്തിപ്പിക്കാന്‍ ജിയോളജി വകുപ്പിന്റെ അനുമതിയുണ്ടെങ്കിലും നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ഇലക്ട്രിക് സംവിധാനങ്ങളുപയോഗിച്ച് പാറ പൊട്ടിക്കുമ്പോള്‍ കരിങ്കല്‍ കഷ്ണങ്ങളും ചീളുകളും ഉയരത്തില്‍ തെറിച്ച് വീടുകളുടെയും ജനങ്ങളുടെയും മേല്‍പതിക്കുകയാണ്. ഇതു സംബന്ധിച്ച് നിരവധി തവണ റവന്യു, പൊലിസ്, നഗരസഭാ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ക്വാറി ഉടമകളുടെ സ്വാധീനത്തിന് മുന്നില്‍ പരാതികളെല്ലാം നിഷ്ഫലമാവുകയായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.
ജില്ലയിലെ തന്നെ ഏറ്റവും വലിയ കരിങ്കല്‍ ക്വാറികളിലൊന്നാണ് ഈ ക്വാറി. 22 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവിടെ ക്വാറി ആരംഭിക്കുന്നത്. ആദ്യമൊക്കെ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതെയാണ് ക്വാറി പ്രവര്‍ത്തിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടറും പൊലീസും ഇടപെട്ട് മധ്യസ്ഥതയില്‍ പ്രശ്‌നം പരിഹരിച്ചെങ്കിലും പിന്നീട് ഉടമസ്ഥര്‍ മധ്യസ്ഥ തീരുമാനങ്ങള്‍ ലംഘിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
ക്രഷറിയിലുള്ള എംസാന്‍ഡിന്റെ നിര്‍മാണത്തിന് ദിവസേന 50000 ലിറ്റര്‍ വെള്ളം ഊറ്റുന്നതായും ഇത് പ്രദേശത്തെ 75 കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നതായും പരാതിയുണ്ട്. മലമുകളില്‍ നീരുറവ കെട്ടി നിര്‍ത്തിയതും പ്രദേശത്ത് ജല ക്ഷാമം രൂക്ഷമാക്കുന്നതായി നാട്ടുകാര്‍ പറയുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതു മൂലം പ്രദേശവാസികള്‍ക്ക് അന്തിയുറങ്ങാന്‍ പോലും കഴിയുന്നില്ല. പാറ പൊട്ടിക്കുന്ന പ്രകമ്പനം മൂലം പല വീടുകളുടെയും ചുമരുകള്‍ തകര്‍ന്നിട്ടുണ്ട്.
വീടിന് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുന്ന കുട്ടികളുടെ മേല്‍വരെ കരിങ്കല്‍ ചീളുകള്‍ വന്ന് പതിച്ചിട്ടുണ്ട്. സ്‌ഫോടനം നടക്കുമ്പോള്‍ രൂപപ്പെടുന്ന പൊടിപടലങ്ങള്‍ വീടുകളിലും ആരാധനാലയങ്ങളിലും നിറഞ്ഞു നില്‍ക്കുന്നതായും കരിങ്കല്‍ ക്വാറിയില്‍ നിന്നും വരുന്ന മാലിന്യങ്ങള്‍ മൂലം കൃഷി ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു. പരാതി പറയാന്‍ തുനിയുന്നവരെ പണം നല്‍കി പ്രലോഭിപ്പിക്കാനും ഇതില്‍ വീണില്ലെങ്കില്‍ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനും ക്വാറി ഉടമകള്‍ ശ്രമിക്കുന്നതായും പ്രദേശവാസികളായ എന്‍ പി ജാഫര്‍, അബ്ദുസ്സമദ് ഹാജി, പി അബ്ദുല്‍ ലത്തീഫ്, പി അബ്ദുല്‍കരീം, കെ മുഹമ്മദ് ഇല്യാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അധികൃതരും ക്വാറി ഉടമകളും തമ്മിലുള്ള ഒത്തുകളി മൂലം ബുദ്ധിമുട്ടിലായ നാട്ടുകാര്‍ ഒന്നടങ്കം ക്വാറിക്ക് മുന്നില്‍ നിരാഹാര സമരം നടത്താനുള്ള ഒരുക്കത്തിലാണ്.

Latest