Connect with us

Kasargod

സമരക്കാരുടെ ആരോഗ്യനില വഷളായി

Published

|

Last Updated

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരം ഇന്നലേക്ക് ആറാംദിവസം പിന്നിട്ടു. നിരാഹാരം അനുഷ്ഠിക്കുന്ന പി കൃഷ്ണന്‍ പുല്ലൂരിന്റെയും സുഭാഷ് ചീമേനിയുടെയും ആരോഗ്യനില വഷളായി. ഇന്നലെ രാവിലെ എത്തിയ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ഇരുവരേയും പരിശോധിച്ചാണ് ആരോഗ്യനില വിലയിരുത്തിയത്.
സര്‍ക്കാര്‍ അനങ്ങാപാറ നയം തുടരുകയാണെങ്കില്‍ കടുത്ത സമരമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് മുന്നണി മുന്നറിയിപ്പ് നല്‍കി. നിരാഹാരം അനുഷ്ഠിക്കുന്നവരുടെ ആരോഗ്യനില വഷളായിട്ടും ആശുപത്രിയിലേക്ക് മാറ്റാനോ, സമരം ഒത്തുതീര്‍പ്പാക്കാനോ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് പീഡിത മുന്നണി നഗരത്തില്‍ പ്രകടനം സംഘടിപ്പിച്ചു. അധികൃതരുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് അമ്മമാരുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. സി വി നളിനി, മാധവി, സജിത, മിസ്‌രിയ, ബല്‍ക്കീസ് നേതൃത്വം നല്‍കി. ആറാംദിവസത്തെ സമരം സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ടി വി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം എല്‍ എ. സി എച്ച് കുഞ്ഞമ്പു, ഡോ. ഡി സുരേന്ദ്ര നാഥ്, എം അനന്തന്‍ നമ്പ്യാര്‍, ടി ശോഭന, പവിത്രന്‍ തോയമ്മല്‍ പ്രസംഗിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസം അഞ്ച് വര്‍ഷംകൊണ്ട് അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നിരാഹാരസമരം ആരംഭിച്ചത്.

Latest