Connect with us

Malappuram

അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിന് ഭൂമി എറ്റെടുക്കാന്‍ 3.49 കോടി രൂപ അനുവദിച്ചു

Published

|

Last Updated

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കാനായി 3.49 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്താന്‍ നഗരകാര്യ ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
പെരിന്തല്‍മണ്ണ- അങ്ങാടിപ്പുറം നഗരങ്ങളില്‍ ഉണ്ടാകാറുള്ള ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് വേണ്ടിയും, മങ്കട പെരിന്തല്‍മണ്ണ മണ്ഡലങ്ങളുടെ സമഗ്ര വികസനത്തെ സ്വാധീനക്കുക കൂടി ചെയ്യുന്ന ഈ പ്രവര്‍ത്തി ദീര്‍ഘ കാലത്തെ ഒരാവശ്യമായിരുന്നു. കഴിഞ്ഞ 15നാണ് ഈ തുക അനുവദിച്ചു കൊണ്ട് ഉത്തരവിറക്കിയത്. മേല്‍പ്പാല നിര്‍മാണവുമായി റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജ് കോര്‍പ്പറേഷന്‍ മുന്നോട്ട് പോയി കഴിഞ്ഞാല്‍ ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെടാതിരിക്കാനാണ് ഭൂമി ഏറ്റെടുക്കേണ്ട സ്ഥിതി വിശേഷത്തിലേക്കെത്തിയത്.
പദ്ധതി വേഗത്തില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ഉടനാരംഭിക്കും. കലക്ടര്‍ എം സി മോഹന്‍ദാസുമായി മന്ത്രി അലി ഇതിനകം ചര്‍ച്ചകള്‍ നടത്തി.
അങ്ങാടിപ്പുറത്തെ വ്യാപാരി സമൂഹം മേല്‍പ്പാല നിര്‍മാണവുമായി സഹകരിക്കാത്ത നിലപാടിലാണ്. മന്ത്രി അലിയും ടി എ അഹമ്മദ് കബീര്‍ എം എല്‍ എയും പ്രത്യേകം താത്പര്യപ്പെടുത്താണ് മേല്‍പ്പാലത്തിനുള്ള ഓരോ സാങ്കേതികക്കുരുക്കുകളും അഴിച്ച് നീക്കുന്നത്. മേല്‍പ്പാലത്തിന്റെ ആവശ്യകത സര്‍ക്കാര്‍ വിശദമായി പരിശോധിച്ചിരുന്നു. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാവുന്ന മുറക്ക് മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങാനാകും. പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ തിരുവനന്തപുരം – നിലമ്പൂര്‍, ഷൊര്‍ണൂര്‍ – നിലമ്പൂര്‍ ട്രെയിനുകള്‍ക്ക് വേണ്ടി പ്രതിദിനം 14 തവണ ഗേറ്റ് അടക്കാറുണ്ട്. എഫ് സി ഗോഡൗണിലേക്ക് മറ്റും വരുന്ന ചരക്ക് വണ്ടികളും റോഡ് ഗതാഗത കാര്യമായി ബാധിക്കുന്നുണ്ട്.
ഗതഗാത കുരുക്ക് ഒഴിവാക്കാനായി പെരിന്തല്‍മണ്ണ, മങ്കട മണ്ഡലങ്ങളിലെ നഗര റോഡ് നാല് വരിപ്പാതയാക്കി നേരത്തെ മാറ്റിയിരുന്നു. ഇതോടൊപ്പം അങ്ങാടിപ്പുറം റെയില്‍വേ ഗേറ്റ് തന്നെ നിലവിലുള്ളതിനേക്കാള്‍ രണ്ടര മീറ്റര്‍ വീതി കൂട്ടുകയും ചെയ്തിരുന്നു. ഗതാഗത കുരുക്ക് ശക്തമായി പരിഹരിക്കാന്‍ മേല്‍പ്പാലം അടിയന്തിരമായി നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Latest