Connect with us

Kerala

കേരളത്തിലെ സുരക്ഷാ ചെലവിന് മാസം 20 ലക്ഷം; കര്‍ണാടക സര്‍ക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് മഅ്ദനി

കര്‍ണാടക സര്‍ക്കാര്‍ നടപടി കോടതി ഉത്തരവിനെ നീര്‍വീര്യമാക്കുന്നതാണെന്ന് സുപ്രീം കോടതി. കഴിഞ്ഞ തവണ നാല് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നിടത്ത് ഇത്തവണ എണ്ണം വര്‍ധിച്ചത് എങ്ങനെയെന്ന് കോടതി ചോദിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | കേരളത്തില്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നതിന് കര്‍ണാടക സര്‍ക്കാര്‍ ഒരു മാസം 20 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് അബ്ദുന്നാസര്‍ മഅ്ദനി. ഹരജി തിങ്കളാഴ്ച പരിഗണിക്കും.

ഹരജി സംബന്ധിച്ച് ഇന്ന് പരാമര്‍ശം നടത്തിയ പരമോന്നത കോടതി, കര്‍ണാടക സര്‍ക്കാര്‍ നടപടി കോടതി ഉത്തരവിനെ നീര്‍വീര്യമാക്കുന്നതാണെന്ന് നിരീക്ഷിച്ചു. കഴിഞ്ഞ തവണ നാല് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നിടത്ത് ഇത്തവണ എണ്ണം വര്‍ധിച്ചത് എങ്ങനെയെന്ന് കോടതി ചോദിച്ചു. ഹരജിയില്‍ ഉന്നയിച്ചിട്ടുള്ള കാര്യത്തില്‍ മറുപടി സമര്‍പ്പിക്കാന്‍ കോടതി കര്‍ണാടക സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

20 സുരക്ഷാ ഉദ്യോഗസ്ഥരാണ് 82 ദിവസത്തെ യാത്രക്ക് മഅ്ദനിയെ അനുഗമിക്കുന്നത്. ഇവര്‍ക്കുള്ള ഭക്ഷണം, താമസം, വിമാന യാത്രാച്ചെലവ്, വിമാനയാത്രക്കുള്ള പ്രത്യേക അനുമതി ഇവയെല്ലാം ചേര്‍ത്താണ് തുക നിശ്ചയിച്ചതെന്നാണ് കര്‍ണാടക പോലീസ് പറയുന്നത്. എന്നാല്‍, ഇത്ര വലിയൊരു തുക നല്‍കാന്‍ നിര്‍വാഹമില്ലെന്നാണ് മഅ്ദനിയുടെ കുടുംബത്തിന്റെ നിലപാട്.