Connect with us

Uae

യു എ ഇയിൽ ചികിത്സയിൽ കഴിയുന്ന സിറിയൻ ഭൂകമ്പബാധിതരെ ശൈഖ് ഹംദാൻ ബിൻ സായിദ് സന്ദർശിച്ചു

ബുർജീൽ മെഡിക്കൽ സിറ്റി, ഖലീഫ മെഡിക്കൽ സിറ്റി എന്നിവിടങ്ങളിൽ അടിയന്തര ചികിത്സയിൽ കഴിയുന്നവർക്ക് പിന്തുണയേകിയാണ് സന്ദർശനം

Published

|

Last Updated

അബുദാബി | സിറിയയിലെ ഭൂകമ്പത്തെ അതിജീവിച്ച് അബുദാബിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്സ് റെഡ് ക്രസന്റ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ സന്ദർശിച്ചു. ബുർജീൽ മെഡിക്കൽ സിറ്റി, ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി എന്നിവിടങ്ങളിൽ വിദഗ്ധ ചികിത്സയിൽ കഴിയുന്നവരെയാണ് അദ്ദേഹം സന്ദർശിച്ചത്.

സിറിയയിലും തുർക്കിയിലും ഭൂകമ്പത്തിൽ പരുക്കേറ്റവർക്ക് വൈദ്യസഹായം നൽകാനുള്ള യു എ ഇയുടെ മാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറകിന്റെ നിർദേശപ്രകാരമാണ് ചികിത്സയ്ക്കായി നിരവധിപേരെ രാജ്യത്ത് എത്തിച്ചത്. ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയും സാഹചര്യങ്ങളും ബന്ധുക്കളോടും മെഡിക്കൽ വിദഗ്ധരോടും അദ്ദേഹം ചോദിച്ചു മനസിലാക്കി. പരുക്കേറ്റവർക്ക് മികച്ച ചികിത്സയ്‌ക്കൊപ്പം ആരോഗ്യം വീണ്ടെടുക്കാനും പുനരധിവാസത്തിനുള്ള പദ്ധതികളും ലഭ്യമാക്കും. സിറിയയിലെയും തുർക്കിയിലെയും ദുരന്ത ബാധിതർക്ക് സഹായം നൽകാനുള്ള ഒരവസരവും യു എ ഇ പാഴാക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ദുരന്തബാധിതർക്ക് സഹായമെത്തിക്കാനുള്ള സംരംഭത്തിൽ പങ്കാളികളായവർക്ക് നന്ദി പറഞ്ഞു.

മന്ത്രി ഡോ.മൈത ബിൻത് സലിം അൽ ശംസി, ആരോഗ്യ വകുപ്പ് മേധാവി മൻസൂർ അൽ മൻസൂരി, ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനുമായ ഡോ.ശംശീർ വയലിൽ അനുഗമിച്ചു. സിറിയയിലെ ഭൂകമ്പത്തെ അതിജീവിച്ച പത്തുവയസ്സുകാരി ശാം ശൈഖ് മുഹമ്മദിനേയും സഹോദരൻ ഉമറിനെയും സന്ദർശിക്കാനാണ് ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ ബുർജീൽ മെഡിക്കൽ സിറ്റിയിൽ എത്തിയത്.

ഭൂകമ്പമുണ്ടായി 46 മണിക്കൂറിന് ശേഷമാണ് ഷാമിനെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നു രക്ഷപ്പെടുത്തിയത്. തുടർന്ന് തുർക്കിയിലേക്ക് മാറ്റിയിരുന്നു. എമിറേറ്റ്സ് റെഡ് ക്രെസന്റും ബുർജീൽ ഹോൾഡിംഗ്സും കൈകോർത്ത പ്രത്യേക മെഡിക്കൽ യജ്ഞത്തിലൂടെ ഇസ്‌താംബുളിലേക്ക് അയച്ച മെഡിക്കൽ സംഘത്തോടൊപ്പം ശാമും സഹോദരൻ ഉമറും അബുദാബിയിലെത്തിയത്. ചൊവ്വാഴ്ച രാത്രി സ്വകാര്യ വിമാനത്തിൽ യാത്രയായ സംഘം കുട്ടികളുമായി ബുധനാഴ്ച രാവിലെ തിരിച്ചെത്തി. ഉടനെ ഇരുവരെയും ബുർജീൽ മെഡിക്കൽ സിറ്റിയിലേക്ക് മാറ്റുകയായിരുന്നു.

Latest