Connect with us

Uae

ഷാര്‍ജയില്‍ ദീര്‍ഘകാല പാര്‍ക്കിംഗ് സേവനം ആരംഭിച്ചു

താമസക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇഷ്ടമുള്ള രണ്ട് സോണുകളില്‍ പാര്‍ക്കിങ് നടത്താന്‍ അനുവദിക്കുന്നതാണ് പുതിയ ദീര്‍ഘകാല സബ്സ്‌ക്രിപ്ഷന്‍.

Published

|

Last Updated

ഷാര്‍ജ | ഷാര്‍ജയില്‍ പുതിയ പൊതു പാര്‍ക്കിംഗ് സബ്സ്‌ക്രിപ്ഷന്‍ സേവനം ആരംഭിച്ചു. താമസക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇഷ്ടമുള്ള രണ്ട് സോണുകളില്‍ പാര്‍ക്കിങ് നടത്താന്‍ അനുവദിക്കുന്നതാണ് പുതിയ ദീര്‍ഘകാല സബ്സ്‌ക്രിപ്ഷന്‍. നിലവിലുള്ള നിരവധി ഓപ്ഷനുകള്‍ക്ക് പുറമെയാണ് ഈ സേവനം.

ഉപഭോക്താക്കള്‍ക്കുള്ള സമയവും പ്രയത്‌നവും കുറയ്ക്കുകയും സേവനങ്ങള്‍ എളുപ്പത്തിലും സൗകര്യപ്രദമായും നല്‍കുന്നതിനുമുള്ള മുന്‍സിപ്പാലിറ്റിയുടെ ശ്രമങ്ങള്‍ക്ക് അനുസൃതമായാണ് പുതിയ സബ്സ്‌ക്രിപ്ഷന്‍ ആരംഭിക്കുന്നതെന്ന് പബ്ലിക് പാര്‍ക്കിംഗ് ഡിപാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഹമീദ് അല്‍ ഖ്വയ്ദ് സ്ഥിരീകരിച്ചു.

ഷാര്‍ജ നഗരത്തിലെ എല്ലാ പ്രദേശങ്ങള്‍ക്കും വ്യക്തിഗത പാര്‍ക്കിംഗിന് 10 ദിവസത്തേക്ക് 170 ദിര്‍ഹമാണ് നിരക്ക് ഈടാക്കുക. 20 ദിവസം 290 ദിര്‍ഹം, 30 ദിവസം 390 ദിര്‍ഹം, 3 മാസം 850, 6 മാസം 1,400, ഒരു വര്‍ഷം 2,300 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്ക്.

രണ്ട് പ്രദേശങ്ങള്‍ക്ക് മാത്രം സ്വകാര്യ പാര്‍ക്കിംഗിന് ഒരു മാസം (പുതിയത്) 166 ദിര്‍ഹം, മൂന്നു മാസം 500 ദിര്‍ഹം, ആറു മാസം 900 ദിര്‍ഹം, ഒരു വര്‍ഷം 1,700 ദിര്‍ഹം എന്നിങ്ങനെ നിരക്ക് ഈടാക്കും.

എല്ലാ പ്രദേശങ്ങള്‍ക്കും വാണിജ്യ പാര്‍ക്കിംഗിന് 10 ദിവസത്തേക്ക് 170 ദിര്‍ഹമാണ് നിരക്ക് ഈടാക്കുക. 20 ദിവസം 290 ദിര്‍ഹം, 30 ദിവസം 390 ദിര്‍ഹം, മൂന്നു മാസം 1050, ആറു മാസം 1,750, ഒരു വര്‍ഷം 2,850 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്ക്.

രണ്ട് പ്രദേശങ്ങള്‍ക്കുള്ള വാണിജ്യ പാര്‍ക്കിംഗ്: മൂന്നു മാസം 600 ദിര്‍ഹം, ആറു മാസം 1,100 ദിര്‍ഹം, ഒരു വര്‍ഷം 2,100 ദിര്‍ഹം. അസാധാരണമായ പാര്‍ക്കിംഗ് സബ്സ്‌ക്രിപ്ഷന്‍ വിഭാഗത്തിന് 20 ശതമാനം കിഴിവ് ലഭിക്കും. വിരമിച്ചവര്‍, പ്രായമായവര്‍, അല്ലെങ്കില്‍ പണമടച്ചുള്ള പാര്‍ക്കിംഗ് സോണുകളില്‍ താമസിക്കുന്ന ഷാര്‍ജ നഗരത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, സോഷ്യല്‍ സര്‍വീസ് ഗുണഭോക്താക്കള്‍-ഹോംലാന്‍ഡ് പ്രൊട്ടക്ടേഴ്സ് കാര്‍ഡോ വാഫര്‍ കാര്‍ഡോ ഉള്ളവര്‍ തുടങ്ങിയ യു എ ഇ പൗരന്മാര്‍ക്ക് ആണ് ഈ കിഴിവ് ലഭിക്കുക. നിശ്ചയദാര്‍ഢ്യമുള്ള ആളുകള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് സബ്സ്‌ക്രിപ്ഷനുകള്‍ ഷാര്‍ജ പ്രഖ്യാപിച്ചിരുന്നു.

ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റിയുടെ വെബ്‌സൈറ്റ് www.shjmun.gov.ae അംഗീകൃത സേവന കേന്ദ്രങ്ങള്‍ വഴി പാര്‍ക്കിങ് കാര്‍ഡ് നേടാനാവും.

 

Latest