Connect with us

finance scam

ആട് തേക്ക് മാഞ്ചിയം മുതല്‍ എം ടി എഫ് ഇ വരെ

അമിത ലാഭവും പലിശയും വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളെ കരുതലോടെ വേണം സമീപിക്കാന്‍. നിക്ഷേപ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ശരിയായി പഠിച്ചും അതിന് നേതൃത്വം നല്‍കുന്നവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയും ആലോചനാപൂര്‍വവുമായിരിക്കണം നിക്ഷേപമിറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍.

Published

|

Last Updated

ലയാളികളെ പോലെ നിരന്തരം തട്ടിപ്പിനിരയാകുന്ന വിഭാഗം വേറെയുണ്ടോയെന്ന് സംശയം. 1984ലെ ആട് തേക്ക് മാഞ്ചിയം നിക്ഷേപ തട്ടിപ്പ് തൊട്ട് ടോട്ടല്‍ ഫോര്‍ യു, പോപുലര്‍ ഫിനാന്‍സ്, സേഫ് ആന്‍ഡ് സ്‌ട്രോംഗ്, മണി ചെയിന്‍, ഫാഷന്‍ ഗോള്‍ഡ്, യു ടി എസിന്റെ പണം ഇരട്ടിപ്പിക്കല്‍, എം ടി എഫ് ഇ എന്നിങ്ങനെ നീളുന്നു മലയാളികള്‍ ഇരയായ തട്ടിപ്പുകളുടെ നിര. പതിനായിരങ്ങള്‍ മുതല്‍ കോടികളുടെ വരെ ചെറുതും വലുതുമായ സാമ്പത്തിക തിരിമറികള്‍. വ്യാപകമായി തട്ടിപ്പ് നടത്തി മാധ്യമശ്രദ്ധ പിടിച്ചു പറ്റിയ സംഭവങ്ങളാണ് മേല്‍പറഞ്ഞതെല്ലാം. അറിയപ്പെടാത്ത കഥകള്‍ ഇതിലുമേറെ.

എം ടി എഫ് ഇ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ട്രേഡിംഗ് തട്ടിപ്പാണ് ഈ ഗണത്തില്‍ ഏറ്റവും പുതിയത്. കുറഞ്ഞ തുക മുടക്കിയാല്‍ ദിനംപ്രതി വന്‍ ലാഭം വാഗ്ദാനം ചെയ്താണ്, കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുവെന്ന അവകാശവാദത്തോടെ ഈ ഓണ്‍ലൈന്‍ കമ്പനി രംഗത്തു വന്നത്. തുടക്കത്തില്‍ എല്ലാ നിക്ഷേപകര്‍ക്കും മാസം 20-25 ശതമാനം വരെ ലാഭം നല്‍കുകയും ചെയ്തു. ഇതു കണ്ട് കണ്ണു മഞ്ഞളിച്ച് പ്രവാസികളടക്കം ആയിരക്കണക്കിനാളുകള്‍ വന്‍ സംഖ്യകള്‍ നിക്ഷേപിക്കാന്‍ തുടങ്ങി. ആദ്യം നിക്ഷേപിച്ച് ലാഭം വാങ്ങിക്കൊണ്ടിരുന്നവര്‍ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും കമ്പനിയുടെ ഭാഗമാക്കി. കഴിഞ്ഞ മാസം ഏഴിന് എം ടി എഫ് ഇ ഓണ്‍ലൈന്‍ ആപ്പിന്റെ പ്രവര്‍ത്തനം നിലച്ചതോടെയാണ് നിക്ഷേപകര്‍ക്ക് സംശയം ഉദിച്ചത്. വിപണി ഇടിഞ്ഞതും ഓഹരികള്‍ നെഗറ്റീവ് മൂല്യത്തിലെത്തിയതുമാണ് പ്രവര്‍ത്തനം നിലക്കാന്‍ കാരണമായി പറയുന്നത്. എന്നാല്‍ നിക്ഷേപകരില്‍ നിന്ന് കോടികള്‍ കൈക്കലാക്കി മുങ്ങിയ കമ്പനികളുടെ പട്ടികയിലാണ് എം ടി എഫ് ഇക്ക് ഇടമെന്നാണ് അധികൃതരില്‍ നിന്നുള്ള വിവരം.

കോയമ്പത്തൂര്‍ ആസ്ഥാനമായ യൂനിവേഴ്‌സല്‍ ട്രേഡിംഗ് സൊലൂഷന്‍ കമ്പനി (യു ടി എസ്) പണം ഇരട്ടിപ്പ് തട്ടിപ്പില്‍ ആയിരക്കണക്കിനു മലയാളികളാണ് വഞ്ചിതരായത്. 2017ലായിരുന്നു ഇവരുടെ രംഗപ്രവേശം. ഒരു ലക്ഷം പേര്‍ക്ക് പത്ത് മാസം കൊണ്ട് രണ്ട് ലക്ഷം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. സ്വരൂപിക്കുന്ന പണം വിവിധ ബിസിനസ്സ് മേഖലകളില്‍ നിക്ഷേപിച്ചാണ് ലാഭമുണ്ടാക്കുന്നതെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. കേരളത്തില്‍ നിന്ന് 3,500 കോടിയുടെയും തമിഴ്‌നാട്ടിലെ സേലം, കരൂര്‍, ധര്‍മപുരി ജില്ലകളില്‍ നിന്നായി 1,200 കോടിയുടെയും തട്ടിപ്പ് നടന്നതായാണ് പോലീസ് വെളിപ്പെടുത്തല്‍.

വിവിധ ചിട്ടികളില്‍ ചേര്‍ന്ന് പണം നഷ്ടപ്പെടുത്തിയവര്‍ ഒരുപാടുണ്ട്. കൊല്‍ക്കത്തയില്‍ 17 ലക്ഷം പേരുടെ കൈയില്‍ നിന്ന് 2,500 കോടി തട്ടിയ ശാരദ ചിട്ടി കമ്പനി മോഡലില്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ കേരളത്തിലും നടക്കുന്നുണ്ട് തട്ടിപ്പുകള്‍. ഉയര്‍ന്ന ആദായം വാഗ്ദാനം ചെയ്തും വലിയ നെറ്റ് വര്‍ക്ക് ഉണ്ടാക്കിയും ഉയര്‍ന്ന കമ്മീഷന്‍ നല്‍കിയുമായിരുന്നു ശാരദ ചിട്ടി പ്രവര്‍ത്തനം. സ്ഥിര നിക്ഷേപത്തേക്കാള്‍ ഉയര്‍ന്ന പലിശ വാഗ്ദാനത്തിലൂടെയാണ് ഇവര്‍ നിക്ഷേപകരെ വീഴ്ത്തുന്നത്. പലപ്പോഴും തട്ടിപ്പിന്റെ സ്വഭാവം ഒന്നു തന്നെയാകും. എന്നാലും നിരന്തരം തട്ടിപ്പിന് ഇരയായിക്കൊണ്ടിരിക്കുന്നു ആളുകള്‍.

പ്രബുദ്ധനാണ് മലയാളിയെന്നാണ് പറയപ്പെടാറുള്ളത്. സാക്ഷരതയിലും മുൻപന്തിയിലാണ് കേരളീയ സമൂഹം. സാമ്പത്തിക സാക്ഷരതയുടെ കാര്യത്തില്‍ പക്ഷേ മറ്റു സംസ്ഥാനക്കാരേക്കാള്‍ പിന്നിലാണ്. പണത്തോടുള്ള അത്യാര്‍ത്തിയും പെട്ടെന്ന് പണക്കാരനാകാനുള്ള മോഹവും സാമ്പത്തിക രംഗത്തെ നെല്ലും പതിരും വേര്‍തിരിച്ചറിയാനുള്ള മലയാളിയുടെ വിവേകം ഇല്ലാതാക്കുന്നു പലപ്പോഴും. സാധാരണ ഗതിയില്‍ ഒരു വ്യവസായ സ്ഥാപനത്തിനോ ധനകാര്യ സ്ഥാപനത്തിനോ നല്‍കാന്‍ കഴിയാത്ത ഉയര്‍ന്ന ലാഭ വാഗ്ദാനവുമായി പുതിയൊരു സ്ഥാപനം രംഗത്തു വരുമ്പോള്‍, ഇത്രയും വലിയ ലാഭം അവര്‍ക്കെങ്ങനെ നല്‍കാന്‍ കഴിയുന്നുവെന്ന് പണം നിക്ഷേപിക്കുന്നവര്‍ ചിന്തിക്കുന്നില്ല. നിക്ഷേപ സംഖ്യയുടെ സുരക്ഷിതത്വത്തേക്കാള്‍ ലാഭത്തിനാണ് നിക്ഷേപകര്‍ പ്രാധാന്യം നല്‍കുന്നത്. മൈക്രോസോഫ്റ്റിന്റെ ഗ്ലോബല്‍ ടെക് സപോര്‍ട്ട് സ്‌കാം റിപോര്‍ട്ട് പ്രകാരം 48 ശതമാനത്തോളം ഇന്ത്യന്‍ ഉപഭോക്താക്കള്‍ തുടര്‍ച്ചയായി തട്ടിപ്പുകളില്‍ വീഴുന്നുണ്ട്. 2021ല്‍ ഒരാള്‍ക്ക് ശരാശരി 15,334 രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. ഈ ഗണത്തില്‍ മലയാളികളുടെ കണക്ക് പ്രത്യേകമെടുത്താല്‍ ദേശീയ ശരാശരിയേക്കാള്‍ വളരെ ഉയര്‍ന്നിരിക്കും.

അമിത ലാഭവും പലിശയും വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളെ കരുതലോടെ വേണം സമീപിക്കാന്‍. നിക്ഷേപ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ശരിയായി പഠിച്ചും അതിന് നേതൃത്വം നല്‍കുന്നവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയും ആലോചനാപൂര്‍വവുമായിരിക്കണം നിക്ഷേപമിറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍. മിക്ക മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങളും സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കാണിച്ചാണ് വിശ്വാസ്യത നേടുന്നത്. എന്നാല്‍ രജിസ്‌ട്രേഷന്‍ ഓണ്‍ലൈനായി എളുപ്പത്തില്‍ നേടാവുന്നതേയുള്ളൂ. വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ പോലും ഇത്തരം സാമ്പത്തിക തട്ടിപ്പുകളില്‍ അകപ്പെട്ടുപോകുന്നുവെന്നതാണ് യാഥാര്‍ഥ്യം. എം ടി എഫ് ഇ തട്ടിപ്പ് പുറത്തുവന്നപ്പോഴും ഇത്തരത്തിലുള്ള ധാരാളം പേര്‍ ഇതില്‍ അകപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നുണ്ട്്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട. കെണിയില്‍ അകപ്പെട്ടതിന് ശേഷം വിലപിച്ചിട്ടു കാര്യമില്ല.

Latest