Connect with us

pinarayi

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി

നവകേരള സദസ്സ് ഭരണനിര്‍വ്വഹണത്തിന്റെ പുതിയ മാതൃക

Published

|

Last Updated

കൊച്ചി | സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്നു പറയുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണ്. സമൂഹത്തിനും ഉത്തരവാദിത്തം ഉണ്ട്. നിയമവും അതിനൊപ്പം ശക്തമാകണം. അത് സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇ കെ വിഭാഗം നേതാവ് നാസര്‍ഫൈസി കൂടത്തായിയുടെ പരാമര്‍ശത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. എസ് എഫ് ഐയും ഡി വൈ എഫ് ഐയും മിശ്ര വിവാഹ ബ്യൂറോ നടത്തുന്നില്ല. പരസ്പരം ഇഷ്ടപ്പെട്ടവര്‍ വിവാഹം കഴിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസ്സ് ജനാധിപത്യത്തിന്റെ മാത്രമല്ല, ഭരണനിര്‍വ്വഹണത്തിന്റെ കൂടി പുതിയ മാതൃക ഉയര്‍ത്തുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെവരെ 3,00,571പേരാണ് നിവേദനങ്ങളുമായെത്തിയത്. ഇത്രയധികം നിവേദനങ്ങള്‍ അതിവേഗം പരിശോധിച്ച് നടപടിയെടുക്കുക വലിയ വെല്ലുവിളിയാണ്. എന്നാല്‍ വാഗ്ദാനം ചെയ്ത സമയത്തിനുള്ളില്‍ തന്നെ പരിഹാരങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഭിക്കുന്ന നിവേദനങ്ങളില്‍ പൊതു ആവശ്യങ്ങളും വ്യക്തിഗത ആവശ്യങ്ങളും സങ്കടങ്ങളും സര്‍ക്കാരിന്റെ പരിധിയില്‍ വരാത്ത കാര്യങ്ങളും ഒക്കെ ഉണ്ട്. വ്യവസ്ഥാപിത രീതിയില്‍ അപേക്ഷ സമര്‍പ്പിച്ച് നിശ്ചിത യോഗ്യത തെളിയിച്ച് ലഭ്യമാക്കേണ്ട ആനുകൂല്യങ്ങള്‍ക്കും നിവേദനം സമര്‍പ്പിച്ചവര്‍ ഉണ്ട്. ചില പരാതികള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിയില്ല എന്നറിഞ്ഞു കൊണ്ട് തന്നെ സ്വന്തം സങ്കടങ്ങളും പരിഭവങ്ങളും സമര്‍പ്പിക്കാന്‍ തയ്യാറാവുന്നവരുമുണ്ട്. ജനങ്ങള്‍ സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിക്കുന്നത് കൊണ്ടാണ് കൂടുതല്‍ പേര്‍ ഇങ്ങനെ മുന്നോട്ടു വരുന്നത്.

നിവേദനങ്ങളുടെ എണ്ണം കൂടുന്നത് ശരിയായ അവസ്ഥയാണോ എന്ന ചോദ്യം ചില കേന്ദ്രങ്ങളില്‍ ഉയര്‍ന്നു കേട്ടു. തങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹാരം കാണാനും സര്‍ക്കാര്‍ ഉണ്ട് എന്ന വിശ്വാസമാണ്, ഏതു വിഷയവും ഇങ്ങനെ നിവേദനങ്ങളായി നല്‍കാന്‍ ജനങ്ങള്‍ക്ക് പ്രചോദനമാകുന്നത്.

ആ ജനവിശ്വാസമാണ് ജനാധിപത്യത്തിന്റെ വിജയം എന്നാണ് അവര്‍ക്കുള്ള മറുപടി. ലഭിച്ച എല്ലാ നിവേദനങ്ങളിലും നടപടിയുണ്ടാകും. നടപടികള്‍ ത്വരിതപ്പെടുത്താന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. സംസ്ഥാനത്തെ വ്യവസായ മേഖലയ്ക്കു കരുത്തു പകരുന്നതും നല്ലതുപോലെ കുതിപ്പേകുന്നതുമായ സുപ്രധാനമായ ഒരു തീരുമാനം ഇന്നലെ മന്ത്രിസഭായോഗം എടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമി കൈമാറ്റം സംബന്ധിച്ച നിര്‍ണായക ചട്ട പരിഷ്‌കരണത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതോടെ ഭൂമി കൈമാറ്റം ലളിതമാകും. ഒപ്പം സംരംഭങ്ങളിലെ മാറ്റങ്ങള്‍ക്കും സാധുതയാവുകയാണ്.വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ കീഴിലുള്ള വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിയില്‍ പട്ടയം അനുവദിക്കും. ദശാബ്ദങ്ങളായി സംരംഭകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളാണ് നടപ്പിലാവുന്നത്. വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാനാവും. നിശ്ചയിച്ച വ്യവസായ സംരംഭങ്ങള്‍ക്ക് പകരം മറ്റ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും തടസ്സമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest