Connect with us

Uae

ഷാര്‍ജയിലെ മ്യൂസിയങ്ങളില്‍ മാര്‍ച്ച് 3 വരെ സൗജന്യ പ്രവേശനം

ഷാര്‍ജ ഫോര്‍ട്ട് (അല്‍ ഹിന്‍), ഷാര്‍ജ കാലിഗ്രഫി മ്യൂസിയം, ബൈത്ത് അല്‍ നബൂദ, ഹിസ്ന്‍ ഖോര്‍ഫക്കാന്‍ തുടങ്ങിയ മ്യൂസിയങ്ങളിലേക്കാണ് സൗജന്യ പ്രവേശനം.

Published

|

Last Updated

ഷാര്‍ജ | ഷാര്‍ജയിലെ മ്യൂസിയങ്ങള്‍ മാര്‍ച്ച് മൂന്ന് വരെ പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം നല്‍കുന്നു. ഷാര്‍ജ ഫോര്‍ട്ട് (അല്‍ ഹിന്‍), ഷാര്‍ജ കാലിഗ്രഫി മ്യൂസിയം, ബൈത്ത് അല്‍ നബൂദ, ഹിസ്ന്‍ ഖോര്‍ഫക്കാന്‍ തുടങ്ങിയ മ്യൂസിയങ്ങളിലേക്കാണ് ഷാര്‍ജ മ്യൂസിയം അതോറിറ്റി സൗജന്യ പ്രവേശനം അനുവദിക്കുക.

കൂടാതെ, ഫെബ്രുവരി 28 ന് ദിബ്ബ അല്‍ ഹിസ്നിലും മാര്‍ച്ച് ഒന്ന്, മൂന്ന് തീയതികളില്‍ ഹാര്‍ട്ട് ഓഫ് ഷാര്‍ജയിലും ‘മ്യൂസിയംസ് എക്സ്പ്രസ്’ എന്ന മൊബൈല്‍ ബസ് പര്യടനം നടത്തും. വിവിധ ഷാര്‍ജ മ്യൂസിയം ശേഖരങ്ങളിലൂടെ സഞ്ചരിക്കാന്‍ സന്ദര്‍ശകരെ പ്രാപ്തരാക്കുന്നതാണ് മ്യൂസിയംസ് എക്സ്പ്രസ്.

താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും സമ്പന്നമായ എമിറാത്തി സംസ്‌കാരവും പൈതൃകവും അടുത്തറിയാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. പുറമേ, സന്ദര്‍ശകര്‍ക്ക് പൈതൃകത്തിന്റെയും ചരിത്രത്തിന്റെയും സമ്പന്നതയില്‍ മുഴുകാന്‍ ഉപകരിക്കുന്ന വിവിധ വര്‍ക്ക്ഷോപ്പുകളിലും പങ്കെടുക്കാം. ഷാര്‍ജ കോട്ടയിലെ (അല്‍ ഹിന്‍) അല്‍ ഹിസ്ന്‍ ടവേഴ്സ് വര്‍ക്ക്ഷോപ്പ് ഇതില്‍ ഉള്‍പ്പെടുന്നു.

1845 എ ഡിയില്‍ നിര്‍മിച്ച ബെയ്ത് അല്‍ നബൂദ, റോമന്‍-പ്രചോദിതമായ തടിനിരകളും സങ്കീര്‍ണമായ അലങ്കാരങ്ങളും ഉള്‍ക്കൊള്ളുന്ന അതിമനോഹരമായ പൈതൃക വാസ്തുവിദ്യക്ക് പേരുകേട്ടതാണ്. ഇവിടെ ജിപ്‌സത്തില്‍ പുഷ്പ, ജ്യാമിതീയ ഡിസൈനുകള്‍ വരയ്ക്കുന്ന ശില്‍പശാല സംഘടിപ്പിക്കും. ‘ഷാര്‍ജ എമിറേറ്റിലെ ആര്‍ക്കിടെക്ചറല്‍ ഡെക്കറേഷന്‍’ എന്ന ഫോട്ടോ പ്രദര്‍ശനവും ഇവിടെ നടക്കും.

ഷാര്‍ജ കാലിഗ്രഫി മ്യൂസിയം ഒരു ‘ലെറ്റര്‍ പെന്‍ഡന്റ്’ വര്‍ക്ക്‌ഷോപ്പും ഒരുക്കും. ഫോണുകള്‍, ബാഗുകള്‍ എന്നിവയും മറ്റും അലങ്കരിക്കാന്‍ വര്‍ണാഭമായ വയറുകള്‍, തിളങ്ങുന്ന മുത്തുകള്‍, മനോഹരമായ അറബി അക്ഷരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന തനതായ പെന്‍ഡന്റുകള്‍ എങ്ങനെ നിര്‍മിക്കാമെന്ന് പഠിപ്പിക്കുന്നതാണ് ഇത്. അറബ് ആചാരങ്ങളും പാരമ്പര്യങ്ങളും പ്രദര്‍ശിപ്പിക്കുന്ന ശില്‍പശാല ഷാര്‍ജ ഹെറിറ്റേജ് മ്യൂസിയത്തില്‍ നടക്കും.

കല്‍ബയിലെ ബൈത്ത് ശൈഖ് സഈദ് ബിന്‍ ഹമദ് അല്‍ ഖാസിമി മ്യൂസിയത്തില്‍ ‘ജ്യോമെട്രിക് ആന്‍ഡ് ഫ്‌ളോറല്‍ ആഭരണങ്ങള്‍’ എന്ന പേരില്‍ ഫോട്ടോ പ്രദര്‍ശനം നടക്കും.

ശനിയാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ എട്ടിനും രാത്രി എട്ടിനും ഇടയിലും വെള്ളിയാഴ്ച വൈകിട്ട് നാലു മുതല്‍ രാത്രി എട്ടു വരെയും മ്യൂസിയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും.

 

Latest