Connect with us

Siraj Article

വിദ്യാഭ്യാസ നയം: കാവിക്കൈയേറ്റങ്ങള്‍ എത്തിനില്‍ക്കുന്നത്

ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ നാസി ഭരണകാലത്തും തങ്ങളുടെ ആശയങ്ങള്‍ ജനങ്ങളിലെത്തിക്കാനും ഭരണത്തിനനുകൂലമായി ജനത്തെ വളര്‍ത്തിയെടുക്കാനും വിദ്യാഭ്യാസത്തിലൂടെ ശ്രമിച്ചിരുന്നുവെന്ന് ചരിത്രത്തില്‍ കാണാനാകും. അന്നും പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുകയും അതിലൂടെ തീവ്ര ദേശീയതയും നാസി ആശയ സംഹിതകളും കുട്ടികളെ പഠിപ്പിക്കുകയും ചെയ്തിരുന്നു

Published

|

Last Updated

കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ നിരന്തരം പരിഷ്‌കാരങ്ങള്‍ കൊണ്ടുവരികയാണ് മോദി സര്‍ക്കാര്‍. ആദ്യ കാലങ്ങളില്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചിരുന്നതെങ്കില്‍ അടുത്ത കാലത്തായി അത് രാജ്യവ്യാപകമായി നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ചരിത്രം, രാഷ്ട്രമീമാംസ എന്നീ വിഷയങ്ങളിലാണ് കൂടുതലായും ഈ വെട്ടിത്തിരുത്തല്‍. അതിനായി വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്ത് വര്‍ഗീയവാദികളെയും തീവ്ര ദേശീയവാദികളെയും ആദ്യമേ കുടിയിരുത്തിയിട്ടുണ്ട്. കൊവിഡ് കാലം കൂടി വന്നതോടെ പാഠഭാഗങ്ങള്‍ കുറച്ചുകൊണ്ടുവരികയാണെന്ന പേരില്‍ തങ്ങള്‍ക്കിഷ്ടമില്ലാത്ത പല പാഠഭാഗങ്ങളും ഇതിനകം ഒഴിവാക്കി.

സി ബി എസ് ഇ പത്താം തരം സാമൂഹ്യശാസ്ത്രം പുസ്തകത്തിലെ ലിംഗ വ്യത്യാസം- മതം ജാതി, ജനാധിപത്യത്തിന്റെ വെല്ലുവിളികള്‍, ജനാധിപത്യവും വൈവിധ്യങ്ങളും, ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും, നോവലുകള്‍- സമൂഹവും ചരിത്രവും തുടങ്ങിയ പാഠഭാഗങ്ങളെല്ലാം അടുത്തിടെ നീക്കം ചെയ്തവയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ എങ്ങനെയാണ് മതത്തെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റുന്നതെന്നും മതസംഘടനകളിലെ രാഷ്ട്രീയമെന്താണെന്നും വിശദമായി പ്രതിപാദിക്കുന്നതായിരുന്നു ‘ലിംഗ വ്യത്യാസം- മതം ജാതി’ എന്ന പാഠഭാഗം. ഇന്ത്യക്ക് ഔദ്യോഗികമായി ഒരു മതമില്ലെന്നും ഇന്ത്യയിലെ ഏതൊരാള്‍ക്കും ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ടെന്നും മതത്തിന്റെ പേരിലുള്ള വിവേചനം ഭരണഘടന നിരോധിച്ചിട്ടുണ്ടെന്നുമെല്ലാം കൃത്യമായി ഈ പാഠഭാഗത്തിലുണ്ടായിരുന്നു. രാജ്യത്തെ വ്യത്യസ്ത ജാതികളും അവരുടെ എണ്ണവുമെല്ലാം നല്‍കുന്നതോടൊപ്പം ജാതീയതയുടെയും നിറത്തിന്റെയും പേരില്‍ നടക്കുന്ന അക്രമങ്ങളെ കുറിച്ചും പ്രസ്തുത പാഠത്തിലുണ്ടായിരുന്നു. ഭരിക്കുന്ന ഹിന്ദുത്വ ഭരണകൂടത്തിന്റെ ആശയങ്ങള്‍ക്ക് എതിരായ ഭാഗങ്ങളാണ് നീക്കം ചെയ്തവയിലേറെയും. കുട്ടികള്‍ക്ക് ഭാരമാണെന്നായിരുന്നു ഇതിനായി ബി ജെ പി സര്‍ക്കാര്‍ കണ്ടെത്തിയ ന്യായീകരണം. സംഘ്പരിവാര്‍ അജന്‍ഡകള്‍ക്കാണ് ഇവ ഭാരമായത് എന്നതാണ് സത്യം.

ചരിത്ര പുസ്തകങ്ങളില്‍ തിരുത്തലുകള്‍ വരുത്താനുള്ള പുതിയ ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. നിരവധി പുതിയ ചരിത്ര കണ്ടുപിടിത്തങ്ങള്‍ നടന്നതിനാല്‍ അവ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഇപ്പോഴത്തെ നാഷനല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാന്‍ ഗോവിന്ദ് പ്രസാദ് ശര്‍മ പറയുന്നത്. ആര്‍ എസ് എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ പ്രസിഡന്റായിരുന്ന വ്യക്തിയും ഇപ്പോള്‍ ദേശീയ കാര്യ നിര്‍വാഹക സമിതി അംഗവുമാണ് ഗോവിന്ദ് പ്രസാദ് ശര്‍മ.

നോവല്‍- സമൂഹവും ചരിത്രവും എന്ന പത്താം തരം ചരിത്ര പാഠപുസ്തകത്തിലെ ഭാഗം ഇന്ത്യയില്‍ നിലനിന്നിരുന്ന ഹിന്ദു മതത്തിലെ ജാതീയ മേല്‍ക്കോയ്മയെയും സ്ത്രീകളുടെ പ്രശ്‌നങ്ങളെയും വിശദമായി പ്രതിപാദിക്കുന്നുണ്ട്. മധ്യകാല കേരളത്തിലെ ജാതി വ്യവസ്ഥയെയും വിവാഹ ആചാരങ്ങളെയും പരാമര്‍ശിക്കുന്ന ചന്തുമേനോന്റെ ഇന്ദുലേഖ എന്ന കൃതിയെ കുറിച്ചും മറ്റും പരാമര്‍ശിക്കുന്ന പാഠമായിരുന്നു ഇത്. മധ്യകാല ഇന്ത്യന്‍ സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ സാഹിത്യ ലോകത്ത് നടന്ന വിമര്‍ശങ്ങളെ വിശദമായി പരാമര്‍ശിക്കുന്ന പാഠം സ്വാഭാവികമായും സവര്‍ണ ഹിന്ദുത്വത്തിന് ഇഷ്ടമാകാനിടയില്ലല്ലോ.

ഏഴാം തരം മുതല്‍ കുട്ടികള്‍ പഠിക്കുന്ന മുഗള്‍ സാമ്രാജ്യത്വത്തെ സംബന്ധിച്ച ചരിത്ര ഭാഗങ്ങളിലും തിരുത്തല്‍ വരുത്താനുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ നടന്നുവരികയാണ്. അക്ബര്‍ ചക്രവര്‍ത്തിയെ മഹാനായ ഭരണാധികാരിയായും അദ്ദേഹത്തിന്റെ നയങ്ങളെ വിശദമായും പരാമര്‍ശിക്കുന്ന പാഠഭാഗമാണ് നിലവിലെ എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങളിലുള്ളത്. എന്നാല്‍ അദ്ദേഹവുമായി ഏറ്റുമുട്ടിയ മഹാറാണ പ്രതാപിന്റെ യുദ്ധങ്ങളെ വീരപരിവേഷത്തോടെ അവതരിപ്പിക്കണമെന്നാണ് ആര്‍ എസ് എസിന്റെ അഭിപ്രായം. ചരിത്രത്തിലെ പല ഭാഗങ്ങളിലും ഇന്ത്യക്കാര്‍ പരാജയപ്പെട്ട യുദ്ധങ്ങളാണ് കൂടുതലും നല്‍കിയിട്ടുള്ളത്, പകരം ഇന്ത്യക്കാര്‍ വിജയിച്ച യുദ്ധങ്ങളാണ് ഉള്‍പ്പെടുത്തേണ്ടത് എന്നൊക്കെയാണ് ശര്‍മയുടെ അഭിപ്രായം. ദേശീയ ബോധം കുട്ടികളിലുണ്ടാക്കാനാണത്രെ ഇത്തരം ശ്രമങ്ങള്‍. ജര്‍മനിയിലെ നാസി ഭരണകാലത്തും യുദ്ധങ്ങളെയും അക്രമോത്സുക ദേശീയതയെയും വാഴ്ത്തപ്പെട്ടിരുന്നു എന്നത് ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.

സാങ്കേതിക വിദ്യയുടെ പരിണാമം, പ്രാചീന ഇന്ത്യയിലെ ഭൗതിക ശാസ്ത്രം, വേദ ഗണിതം, ഇന്ത്യയുടെ പരമ്പരാഗത അറിവുകള്‍, സംസ്‌കാരം തുടങ്ങി 25 മേഖലകളെ കണ്ടെത്തിയിട്ടുണ്ടെന്നും അവ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് കഴിഞ്ഞ പന്ത്രണ്ടിന് നടന്ന ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കുന്ന യോഗത്തില്‍ അദ്ദേഹം പറഞ്ഞത്. 2005 മുതല്‍ പിന്തുര്‍ന്ന് പോരുന്ന ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പുതുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പുതിയ ചട്ടക്കൂട് തയ്യാറാക്കുന്നതോടെ ഇതുവരെയുള്ള പാഠപുസ്തകങ്ങള്‍ അടിമുടി മാറിയേക്കും.

കഴിഞ്ഞ രണ്ട് ദിവസമായി രാജ്യ തലസ്ഥാനത്ത് നടന്ന ആര്‍ എസ് എസിന്റെ വാര്‍ഷിക യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം ദേശീയ വിദ്യാഭ്യാസ നയമായിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പങ്കെടുത്ത പരിപാടിയില്‍ ആര്‍ എസ് എസുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി പേരാണ് പങ്കെടുത്തത്.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി നഷ്ടപ്പെട്ടതോടെ ഇന്ത്യയുടെ സംസ്ഥാനങ്ങളുടെ എണ്ണം മാറി, കേന്ദ്ര ഭരണ പ്രദേശങ്ങളുടെ പേരുകളില്‍ ഇത് പുതിയതായി ചേര്‍ക്കപ്പെട്ടു, അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്നാക്കി മാറ്റി, പഞ്ചവത്സര പദ്ധതികള്‍ നിര്‍ത്തലാക്കി, ആസൂത്രണ കമ്മീഷന്റെ പേര് മാറ്റി പകരം നിതി ആയോഗ് കൊണ്ടുവന്നു തുടങ്ങി അടുത്തിടെ നടന്ന പേര് മാറ്റലുകളും തിരുത്തലുകളുമെല്ലാം നമ്മുടെ കുട്ടികളെ ആശയക്കുഴപ്പത്തിലാക്കുകയാണ്. അവര്‍ പാഠപുസ്തകത്തില്‍ ഇക്കാലം വരെ കണ്ട പേരുകളും ആശയങ്ങളുമെല്ലാം ഓരോ ദിവസം കഴിയുമ്പോഴും മറ്റു പലതുമായി മാറുകയാണ്. കഴിഞ്ഞ ദിവസം വരെ ഇന്ത്യയിലെ പൊതുമേഖലയില്‍ വരുന്ന സ്ഥാപനമാണ് എയര്‍ ഇന്ത്യാ വിമാന കമ്പനിയെന്നാണ് പത്താം ക്ലാസിലെ വിദ്യാര്‍ഥികള്‍ പഠിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ടാറ്റയെന്ന സ്വകാര്യ കമ്പനിക്ക് വിറ്റ കഥയാണ് അവര്‍ക്ക് പഠിക്കേണ്ടി വരുന്നത്.

പാഠഭാഗങ്ങള്‍ക്ക് പുറമെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഇത്തരം സംഘ്പരിവാര്‍ അജന്‍ഡകള്‍ നടപ്പാക്കിവരുന്നുണ്ട്. 2014 മുതലാണ് ബി ജെ പി സര്‍ക്കാര്‍ സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനം രാഷ്ട്രീയ ഏകതാ ദിവസ് (ദേശീയ ഐക്യ ദിനം) ആയി ആചരിക്കാന്‍ തുടങ്ങിയത്. അത് സ്‌കൂളുകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ഈ ദിവസത്തില്‍ ദേശീയ ഐക്യ ദിന പ്രതിജ്ഞയെടുക്കാനും ഉപന്യാസ മത്സരം, മുദ്രാവാക്യ രചന, പോസ്റ്റര്‍ രചനാ മത്സരം, പ്രശ്‌നോത്തരി മത്സരങ്ങള്‍ സംഘടിപ്പിക്കാനും സി ബി എസ് ഇ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.

ഗാന്ധി പിറന്ന ഗുജറാത്തില്‍ തന്നെയാണ് സര്‍ദാര്‍ പട്ടേലും ജനിച്ചതെങ്കിലും ഗാന്ധിയേക്കാള്‍ പട്ടേലിനെ മഹത്വവത്കരിക്കാന്‍ സംഘ്പരിവാര്‍ കാര്യമായ ശ്രമം വര്‍ഷങ്ങളായി നടത്തിവരുന്നുണ്ട്. 182 മീറ്റര്‍ ഉയരമുള്ള പട്ടേലിന്റെ പ്രതിമ നിര്‍മിച്ചതൊക്കെ ഇതിന്റെ ഭാഗമാണല്ലോ. സര്‍ദാര്‍ പട്ടേല്‍ ആര്‍ എസ് എസ് നിലപാടിനോട് യോജിപ്പുള്ള സ്വാതന്ത്ര്യ സമര നേതാവായിരുന്നില്ല. 1948 ജനുവരി ആറിന് അദ്ദേഹം നടത്തിയ ഒരു പ്രസംഗത്തില്‍, ദണ്ഡ് ഉപയോഗിച്ച് ആര്‍ എസ് എസിനെ തകര്‍ക്കാന്‍ കഴിയില്ലെന്ന രീതിയില്‍ കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ച് സംസാരിച്ചിരുന്നെങ്കിലും ഗാന്ധി വധിക്കപ്പെട്ട ശേഷം ആര്‍ എസ് എസിനെതിരെ കടുത്ത നിലപാടെടുത്ത സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു അദ്ദേഹം. ഹിന്ദു മഹാസഭയിലെ തീവ്ര വിഭാഗത്തിന് ഗാന്ധി വധത്തില്‍ പങ്കുണ്ടെന്നതില്‍ സംശയമില്ലെന്നും ആര്‍ എസ് എസിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറിന്റെയും ഭരണകൂടത്തിന്റെയും നിലനില്‍പ്പിന് ഭീഷണിയാണെന്നുമാണ് അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ നേതാവായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിക്ക് പട്ടേല്‍ എഴുതിയത്. ആ പട്ടേലിനെയാണ് ഇന്ന് ഹിന്ദുത്വ വാദികള്‍ തങ്ങളുടെ ആളാക്കി മാറ്റാനുള്ള ശ്രമം നടത്തുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വിവിധ പരിപാടികളും ഉദ്ഘാടനങ്ങളും സി ബി എസ് ഇ സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കുക എന്നതാണ് മറ്റൊരു തന്ത്രം. സി ബി എസ് ഇ സിലബസ് പ്രകാരം നടത്തുന്ന സ്‌കൂളുകളില്‍ ഭൂരിഭാഗത്തിലും ഇംഗ്ലീഷ് മാധ്യമമാണെങ്കിലും കേന്ദ്ര സര്‍ക്കാര്‍ പരിപാടികള്‍ക്ക് മനഃപൂര്‍വം ഹിന്ദി ഭാഷയില്‍ പേര് നല്‍കിവരുന്ന പ്രവണതയും വര്‍ധിച്ചിട്ടുണ്ട്. ഭരണകൂടങ്ങള്‍ വിദ്യാഭ്യാസത്തെ തങ്ങളുടെ ആശയം പ്രചരിപ്പിക്കാനുള്ള ഉപകരണമാക്കി മാറ്റുന്നതോടെ അതിന് ബലിയാടാകുന്നത് പാവപ്പെട്ട കുട്ടികളാണ്.

ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ നാസി ഭരണകാലത്തും തങ്ങളുടെ ആശയങ്ങള്‍ ജനങ്ങളിലെത്തിക്കാനും ഭരണത്തിനനുകൂലമായി ജനത്തെ വളര്‍ത്തിയെടുക്കാനും വിദ്യാഭ്യാസത്തിലൂടെ ശ്രമിച്ചിരുന്നുവെന്ന് ചരിത്രത്തില്‍ കാണാനാകും. അന്നും പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുകയും അതിലൂടെ തീവ്ര ദേശീയതയും നാസി ആശയ സംഹിതകളും കുട്ടികളെ പഠിപ്പിക്കുകയും ചെയ്തിരുന്നു. അധികാര ഭരണകൂടത്തെ അനുസരിക്കാന്‍ അവര്‍ കുട്ടികളെ പഠിപ്പിച്ചു. 1933ല്‍ നാസി ഭരണകൂടം അധികാരത്തില്‍ വന്ന ശേഷം, പൊതു വിദ്യാഭ്യാസത്തെ കൂടുതല്‍ പ്രതിഫലിപ്പിക്കുന്നതിനും അവരുടെ ദേശീയ, വംശീയ പ്രത്യയശാസ്ത്രങ്ങള്‍ പഠിപ്പിക്കുന്നതിനുമായി നാസികള്‍ പുതിയ നിയമങ്ങള്‍ വേഗത്തില്‍ പാസ്സാക്കി. ജൂത അധ്യാപകരെ അവരുടെ തസ്തികകളില്‍ നിന്ന് പുറത്താക്കി. മറ്റ് അധ്യാപകരെ നാഷനല്‍ സോഷ്യലിസ്റ്റ് ടീച്ചേഴ്‌സ് ലീഗില്‍ ചേരാന്‍ പ്രോത്സാഹിപ്പിച്ചു. രാജ്യമെമ്പാടും ഉപയോഗിക്കാനായി പുതിയ പാഠ്യപദ്ധതികളും പാഠപുസ്തകങ്ങളും തയ്യാറാക്കി. ജര്‍മന്‍ വംശീയത പഠിപ്പിക്കാന്‍ പ്രത്യേക പാഠ്യപദ്ധതി തന്നെ അക്കാലത്ത് ജര്‍മനിയിലുണ്ടായിരുന്നു. സാഹിത്യ വിഷയങ്ങള്‍ മുതല്‍ ഗണിതശാസ്ത്രത്തിലൂടെ വരെ ഈ വംശീയ വിഭജനം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി. യുവജനങ്ങള്‍ തങ്ങളുടെ തീവ്ര ദേശീയതയെ പിന്തുടരാന്‍ വിദ്യാഭ്യാസ പരിഷ്‌കരണത്തിലൂടെ അവര്‍ ശ്രമം നടത്തി. ജര്‍മന്‍ നാസിസത്തിന്റെ ഇന്ത്യന്‍ പതിപ്പാണോ ഇന്ത്യയില്‍ നടക്കാന്‍ പോകുന്നതെന്ന് സംശയിക്കും വിധമാണ് കാര്യങ്ങളുടെ ഗതി വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്നത്. 1940കളില്‍ ജര്‍മനിയിലെ ഓഷ്‌വിറ്റ്‌സ് ക്യാമ്പില്‍ മാത്രം 30 ലക്ഷം പേരെയാണ് രാസവാതകം പ്രയോഗിച്ചും പട്ടിണിക്കിട്ടും തീകൊടുത്തും വെടിവെച്ചും ഹിറ്റ്‌ലറുടെ ഭരണകൂടം കൊന്നത്. അത്തരത്തില്‍ നിഷ്ഠൂരതകള്‍ നടത്തിയ ഹിറ്റ്‌ലറെയാണ് 2005ല്‍ ബി ജെ പി ഭരിച്ചുകൊണ്ടിരുന്ന ഗുജറാത്തിലെ പാഠപുസ്തകത്തിലൂടെ വീരപുരുഷനായി അവതരിപ്പിച്ചത്. അഹിംസക്കും അക്രമത്തിനുമെതിരെ ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ച രാഷ്ട്രപിതാവ് ഗാന്ധിജി ജനിച്ച പോര്‍ബന്തര്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനത്താണ് ഇത്തരമൊരു നീക്കത്തിന് തുടക്കം കുറിച്ചതെന്ന് കൂടി നാം ഓര്‍ക്കണം. അന്ന് ഗുജറാത്ത് ഭരിച്ച പ്രമുഖരാണ് ഇന്ന് രാജ്യം ഭരിക്കുന്നത് എന്നതിനാല്‍ ഇക്കാലം വരെ പഠിച്ചതാകില്ല, നമ്മുടെ മക്കള്‍ ഇനി മുതല്‍ പഠിക്കാന്‍ പോകുന്നതെന്ന് കരുതാം.

Latest