Connect with us

Uae

ദൈനംദിന ജീവിത വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കിടരുത്; മുന്നറിയിപ്പുമായി ദുബൈ പോലീസ്

വ്യക്തിഗതവും രഹസ്യാത്മകവുമായ വിവരങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ എയര്‍ലൈന്‍ ടിക്കറ്റുകളുടെ ചിത്രങ്ങളും പങ്കിടരുത്.

Published

|

Last Updated

ദുബൈ | സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ദൈനംദിന ജീവിതത്തിന്റെ വിശദാംശങ്ങള്‍ പങ്കിടുന്നതിനെതിരെ മുന്നറിയിപ്പുമായി ദുബൈ പോലീസ്. വിഷയത്തില്‍ അവബോധവും ജാഗ്രതയും വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.

നിരവധി മോഷണക്കേസുകള്‍ അന്വേഷിച്ചതില്‍ നിന്ന് മനസ്സിലായത്, ഇരകള്‍ അവരുടെ ദൈനംദിന വിവരങ്ങള്‍ സാമൂഹിക മാധ്യമത്തിലൂടെ വെളിപ്പെടുത്താറുണ്ട് എന്നതാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ അവരുടെ ദൈനംദിന ജീവിത വിവരങ്ങള്‍ പങ്കിടുന്നത് ഒരു സാധാരണ കാര്യമായി മാറിയിട്ടുണ്ടെന്ന് ദുബൈ പോലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലേം അല്‍ ജലാഫ് പറഞ്ഞു.

തങ്ങളുടെ സമ്പത്ത്, വിലയേറിയ കാറുകള്‍, ആഭരണങ്ങള്‍, ആഡംബര ജീവിതം എന്നിവ പ്രദര്‍ശിപ്പിക്കുന്ന സെലിബ്രിറ്റികളെ ലക്ഷ്യമിടുന്ന പ്രത്യേക സംഘങ്ങള്‍ ഈ വിവരങ്ങള്‍ പിന്തുടരുന്നു. കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായി ഇത്തരം സംഘങ്ങള്‍ നിരന്തരം ശ്രമിക്കും. കുറ്റവാളികള്‍ക്ക് അവരുടെ വീടുകള്‍ ലക്ഷ്യമിടാന്‍ അവസരം നല്‍കുന്നതിനാല്‍, ഒരു നിശ്ചിത കാലയളവിലേക്ക് രാജ്യത്ത് നിന്ന് അവരുടെ അഭാവം അറിയിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ജലാഫ് അഭ്യര്‍ഥിച്ചു.

യാത്രാ പദ്ധതികളും അവരുടെ താമസസ്ഥലങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളും പങ്കുവെക്കുന്നത് ഈ സംഘങ്ങള്‍ക്കുള്ള സുവര്‍ണാവസരമാണെന്ന് അദ്ദേഹം പറഞ്ഞു. താമസസ്ഥലം ഒഴിഞ്ഞുകിടക്കുന്നതായി അവര്‍ മനസ്സിലാക്കുന്നു. ഇത് മോഷണം നടത്താന്‍ സഹായകമാകുന്നു. സാമൂഹിക മാധ്യമ പേജുകളില്‍ ഇരകളുടെ അനുയായികളായതു കൊണ്ടാണ് തങ്ങള്‍ മോഷണം ആസൂത്രണം ചെയ്തതെന്ന് പ്രതികള്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. വ്യക്തിഗതവും രഹസ്യാത്മകവുമായ വിവരങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ എയര്‍ലൈന്‍ ടിക്കറ്റുകളുടെ ചിത്രങ്ങള്‍ പങ്കിടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Latest