Ongoing News
ഷോര്‍ട്‌സും റീല്‍സും ഉപജീവന മാര്‍ഗമാക്കുന്നവരുടെ ശ്രദ്ധക്ക്
'സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ നല്ലവരായിരിക്കും.'
‘ഗയ്സ്, മനുഷ്യരുടെ ആത്മാഭിമാനം കൊണ്ടുള്ള പ്രത്യേക തരം റെസിപ്പിയുമായിട്ടാണ് ഇന്ന് നമ്മളിവിടെ വന്നിരിക്കുന്നത്. അതിന് പ്രധാനമായി വേണ്ടത് ഒരു വ്യക്തിയുടെ മാംസമാണ്. സാംസ്‌കാരിക, സാമൂഹിക മേഖലയിലുള്ളവരുടേതോ രാഷ്ട്രീയ നേതാക്കളുടേതോ ആയാല്‍ നല്ലതാണ്. ഞാനിവിടെ എടുത്തിരിക്കുന്നത് മതപണ്ഡിതന്റേതാണ്. അതാകുമ്പോള്‍ കൂടുതല്‍ ലൈക്കുകളും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നല്ല കമന്റുകളും കിട്ടും. പിന്നെ മാന്യമല്ലാത്ത കുറച്ച് വാക്കുകള്‍ വേണം. അത് കുറച്ചധികമായി എന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. ആള്‍ക്കൊത്ത വേഷംകെട്ടും കാട്ടിക്കൂട്ടലും കൂടിയായാല്‍ സംഗതി അടിപൊളിയാവും..!
യൂട്യൂബര്‍മാരോടും ഹാസ്യം ഉപജീവനമാര്‍ഗമാക്കിയവരോടും വരുമാനത്തിനോ വിനോദത്തിനോ ആവട്ടെ ഷോര്‍ട്‌സും റീല്‍സും പടച്ചുവിടുന്നവരടക്കം എല്ലാവരോടുമായി പരിശുദ്ധ ഖുര്‍ആന്‍ പറയുന്നതൊന്ന് ശ്രദ്ധിക്കൂ: ‘സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ നല്ലവരായിരിക്കും. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍ പരിഹസിക്കുന്നവരെക്കാള്‍ നല്ലവരായിരിക്കും. നിങ്ങള്‍ അന്യോന്യം കുത്തുവാക്കുകള്‍ പറയരുത്. പരസ്പരം പരിഹാസ പേരുകള്‍ വിളിച്ച് അവഹേളിക്കരുത്. വിശ്വാസം ഉള്‍ക്കൊണ്ടതിന് ശേഷവും ചീത്ത പേരുകള്‍ വിളിക്കുന്നത് എത്ര മോശമാണ്. ആരെങ്കിലും പശ്ചാത്തപിക്കാത്ത പക്ഷം അവര്‍ തന്നെയാണ് അക്രമികള്‍ (ഹുജറാത്ത്- 11).
ഒരാളുടെ സമ്പത്ത് അപഹരിക്കാനും പിടിച്ചുപറിക്കാനും ആര്‍ക്കും അനുമതിയില്ലാത്തതുപോലെത്തന്നെ, ദേഹോപദ്രവം ഏല്‍പ്പിക്കാനും രക്തം ചൊരിക്കാനും പാടില്ലാത്തതുപോലെത്തന്നെ, ആരുടെയും അഭിമാനത്തിന് കളങ്കം വരുത്താനോ ക്ഷതമേല്‍പ്പിക്കാനോ ആര്‍ക്കും അനുവാദമില്ല. അത് നിഷിദ്ധമാണ്. പരിഹാസവും അവഹേളനവും അപമാനകരമായ സംസാരങ്ങളും ആരും ഇഷ്ടപ്പെടുകയില്ല. ആളില്ലാത്ത സ്ഥലത്തുവെച്ച് കളിയാക്കുന്നതും അങ്ങാടിയില്‍ വെച്ച് കളിയാക്കുന്നതും ഒരുപോലെയല്ല. ആദ്യം പറഞ്ഞതിനെക്കാള്‍ മാനനഷ്ടം രണ്ടാമത്തേതിനുണ്ടാകും.
സംസാരത്തില്‍ സംഭവിച്ച അബദ്ധങ്ങളും പ്രസംഗത്തില്‍ പറ്റിയ പിഴവുകളും മുറിച്ചെടുത്ത് സാമൂഹിക മാധ്യമം വഴി പ്രചരിപ്പിക്കുന്നത് അവഹേളനമാണ്. ഇത് കൂടുതല്‍ ആളുകളിലേക്ക് പ്രചരിക്കുകയും അത്രയും ആളുകള്‍ക്ക് മുന്പില്‍ അവമതിപ്പുണ്ടാക്കാന്‍ കാരണമായിത്തീരുകയും ചെയ്യും.
ഒരു പ്രസംഗകന്‍ അദ്ദേഹത്തെ കാതോര്‍ക്കുന്ന സദസ്യരോട് അവരുടെ രാഷ്ട്രീയപരമോ സംഘടനാപരമോ മതപരമോ ആയ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത് അവരുടെ സ്വകാര്യതയാണെന്ന് വെക്കണം. അതിന്റെ വീഡിയോ ക്ലിപ്പുകള്‍ കറങ്ങിത്തിരിഞ്ഞ് നമ്മുടെ കൈകളിലെത്തിയെന്നത് കൊണ്ട് വീഡിയോ റിയാക്ഷന്‍ ചെയ്തോ ഡ്യൂവെറ്റ് ചെയ്തോ ഡബ്ബ് ചെയ്തോ പരിഹസിക്കാന്‍ നമുക്ക് അര്‍ഹതയില്ല. അത് പ്രചരിപ്പിക്കുകയും അതുവഴി കിട്ടുന്ന പണം കണ്ടെത്തുകയും ചെയ്യുന്നത് ഒരിക്കലും ഭൂഷണമല്ല.
ലോകത്ത് നടക്കുന്ന എല്ലാ സംഭവത്തെക്കുറിച്ചും അഭിപ്രായം പറയണമെന്ന് വാശിപിടിക്കുകയോ സ്വന്തം ചാനലിന്റെ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ പൊതുജനം അസ്വസ്ഥരാകുമെന്ന് വിചാരിക്കുകയോ ചെയ്യരുത്. അറിവില്ലാത്ത കാര്യത്തെക്കുറിച്ച് സംസാരിക്കാതിരിക്കലാണ് നല്ലതെന്നാണ് ഖുര്‍ആന്‍ പഠിപ്പിച്ച സംസ്‌കാരം.