Connect with us

Ongoing News

പ്രാണനെടുക്കുന്നതോ പ്രണയം?!

Published

|

Last Updated

മുൻ കാലങ്ങളിൽ പ്രണയാഭ്യർഥന റോസാപ്പൂവിലൂടെയും കവിതകളിലൂടെയും മറ്റു സമ്മാനങ്ങളിലൂടെയുമെല്ലാമായിരുന്നെങ്കിൽ ഇന്നത്തെ യുവതലമുറ പ്രണയാഭ്യർഥന നടത്തുന്നത് കൈയിൽ കത്തിയും തോക്കും മണ്ണെണ്ണയും ആസിഡുമെല്ലാമായിട്ടാണ്. ആദർശ പ്രണയങ്ങളുടെ കാലം കഴിഞ്ഞു. ചെമ്മീനിലെ കറുത്തമ്മയും പരീക്കുട്ടിയും ചങ്ങന്പുഴയുടെ രമണനുമെല്ലാം ഇന്ന് ചരിത്രത്തിൽ മാത്രം. കുറച്ച് കാലങ്ങളായി പൊടിപൊടിച്ചുകൊണ്ടിരിക്കുന്ന വാലന്റൈൻസ് ഡേ വെറും കച്ചവട തന്ത്രം മാത്രമാണ്.
സമീപകാല സംഭവങ്ങൾ ഇത്തരത്തിലുള്ള സംസ്കാര മാറ്റത്തിന്റെ ബാക്കിപത്രമായി നമുക്ക് വീക്ഷിക്കാം. മാത്രമല്ല, പത്ര ദൃശ്യ മാധ്യമങ്ങളിൽ പ്രണയാഭ്യർഥനയും നിരസിക്കലും അതുസംബന്ധമായ അത്യാഹിതങ്ങളും പോലുള്ള വാർത്തകൾക്ക് കൊടുക്കുന്ന അമിത പ്രാധാന്യം സമാന പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ഇതേ മാർഗങ്ങൾ അവലംബിക്കാനുള്ള സാധ്യത കൂട്ടുന്നു. അങ്ങനെ അക്രമികൾക്കൊരു ഹീറോ പരിവേഷം കൂടി ലഭിക്കുന്പോൾ ചെയ്യുന്ന ദുഷ്ടതക്ക് തീവ്രത കൂടുന്നു.

കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളിലായി നമ്മുടെ നാടിനെ പിടിച്ചുലച്ച ചില സംഭവങ്ങൾ പരിശോധിക്കാം. ആദ്യ സംഭവം നടക്കുന്നത് 2017 ഫെബ്രുവരിയിലാണ്. കോട്ടയം ഗാന്ധിനഗർ എസ് എം ഇ കോളജ് പാരാ മെഡിക്കൽ വിദ്യാർഥിനിയെ പെട്രോളൊഴിച്ച് കത്തിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. 2018 ഫെബ്രുവരിയിൽ പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ കാസർകോട് സുള്യയിലെ കോളജ് വിദ്യാർഥിനിയെ കുത്തിക്കൊന്നു. 2019 മാർച്ചിൽ തൃശൂരിൽ എൻജിനീയറിംഗ് വിദ്യാർഥിനിയെ ഐ ടി കന്പനി ജീവനക്കാരൻ കുത്തിയും പെട്രോളൊഴിച്ച് കത്തിച്ചും കൊലപ്പെടുത്തി. 2019 ജൂൺ മാവേലിക്കര വള്ളിക്കുന്ന് വനിതാ സിവിൽ പോലീസ് ഓഫീസറെ തീകൊളുത്തിക്കൊന്നു. 2021 ജൂണിൽ പ്ലസ്ടുവിന് സഹപാഠിയായിരുന്ന യുവാവ് 21 കാരിയെ വീട്ടുകാർ വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് കുത്തിക്കൊന്നു. ഏറ്റവും ഒടുവിലായി 2021 ജൂലൈ 30ന് കണ്ണൂർ സ്വദേശിനിയായ ബി ഡി എസ് ഡോക്ടറായ പെൺകുട്ടിയെ പ്രണയം നിരസിച്ചതിന്റെ പേരിൽ വെടിവെച്ച് കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു.

ഇതിൽ ഒട്ടുമിക്ക പേരും ഏറെ മുന്നൊരുക്കം നടത്തിയിട്ടാണ് കൃത്യം നടത്തിയിട്ടുള്ളത്. പ്രണയ നിഷേധമാണോ കാലുമാറുന്ന പ്രണയിനികളാണോ എന്നത് പോലെ അറിയേണ്ടത് തന്നെയാണ് ഇത്തരം യുവാക്കളുടെ മനഃശാസ്ത്രവും. പ്രണയം എന്ന ലോലവികാരം പുതിയ തലമുറയെ എങ്ങനെ അക്രമത്തിലേക്ക് നയിക്കുന്നു. ഇവർക്ക് സഹിഷ്ണുത നഷ്ടപ്പെടുന്നുവോ? പ്രണയം നഷ്ടമാകുന്പോഴുണ്ടാകുന്ന നിരാശ എങ്ങനെ പ്രതികാരത്തിലേക്കും അക്രമത്തിലേക്കും നയിക്കുന്നു. പണ്ടെല്ലാം പ്രണയ നൈരാശ്യം നിരാശാ കാമുകന്മാരെയായിരുന്നു സൃഷ്ടിച്ചിരുന്നത്. ഇന്ന് ഇത് പ്രണയ കൊലപാതകികളെ സൃഷ്ടിക്കുന്നു.

സ്ത്രീകൾക്ക് ചിന്തിക്കാനും സ്വന്തമായി തീരുമാനമെടുക്കാനും അതനുസരിച്ച് ജീവിക്കാനും ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനും ഇഷ്ടമില്ലാത്തത് തിരസ്കരിക്കാനും അധികാരമുണ്ട് എന്ന് അവർ മനസ്സിലാക്കുന്നില്ല. ഇത്തരം കൊലപാതകങ്ങൾക്കു പിന്നിൽ ഒളിച്ചിരിക്കുന്ന അതിയായ സ്വാർഥതകൂടി നമ്മൾ കാണേണ്ടിയിരിക്കുന്നു. “എന്റെ കൂടെ വരുന്നില്ലെങ്കിൽ ഇവൾ ഇനി മറ്റാരുടെയും കൂടെ ജീവിക്കരുത്” എന്ന കഠിന സ്വാർഥത ഇത്തരം കൊലപാതകങ്ങൾക്ക് വഴിയൊരുക്കുന്നു. “over possessiveness” എന്ന വികാരവും ഇത്തരം സ്വാർഥതക്ക് വഴിയൊരുക്കാം. ” അവൾ എന്റെ എല്ലാം എല്ലാമാണ് , ഞാൻ പറയുന്നത് പോലെ മാത്രമേ എന്തും ചെയ്യാൻ പാടുള്ളൂ” എന്ന കടുത്ത നിബന്ധനകൾ മറുവശത്ത് നിന്ന് വരുന്പോൾ കാമുകിക്ക് ഒരു പക്ഷേ സഹിക്കാൻ കഴിയുന്നതിലും അധികമായിരിക്കാം. ഇത് കാമുകിയെക്കുറിച്ചുള്ള സംശയത്തിലേക്കും പ്രതികാരത്തിലേക്കും നയിക്കുന്നു. ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ ഉടലെടുക്കുന്ന കഠിനമായ വിഷാദാവസ്ഥ കൊലപാതകത്തിലേക്കും സ്വയം നശിക്കാനുള്ള തീരുമാനത്തിലേക്കും എത്തിക്കുന്നുവെന്ന് പ്രമുഖ മനഃശാസ്ത്രജ്ഞൻ സിഗ്്മൺ ഫ്രോയ്ഡ് പഠനങ്ങളിലൂടെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.