Gulf
മലപ്പുറം കോട്ടക്കല്‍ വലിയപറമ്പ് സ്വദേശി ജിദ്ദയില്‍ കുത്തേറ്റു മരിച്ചു
മലപ്പുറം | മലപ്പുറം കോട്ടക്കല്‍ വലിയപറമ്പ് സ്വദേശി ജിദ്ദയില്‍ കുത്തേറ്റ് മരിച്ചു. കോട്ടക്കല്‍ വലിയപറമ്പ് സ്വദേശി കുഞ്ഞലവി എന്ന ഉണ്ണീന്‍ നമ്പ്യേടത്ത് (45) നെയാണ് ജിദ്ദയിലെ അല്‍ സാമറില്‍ വാഹനത്തില്‍ കുത്തേറ്റ മരിച്ച നിലയില്‍ കണ്ടത്. ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു.
ചൊവ്വാഴ്ച രാവിലെ പത്തോടെ ജിദ്ദയിലെ അല്‍ സാമിറിലാണ് സംഭവം. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് അല്‍ കുമറയില് നിന്ന് സ്ഥാപനത്തിന്റെ കളക്ഷന്‍ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ പിന്തുടര്‍ന്ന അക്രമികള്‍ വാഹനത്തില്‍ വച്ച് കുത്തിയ ശേഷം പണവുമായി കടന്നുകളയുകയായിരുന്നു. സാധാരണ റൂമിലേക്ക് വരുന്ന സമയത്ത് കാണാതായതോടെ കൂട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സ്വന്തം വാഹനത്തില്‍ കുത്തേറ്റ് രക്തം വാര്‍ന്ന് മരിച്ച് കിടക്കുന്ന നിലയില്‍ കുഞ്ഞലവിയെ കണ്ടെത്തിയത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി സ്പോണ്‍സറും സുഹൃത്തുക്കളും ജിദ്ദയിലെ പ്രവര്‍ത്തകരും രംഗത്തുണ്ട്.