Connect with us

First Gear

സി എന്‍ ജി കാറുകള്‍ക്ക് വന്‍ ഡിമാന്‍ഡ്; അറിയാം സവിശേഷതകള്‍

Published

|

Last Updated

കൊവിഡ് പ്രതിസന്ധിയ്ക്കൊപ്പം ഇന്ധനവിലയും വര്‍ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പെട്രോള്‍ വില ദിനംപ്രതി കൂടുമ്പോള്‍ വാഹന ഉടമകള്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. ഇപ്പോള്‍ സി എന്‍ ജി കാറുകളെ ആശ്രയിക്കുകയാണ് ഒട്ടുമിക്ക ആളുകളും. ലാഭകരവും ഒപ്പം പ്രകൃതി സൗഹൃദമായ ഇന്ധനവുമാണ് സി എന്‍ ജി. അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ നേരത്തെ വ്യാപകമായ ഇന്ധനമാണ് ഇത്. ഇപ്പോള്‍ കേരളത്തിലും സി എന്‍ ജി അതിവേഗത്തില്‍ കടന്നുവരുന്ന പ്രവണതയാണുള്ളത്.

സി എന്‍ ജി എന്നത് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് ആണ്. ലോകമെങ്ങും വാഹന നിര്‍മാതാക്കള്‍ പെട്രോള്‍, ഡീസല്‍, എല്‍ പി ജി എന്നിവയുടെ ബദല്‍ ഇന്ധനമായാണ് സി എന്‍ ജി അവതരിപ്പിച്ചിരിക്കുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറവുള്ളതിനാല്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാവുകയില്ല എന്നതാണ് സി എന്‍ ജി വാഹനങ്ങളുടെ പ്രത്യേകത. മീതൈന്‍ ആണ് സി എന്‍ ജിയുടെ പ്രധാന ഘടകം. എന്‍ജിനില്‍ നിന്ന് പുറന്തള്ളുന്ന കണങ്ങളില്‍ കാര്‍ബണ്‍, ലെഡ്, സള്‍ഫര്‍ എന്നിവയുടെ അളവ് വളരെ കുറവായിരിക്കും. ഗ്രീന്‍ ഫ്യുവല്‍ അല്ലെങ്കില്‍ ക്ലീന്‍ ഫ്യുവല്‍ എന്നൊക്കെയാണ് സി എന്‍ ജി അറിയപ്പെടുന്നത്.

പെട്രോളിന്റെ പകുതിയോളം മാത്രമാണ് സി എന്‍ ജി ഇന്ധനത്തിന്റെ വില. എന്നാല്‍ പ്രെട്രോളിനേക്കാള്‍ കൂടുതല്‍ മൈലേജ് ലഭിക്കുകയും ചെയ്യുമെന്നത് ഇതിന്റെ സവിശേഷതയാണ്. പെട്രോളില്‍ 20 കിലോമീറ്റര്‍ ഓടുന്ന കാറിന് സി എന്‍ ജി ഇന്ധനത്തില്‍ 30 കിലോമീറ്റര്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഓണ്‍ലൈന്‍ ടാക്സികള്‍ വരെ സി എന്‍ ജിയിലേക്ക് വ്യാപകമായി മാറുന്ന പ്രവണതയാണുള്ളത്.
പെട്രോള്‍ വാഹനങ്ങളും സി എന്‍ ജിയിലേക്ക് മാറ്റാന്‍ കഴിയും. ഇതിനായി അംഗീകൃത കണ്‍വേര്‍ഷന്‍ കിറ്റും സി എന്‍ജി ടാങ്കും ഘടിപ്പിക്കുകയാണ് ചെയ്യേണ്ടത്. കൊച്ചിയില്‍ പെട്രോള്‍ വാഹനങ്ങള്‍ സി എന്‍ ജിയിലേക്ക് മാറ്റുന്ന സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളുണ്ട്. പെട്രോള്‍ വേരിയന്റിനേക്കാള്‍ വില കൂടുതലായിരിക്കും സി എന്‍ ജി മോഡലുകള്‍ക്ക്. കാറുകളില്‍ 200 മുതല്‍ 300 വരെ കിലോമീറ്റര്‍ ഓടാനുള്ള ഇന്ധനമേ ഒറ്റത്തവണ നിറയ്ക്കാന്‍ സാധിക്കുകയുള്ളൂ. പത്തുകിലോ സി എന്‍ ജിയാണ് 60 ലിറ്റര്‍ ടാങ്കുകളില്‍ നിറയ്ക്കാനാവുക.

മാരുതി എല്ലാ മോഡലിലും ഇപ്പോള്‍ സി എന്‍ ജി പതിപ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്.

1. മാരുതി സുസുക്കി ആള്‍ട്ടോ

മാരുതി സുസുക്കി ആള്‍ട്ടോ എല്‍ എക്സ് ഐ സി എന്‍ ജി
എക്സ് ഷോറൂം വില 4,66,422 ലക്ഷം രൂപ

മാരുതി സുസുക്കി ആള്‍ട്ടോ എല്‍ എക്സ് ഐ (ഒ) സി എന്‍ ജി
എക്സ് ഷോറൂം വില 4,70,595 ലക്ഷം

2. മാരുതി എര്‍ട്ടിഗ
എക്സ് ഷോറൂം വില 10 ലക്ഷം

3. മാരുതി വാഗണര്‍
എക്സ് ഷോറൂം വില ആറ് ലക്ഷം

4. ഹ്യുണ്ടായ് ഔറ
എക്സ്ഷോറൂം വില 5.97-9.31 ലക്ഷം

5. മാരുതി സെലെറിയോ
എക്സ്ഷോറൂം വില 4.65-ആറ് ലക്ഷം

6. മാരുതി സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍
എക്സ്ഷോറൂം വില 5.76-6.40 ലക്ഷം

7. മാരുതി എസ് പ്രെസ്സോ
എക്സ് ഷോറൂം വില 3.78-5.36 ലക്ഷം

8. മാരുതി എക്കോ
എക്സ് ഷോറൂം വില 4.08-5.39 ലക്ഷം

9. ഹ്യുണ്ടായ് സാന്‍ട്രോ
എക്സ് ഷോറൂം വില 4.73-6.41 ലക്ഷം

10. ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ 10 എന്‍ ഐ ഒ എസ്
എക്സ് ഷോറൂം വില 5.23-8.45 ലക്ഷം

11. ഹ്യുണ്ടായ് എക്സെന്‍ഡ് പ്രൈം
എക്സ് ഷോറൂം വില 6.40-7.20 ലക്ഷം

സി എന്‍ ജി വാഹനങ്ങള്‍ ഷോറൂമില്‍ നിന്ന് വാങ്ങിയാല്‍ രേഖകളിലും ഇന്‍ഷ്വറന്‍സിലും മാറ്റം വരുത്തേണ്ട ആവശ്യമില്ല. എന്നാല്‍, സി എന്‍ ജിയിലേക്ക് മാറ്റം വരുത്തുന്ന വാഹനങ്ങള്‍ ആര്‍ സിയില്‍ ഉള്‍പ്പെടെ രേഖപ്പെടുത്തേണ്ടതാണ്. കൂടാതെ ഇന്‍ഷ്വറന്‍സ് കമ്പനിയെ വിവരം അറിയിക്കുകയും വേണം. കേരളത്തില്‍ കൊച്ചിയിലെ പത്തോളം പെട്രോള്‍ പമ്പുകളില്‍ സി എന്‍ ജി ലഭ്യമാണ്. തൃശൂരിലെ ചില പമ്പുകളില്‍ ഇന്ധനം ലഭിക്കുന്നുണ്ട്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളിലെ പമ്പുകളിലും സി എന്‍ ജി വൈകാതെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest