Connect with us

International

ചര്‍മ്മത്തിനുള്ളില്‍ ആറ് മൈക്രോചിപ്പുകള്‍ ഘടിപ്പിച്ച് ഡോക്ടര്‍; ബാങ്ക് ഇടപാടുകള്‍ക്ക് കൈവീശിയാല്‍ മതി

Published

|

Last Updated

മോസ്‌കോ | റഷ്യയിലെ നോവോസിബിര്‍സ്‌കിലെ ഗൈനക്കോളജിസ്റ്റ് അലക്‌സാണ്ടര്‍ വോള്‍ചെക്കിന്റെ ചര്‍മ്മത്തിനുള്ളില്‍ നിരവധി ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. “ഡോക്ടര്‍ ചിപ്പ്” എന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നതുതന്നെ. ചിപ്പ് ശരീരത്തിലുള്ളതുകൊണ്ട് ജോലികള്‍ തടസമില്ലാതെ നിര്‍വഹിക്കാനും, എളുപ്പമാക്കാനും, കടയില്‍ പോയി സാധനം വാങ്ങാനും, വീട്ടിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും, ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും ഒന്ന് കൈവീശിയാല്‍ മതിയെന്നാണ് ഡോക്ടറുടെ വാദം.

കൈയുടെ ചര്‍മ്മത്തിനകത്താണ് ചിപ്പുകള്‍ ഭദ്രമായുള്ളത്. കൈയില്‍ ഒരു ബാങ്ക് കാര്‍ഡിന്റെ ചിപ്പ് ഘടിപ്പിച്ചതായി ഡോക്ടര്‍ പ്രഖ്യാപിച്ചത് അടുത്തിടെയാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇനി മുതല്‍ ക്രെഡിറ്റ് കാര്‍ഡിന് പകരം അദ്ദേഹത്തിന് സ്വന്തം കൈപ്പത്തി സൈ്വപ്പുചെയ്തുകൊണ്ട് ആളുകള്‍ക്ക് പണം നല്‍കാന്‍ സാധിക്കും.

രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഇങ്ങനെയൊരു പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കുന്നത് ഡോ. അലക്‌സാണ്ടര്‍ ആണ്. 2014 ലാണ് ചിപ്പ് ശരീരത്തില്‍ തുന്നിച്ചേര്‍ക്കുന്ന പരീക്ഷണം അദ്ദേഹം ആരംഭിച്ചത്. ഇപ്പോള്‍ ലൈറ്റ് ഇടാനും, കതക് തുറക്കാനും ബില്ലടയ്ക്കാന്‍പോലും കൈ വെറുതെയൊന്ന് വീശിയാല്‍ മതിയെന്നാണ് ഡോക്ടര്‍ പറയുന്നത്.

800 ബൈറ്റുകള്‍ മുതല്‍ 1 കെ ബി വരെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ ചിപ്പുകള്‍ക്ക് ശേഷിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014 ല്‍ ആദ്യമായി അദ്ദേഹത്തിന്റെ ശരീരത്തില്‍ കട്ടിയുള്ള ഒരു സൂചി ഉപയോഗിച്ചാണ് ഡോക്ടര്‍മാര്‍ മൈക്രോചിപ്പ് കുത്തി ഇറക്കിയത്. ഒരു ഉറുമ്പു കടിക്കുന്ന വേദന മാത്രമേ അനുഭവപ്പെട്ടുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ചിപ്പില്‍ സാധ്യമായ എല്ലാ പാസ്വേഡുകളും സൂക്ഷിച്ചുവെച്ചിട്ടുണ്ട്.

റഷ്യന്‍ മാധ്യമങ്ങള്‍ ഡോക്ടര്‍ ചിപ്പിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത് 2017 ലാണ്. അപ്പോഴേക്കും ഇന്റര്‍കോം കാര്‍ഡിന് പകരമായി ഉപയോഗിക്കാവുന്ന ചിപ്പ്, വര്‍ക്ക് പാസായി പ്രവര്‍ത്തിക്കുന്ന ചിപ്പ്, ആശുപത്രിയിലെ വാതിലുകളിലൂടെയും വരാന്തകളിലൂടെയും പ്രവേശനം അനുവദിക്കുന്ന ചിപ്പ്, കോണ്‍ടാക്റ്റ് വിവരങ്ങള്‍ സൂക്ഷിക്കുന്ന ഒരു ചിപ്പ്, പാസ്വേഡുകളെല്ലാം സൂക്ഷിച്ചു വയ്ക്കുന്ന ചിപ്പ് തുടങ്ങി ആറ് ചിപ്പുകള്‍ ശരീരത്തിനകത്ത് അദ്ദേഹം ഘടിപ്പിച്ചിരുന്നു. ഡോക്ടറുടെ ഭാര്യയുടെ കൈയിലും ഒരു ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഡോക്ടറുടെ ഭാര്യ ഉള്‍പ്പെടെ ഇരുന്നൂറിലധികം പേര്‍ ഇവ്വിധം ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

Latest