Connect with us

Articles

പെഗാസസ് വെളിച്ചത്തുകൊണ്ടുവരുന്നത്

Published

|

Last Updated

ലോകത്തിലെ ഏറ്റവും ശക്തമായ ചാര സോഫ്റ്റ് വെയറാണ് മൊസാദിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍ എസ് ഒ എന്ന ഇസ്‌റാഈലി കമ്പനി രൂപപ്പെടുത്തി ലോകത്തിലെ പല രാജ്യങ്ങള്‍ക്കും അവരുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും നല്‍കിയിരിക്കുന്നത്. ഒരാളുടെ ഫോണില്‍ കടന്നു കഴിഞ്ഞാല്‍ 24 മണിക്കൂറിനകം അയാളുടെ ഫോണിന്റെ ഓപറേഷന്‍ സിസ്റ്റത്തിന്റെ നിയന്ത്രണമേറ്റെടുക്കാന്‍ ഈ സ്‌പൈവെയറിനാകും! പെഗാസസ് എന്ന് നാമകരണം ചെയ്തിരിക്കുന്ന (പെഗാസസ് ഗ്രീക്ക് മിത്തോളജിയിലെ പറക്കും കുതിരയാണ്) ഈ ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഒരാളുടെ സമസ്ത ചലനങ്ങളെയും സംഭാഷണങ്ങളെയും ഫോണിലെ മെസ്സേജുകളെയും ഫോട്ടോകളെയും നിരീക്ഷിക്കാനാകും. ഫോണ്‍ ഉപയോഗിക്കുന്നവര്‍ അറിയാതെ മൈക്രോഫോണും ക്യാമറയും പ്രവര്‍ത്തിക്കും. സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യും, ക്യാമറ പകര്‍ത്തും. 2018 മുതല്‍ ഇന്ത്യയും ഈ സ്‌പൈവെയര്‍ ഉപയോഗപ്പെടുത്തി മാധ്യമ പ്രവര്‍ത്തകരുടെയും മന്ത്രിമാരുടെയും ശാസ്ത്രജ്ഞന്മാരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഫോണുകള്‍ ചോര്‍ത്തുന്നു. സുപ്രീം കോടതി ജഡ്ജിയുടെ വരെ ഫോണ്‍ ചോര്‍ത്തുന്നു! തങ്ങള്‍ക്കനഭിമതരായവരെയും വിമര്‍ശകരെയും കള്ളക്കേസില്‍ കുടുക്കാനായി ഈ മാല്‍വെയര്‍ ഉപയോഗിക്കുന്നു. ഭീകരവും ഭയജനകവുമാണവസ്ഥയെന്നാണ് പുറത്ത് വന്ന വിവരങ്ങള്‍ കാണിക്കുന്നത്. സൈനിക നടപടികളിലൂടെയും ചാര പ്രവര്‍ത്തനങ്ങളിലൂടെയും ഒരു കുറ്റവാളി രാഷ്ട്രമായിത്തീര്‍ന്ന രാജ്യമാണ് ഇസ്‌റാഈല്‍. ഫലസ്തീനികളെ കൊന്നു കൂട്ടി സി ഐ എയുടെയും മൊസാദിന്റെയും ഉപജാപങ്ങളിലൂടെയും രക്തപങ്കിലമായ ഗൂഢാലോചനകളിലൂടെയും ജന്മമെടുക്കുകയും നിലനിന്നുപോരുകയും ചെയ്യുന്ന രാഷ്ട്രമാണ് സയണിസ്റ്റ് ഇസ്‌റാഈല്‍.

പൊളാരിസ്സും പെഗാസസും ഇസ്‌റാഈല്‍ – ഇന്ത്യ രഹസ്യാന്വേഷണ ബാന്ധവത്തിന്റെയും തന്ത്രപരമായ സൈനിക വാണിജ്യ ബന്ധത്തിന്റെയും ഉത്പന്നങ്ങളാണ്. അതായത് ഇസ്‌റാഈല്‍ സ്‌പൈവെയറായ പെഗാസസിനെ കുറിച്ച് നാം ചര്‍ച്ച ചെയ്യുമ്പോള്‍ “പൊളാരിസ്സ്” എന്ന ചാര പേടകത്തെ പറ്റി കൂടി ഓര്‍ക്കണമെന്ന്. എന്താണ് പൊളാരിസ്സ് എന്നല്ലേ? ഇന്ത്യയുടെ ചന്ദ്രയാന്‍ പദ്ധതിയിലെ ഇസ്‌റാഈല്‍ പങ്കാളിത്തത്തിന്റെ ഉത്പന്നമാണത്. പശ്ചിമേഷ്യയിലെ തങ്ങളുടെ സൈനിക ഇടപെടലുകള്‍ക്കുള്ള ചാര പേടകത്തിന്റെ പേരാണ് പൊളാരിസ്സ്. ഇന്ത്യന്‍ സഹായത്തോടെ ഇസ്‌റാഈല്‍ വിക്ഷേപിച്ച ചാരപേടകമാണത്. ഈയൊരു ചാരപേടകത്തിന്റെ സഹായത്തോടെയാണ് ഇസ്‌റാഈല്‍ വ്യോമസേന ഗസ്സയിലെ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങള്‍ നിര്‍ണയിച്ച് ബോംബ് വര്‍ഷം നടത്തിക്കൊണ്ടിരുന്നത്. ഫ്ലാറ്റ് സമുച്ചയങ്ങളും യു എന്‍ അഭയാര്‍ഥി ക്യാമ്പുകളും ലക്ഷ്യമിട്ട് കൂട്ടക്കൊലകള്‍ നടത്തുന്നത്. ഫലസ്തീനികളെ കൊന്നു കൂട്ടുന്നത്. ചാരസോഫ്റ്റ് വെയറും ചാര പേടകവുമെല്ലാം അമേരിക്കയുടെയും അവരുടെ പശ്ചിമേഷ്യയിലെ ചട്ടമ്പി രാഷ്ട്രമായ ഇസ്‌റാഈലിന്റെയും ലോകാധിപത്യ താത്പര്യങ്ങളുമായി ബന്ധപ്പെട്ട് ആവിഷ്‌കരിക്കപ്പെട്ടതാണെന്ന് കാണണം.

തങ്ങള്‍ക്കെതിരായ രാഷ്ട്രങ്ങളെയും ഭരണാധികാരികളെയും നേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും നിരീക്ഷണ വലയത്തിലാക്കി പിടികൂടുകയെന്ന സി ഐ എ – മൊസാദ് തന്ത്രമാണിതിന് പിറകില്‍. യു പി എ സര്‍ക്കാറിന്റെ കാലത്താണല്ലോ അമേരിക്കന്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഇന്ത്യ ഇസ്‌റാഈലുമായി തന്ത്രപരമായ ബന്ധമാരംഭിക്കുന്നത്. ആ ബന്ധം പ്രതിരോധ സൈനിക കരാറുകളിലൂടെ സംയുക്ത സൈനിക പരിശീലനത്തിലേക്കും ചന്ദ്രയാന്‍ പദ്ധതിയിലെ പങ്കാളിത്തത്തിലേക്കും ഇപ്പോള്‍ ചാര സോഫ്റ്റ് വെയറിന്റെ കൈമാറ്റത്തിലേക്കും വളര്‍ന്നു വന്നിരിക്കുന്നു. ഇസ്‌റാഈലില്‍ നിന്ന് ഏറ്റവും കൂടുതല്‍ യുദ്ധോപകരണങ്ങള്‍ വാങ്ങിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇസ്‌റാഈലിന്റെ ഒന്നാമത്തെ ആയുധ വ്യാപാര പങ്കാളിയാണ് മോദിയുടെ ഇന്ത്യ.

നരസിംഹ റാവു സര്‍ക്കാറിന്റെ കാലം മുതലാണ് ഇസ്‌റാഈലുമായി ഇന്ത്യ ബന്ധമാരംഭിച്ചത്. അമേരിക്കയുടെ തന്ത്രപരമായ പദ്ധതിയിലേക്ക് ഇന്ത്യ ഉദ്ഗ്രഥിക്കപ്പെടുകയായിരുന്നു. സയണിസത്തിനനുകൂലമായി ലോബിയിംഗും പ്രചാരണവും നടത്താനായി 1906ല്‍ അമേരിക്കയില്‍ ജൂത സംഘടനകള്‍ സജ്ജീകരിക്കപ്പെട്ടതിനെ കുറിച്ച് നോം ചോംസ്‌കി അദ്ദേഹത്തിന്റെ world order new and old എന്ന കൃതിയില്‍ വിശദീകരിക്കുന്നുണ്ട്. പൊളിറ്റിക്കല്‍ ആക് ഷന്‍ കമ്മിറ്റി എന്ന പേരില്‍ ഇതിനായി 126 കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് പോലും. ഇതിന്റെ ചെയര്‍മാന്‍മാരുടെ സംഘടനയായ ഇസ്‌റാഈല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി അമേരിക്കയിലെ ആര്‍ എസ് എസ് ഗ്രൂപ്പുകളുമായി (ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പി) ഉള്‍പ്പെടെ ബന്ധപ്പെട്ടാണ് ഇന്ത്യ- ഇസ്‌റാഈല്‍ ബന്ധം ശക്തമാക്കുന്നത്.

മോദിയെ വികസന പുരുഷനാക്കി ദേശീയാധികാരത്തിലെത്തിച്ച ആപ് കോ വേള്‍ഡ് വൈഡ് ഉള്‍പ്പെടെ നിരവധി പബ്ലിക് റിലേഷന്‍സ് കമ്പനികള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ യു എസ് സയണിസ്റ്റ് ലോബി യു പി എ സര്‍ക്കാറിന്റെ കാലം മുതല്‍ ഇന്ത്യയുടെ വിദേശനയത്തെയും ഭരണ രാഷ്ട്രീയത്തെയും തങ്ങളുടെ താത്പര്യങ്ങള്‍ക്കാവശ്യമായ രീതിയില്‍ മാറ്റിയെടുക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നുണ്ട്. വാജ്‌പയി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് കശ്മീര്‍ പ്രശ്‌ന പരിഹാരത്തിനായി ഇസ്‌റാഈല്‍ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സഹായം തേടാനുള്ള നീക്കമുണ്ടായത്. അത്തരം നീക്കങ്ങളും ഇസ്‌റാഈല്‍ ബാന്ധവവും തുടരാനാണ് യു പി എ സര്‍ക്കാര്‍ ശ്രമിച്ചത്. 2014ഓടെ ദേശീയാധികാരം കൈയടക്കിയ ഹിന്ദുത്വ വാദികള്‍ കടുത്ത മുസ്‌ലിം വിരുദ്ധതയിലും അമേരിക്കന്‍ ദാസ്യത്തിലും അധിഷ്ഠിതമായ നിലപാടില്‍ നിന്ന് ഇസ്‌റാഈല്‍ ബാന്ധവം പ്രഖ്യാപിത നയമാക്കി, അവരുമായി സൈനികവും രഹസ്യാന്വേഷണപരവുമായ ബന്ധം ശക്തിപ്പെടുത്തി. പെഗാസസ് വിവാദം ഈ ബന്ധത്തെ കൂടുതല്‍ വെളിപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.

കെ ടി കുഞ്ഞിക്കണ്ണന്‍

---- facebook comment plugin here -----

Latest