Connect with us

International

യു എസില്‍ മങ്കി പോക്സ് വൈറസ് സ്ഥിരീകരിച്ചു; 20 വര്‍ഷത്തിനിടെ ആദ്യ കേസ്

Published

|

Last Updated

ടെക്സാസ് | അമേരിക്കയിലെ ടെക്സാസില്‍ 20 വര്‍ഷത്തിനിടയില്‍ ആദ്യ മങ്കിപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചു. നൈജീരിയയില്‍ നിന്നും ടെക്സാസിലേക്ക് എത്തിയ യാത്രക്കാരനാണ് രോഗം കണ്ടെത്തിയതെന്ന് യു എസ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ അധികൃതര്‍ അറിയിച്ചു. രോഗബാധിതന്‍ ദല്ലാസില്‍ ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഉമിനീരില്‍ നിന്നാണ് രോഗം മറ്റൊരാളിലേക്ക് പകരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ല.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം മധ്യ, പശ്ചിമാഫ്രിക്കന്‍ പ്രദേശങ്ങളില്‍ ഉണ്ടാകുന്ന അപൂര്‍വവും ഗുരുതരവുമായ വൈറസ് രോഗമാണ് മങ്കിപോക്സ്. കുരങ്ങുകള്‍, എലികള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളിലാണ് വൈറസ് കണ്ടുവരുന്നത്. ചില അവസരങ്ങളില്‍ മനുഷ്യരിലേക്കും പകരുന്നു. കടുത്ത പനി, തലവേദന, പുറം വേദന, പേശികളില്‍ വേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. 1970കളില്‍ നൈജീരിയയിലും മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളിലും പടര്‍ന്നുപിടിച്ച രോഗമാണ് മങ്കി പോക്സ്. 2003ല്‍ അമേരിക്കയിലും ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് 47 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിമാന യാത്രയില്‍ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള നീക്കത്തിലാണ് അധികൃതര്‍.