Connect with us

Gulf

ഹജ്ജ്: പുണ്യ ഭൂമിയുടെ സുരക്ഷാ ചുമതല ഹജ്ജ് സുരക്ഷാ സേനക്ക്

Published

|

Last Updated

മക്ക | ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മക്കയിലെയും ഹജ്ജിന്റെ സുപ്രധാന കര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലെയും സുരക്ഷാ ചുമതല ഹജ്ജ് സുരക്ഷാ സേന ഏറ്റെടുത്തു. പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ഡയറക്ടറും ഹജ്ജ് സുരക്ഷാ സേനയുടെ കമാന്‍ഡറുമായ മേജര്‍ ജനറല്‍ സായിദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ തുവാന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഹാജിമാരുടെ യാത്രകള്‍ സുഗമമാക്കുന്നതിനായി ജിദ്ദ – മക്ക എക്‌സ്പ്രസ് വേയിലെ പതിനാറ് ലൈനുകളും ഈ വാഹനങ്ങള്‍ക്കായി തുറന്ന് കൊടുത്തിട്ടുണ്ട്. അനധികൃത നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനായി മുഴുവന്‍ പ്രവേശന കവാടങ്ങളിലും സുരക്ഷാ സേനയെ വിന്യസിച്ചു. ഹജ്ജ് അനുമതി പത്രമില്ലാത്തവര്‍ക്ക് ഹറമിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും മക്കയിലെ മസ്ജിദുല്‍ ഹറമിലേക്കും ഹാജിമാര്‍ രാപ്പാര്‍ക്കുന്ന തമ്പുകളുടെ നഗരിയായ മിനയിലേക്കുമുള്ള സഞ്ചാരം വേഗത്തിലാകുന്നതിനായി മുഴുവന്‍ ക്രമീകരങ്ങളും പൂര്‍ത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

ദശലക്ഷക്കണക്കിന് വരുന്ന തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കാന്‍ രാജ്യത്തിന് കഴിയും. നിലവില്‍ കൊവിഡ് മഹാമാരി മൂലം ജനങ്ങളുടെ ആരോഗ്യ സുരക്ഷക്കാണ് രാജ്യം പ്രഥമ പരിഗണന നല്‍കുന്നത്. ഈ വര്‍ഷത്തെ ഹജ്ജ് പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത തീര്‍ഥാടകരെ അല്‍ശുമൈസി റോഡ്, അല്‍തനീം റോഡ്, അല്‍സെയില്‍ റോഡ്, അല്‍ഹദ റോഡ് തുടങ്ങിയ നാല് പ്രവേശന കവാടങ്ങളിലൂടെയാണ് മക്കയിലേക്ക് കടത്തിവിടുക എന്നതാണ്. ഇതിനായി പ്രവേശന കവാടങ്ങളില്‍ മുഴുവന്‍ ക്രമീകരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹാജിമാരെ നേരിട്ട് ഹറമിലേക്ക് പോകാന്‍ അനുവദിക്കില്ല പകരം പ്രത്യേകം നിശ്ചയിക്കപ്പെട്ട സമയങ്ങളില്‍ ഗൈഡുകളുടെ സഹായത്തോടെയായിരിക്കും പ്രവേശനാനുമതി നല്‍കുക.

അനധികൃതമായി ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്ന തീര്‍ത്ഥാടകര്‍ക്കെതിരെയും യാത്രാ സഹായം നല്‍കുന്നവര്‍ക്കെതിരെയും കനത്ത ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുവരെ പത്ത് നിയമലംഘകരെ അറസ്റ്റു ചെയ്തതായും ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും മേജര്‍ ജനറല്‍ പറഞ്ഞു.

ഹജ്ജ് സെക്യൂരിറ്റി ഫോഴ്‌സിന്റെ അസിസ്റ്റന്റ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ അബ്ദുല്‍ അസീസ് ബിന്‍ മസാദ്, പാസ്സ്‌പോര്‍ട്ട് മന്ത്രാലയം കമാന്‍ഡര്‍ മേജര്‍ ജനറല്‍ സാലിഹ് ബിന്‍ സാദ് അല്‍ മുറബ്ബ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Latest