Connect with us

Gulf

ഹജ്ജ്: തിങ്കളാഴ്ച വിശുദ്ധ കഅബാലയത്തെ പുതിയ കിസ്‌വ അണിയിക്കും

Published

|

Last Updated

മക്ക | തിങ്കളാഴ്ച വിശുദ്ധ കഅബാലയത്തെ പുതിയ കിസ്‌വ അണിയിക്കുമെന്ന് ഹറം കാര്യമന്ത്രാലയം അറിയിച്ചു. ഹാജിമാര്‍ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി അറഫയില്‍ സംഗമിക്കുന്ന ദുല്‍ഹിജ്ജ ഒന്‍പതിനാണ് എല്ലാ വര്‍ഷവും കിസ്‌വ അണിയിക്കാന്‍ ചടങ്ങ് നടക്കുക.

ഹറം കാര്യാലയ ജീവനക്കാരും, കിംഗ് അബ്ദുല്‍ അസീസ് കോംപ്ലക്‌സിലെ 200 സാങ്കേതിക വിദഗ്ധരും, സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് സുബഹി നമസ്‌കാര ശേഷമാണ് കഅബാലയത്തെ കിസ്‌വ പുതപ്പിക്കുക. പഴയ കിസ്‌വ മാറ്റിയ ശേഷം വിശുദ്ധ കഅബയുടെ നാലു ഭാഗവും വാതിലും കഴുകിയ ശേഷമായിരിക്കും പുതിയ കിസ്‌വ അണിയിക്കല്‍.

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ കിസ്‌വ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിനെ പ്രതിനിധാനം ചെയ്ത് മക്ക ഗവര്‍ണറും രാജാവിന്റെ ഉപദേഷ്ടാവും സെന്‍ട്രല്‍ ഹജ് കമ്മിറ്റി ചെയര്‍മാനുമായ ഫൈസല്‍ രാജകുമാരന്‍ കഅബയുടെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള സാലിഹ് അല്‍ശൈബിക്ക് ജിദ്ദ ഗവര്ണറേറ്റില്‍ നടന്ന ചടങ്ങില്‍ കൈമാറിയിരുന്നു.

രാവിലെ ആരംഭിക്കുന്ന ജോലികള്‍ അസര്‍ നമസ്‌കാരത്തോടെയാണ് പൂര്‍ത്തിയാവുക. ഹാജിമാരുടെ തിരക്കില്‍ കിസ്‌വക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ ഉയര്‍ത്തിക്കെട്ടുകയും ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിക്കുന്നതോടെ വീണ്ടും താഴ്ത്തിയിടുകയും ചെയ്യും.

പഴയ കിസ്!വ മാറ്റി പുതിയത് പുതപ്പിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഹറം കാര്യാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു. 650 കിലോഗ്രാം ശുദ്ധമായ പട്ട്, 120 കിലോ സ്വര്‍ണനൂല്‍, 100 കിലോ വെള്ളിനൂല്‍ എന്നിവ ഉപയോഗിച്ച് ഇരുനൂറിലധികം വിദഗ്ധരായ വിദഗ്ദ നെയ്ത്ത് സംഘം ഒരു വര്ഷം കൊണ്ടാണ് ഉമ്മുല്‍ ജൂദിലെ കിസ്‌വ ഫാക്ടറിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 16 മീറ്റര്‍ നീളമുള്ള ലോകത്തെ ഏറ്റവും വലിയ നെയ്ത്തു മെഷീനുള്‍പ്പെടെ ആധുനിക സൗകര്യങ്ങളാണ് ഉമ്മുല്‍ ജൂദിലെ കിസ്‌വ ഫാക്ടറിയിലുള്ളത്.

കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കനത്ത ആരോഗ്യ സുരക്ഷയിലായിരിക്കും ഈ വര്‍ഷം കിസ്‌വ അണിയിക്കല്‍ നടക്കുക. പഴയ കിസ്‌വയുടെ ഭാഗങ്ങള്‍ ചെറിയ ഭാഗങ്ങളാക്കി ഇസ്‌ലാമിക രാജ്യങ്ങളിലേക്കും തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ വ്യക്തികള്‍ക്കും നല്‍കിവരാറാണ് പതിവ്.

സിറാജ് പ്രതിനിധി, ദമാം

Latest