Connect with us

Articles

സിക്ക കൊവിഡിന്റെ പിന്‍ഗാമിയല്ല

Published

|

Last Updated

വൈറസ് എന്ന സൂക്ഷ്മ ജീവികളെക്കൊണ്ട് ലോകം പൊറുതിമുട്ടിയിരിക്കുകയാണല്ലോ. അവയുണ്ടാക്കുന്ന പലവിധമായ പ്രശ്‌നങ്ങളില്‍ അകപ്പെട്ട് ആഗോളതലത്തില്‍ തന്നെ മനുഷ്യര്‍ പ്രതിസന്ധികളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് 19 എന്ന വൈറസിന്റെ കടന്നുവരവും അതുണ്ടാക്കിയ ഗുരുതരമായ പ്രശ്‌നങ്ങളും ആരംഭിച്ച് ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ ചരിത്രത്തിലെ സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കൊവിഡിന്റെ തന്നെ വിവിധ വകഭേദങ്ങള്‍ കൂടി പല സമയങ്ങളിലായി തലപൊക്കിയതോടുകൂടി സര്‍വം വൈറസ്മയം എന്നുതന്നെ പറയേണ്ടിവരും. അതിന്റെ ഏറ്റവുമൊടുവിലെ ഉദാഹരണമാണ് സിക്ക വൈറസിന്റെ രംഗപ്രവേശം കേരളത്തിലും സ്ഥിരീകരിച്ചിരിക്കുന്നത്.

കൊവിഡിന്റെ ഭീതിയില്‍ നിന്ന് മുക്തമാകുന്നതിനും മുമ്പ് തന്നെ കേരളത്തില്‍ സാന്നിധ്യമറിയിച്ചതിനാലാകണം സിക്ക വൈറസും സിക്ക രോഗവും കൊവിഡിനോടൊപ്പം ചേര്‍ത്തുവായിക്കപ്പെടുന്നത്. കൊവിഡിന്റെ വിവിധ വകഭേദങ്ങള്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ടതുകൊണ്ട് സിക്ക വൈറസും അത്തരത്തില്‍ വൈറസിന്റെ വകഭേദമാണ് എന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ ചില ഭാഗങ്ങളില്‍ നിന്ന് ഉയരുന്നുമുണ്ട്. എന്നാല്‍, ഇവ തമ്മില്‍, രണ്ടും വൈറസ് ആണെന്നതില്‍ കവിഞ്ഞ് മറ്റൊരു സാമ്യവുമില്ല എന്നതാണ് വാസ്തവം. കൊവിഡിന്റെ അത്രയും പകര്‍ച്ചാ ക്ഷമത സിക്ക വൈറസിന് ഇല്ലെങ്കിലും, ഗൗരവമായി സമീപിച്ചില്ലെങ്കില്‍ കൂടുതല്‍ അപകടകരമാകാനും ചില അവസരങ്ങളില്‍ മരണത്തിനും വരെ സിക്ക കാരണമാകുന്നുണ്ട്.
ഇന്നലെ ഉത്ഭവിച്ചു വന്നതല്ല സിക്ക. ചരിത്രത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനൊപ്പമാണ് ഇവ സഞ്ചരിക്കുന്നത്. 1947ല്‍ ഉഗാണ്ടയിലെ കംപാലക്കടുത്ത് സീക്കാ കാടുകളിലെ റീസസ് മക്കക്ക് കുരങ്ങുകളിലാണ് ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. അങ്ങനെയാണ് സിക്ക എന്ന പേരും അവക്ക് ചാര്‍ത്തപ്പെടുന്നത്. അവിടെയുള്ള യെല്ലോ ഫീവര്‍ ഗവേഷണ കേന്ദ്രത്തില്‍ സ്ഥിരീകരിച്ച സിക്ക ചെറിയൊരു ഇടവേളക്കു ശേഷം 1948ല്‍ കൂടുതല്‍ ശക്തമായി ഉഗാണ്ടയില്‍ കാണപ്പെടാന്‍ തുടങ്ങി. 1952ല്‍ ഉഗാണ്ടയിലും ഒപ്പം താന്‍സാനിയയിലും മനുഷ്യരില്‍ ഇവയുടെ സാന്നിധ്യം ഉറപ്പിച്ചതോടെ സിക്ക വൈറസിനെ ലോകം ഗൗരവത്തോടെ വീക്ഷിക്കാന്‍ തുടങ്ങുകയായിരുന്നു. 2007ല്‍ യാപ്പ് ദ്വീപുകള്‍, സ്റ്റേറ്റ്‌സ് ഓഫ് മാക്രൊനേഷ്യ എന്നിവിടങ്ങളില്‍ 185 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇവയില്‍ 49 കേസുകളില്‍ വൈറസ് സാന്നിധ്യം ഉറപ്പിക്കുകയും 59 കേസുകളില്‍ വൈറസ് സാധ്യതയുള്ളതായി കണ്ടെത്തുകയും ചെയ്തു. 2013ല്‍ ഫ്രഞ്ച് പോളിനേഷ്യയില്‍ കൂടി ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ലോകം സിക്കയെ ശ്രദ്ധിക്കാന്‍ തുടങ്ങി. 2015ല്‍ ലോകാരോഗ്യ സംഘടന അമേരിക്കയിലും സിക്ക വൈറസ് സ്ഥിരീകരിച്ചു. ബ്രസീലിലാണ് കൂടുതലായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയത്. 2016 ആഗസ്റ്റ് മുതല്‍ നവംബര്‍ വരെ 455ഓളം കേസുകളാണ് സിംഗപ്പൂരില്‍ കണ്ടെത്തിയത്. 2016ലും 2018ലും ഇവ വ്യാപകമായി പടര്‍ന്നു പിടിച്ചെങ്കിലും ഇന്ത്യയില്‍ ഇവയുടെ കൃത്യമായ സാന്നിധ്യം കണ്ടെത്തിയില്ല. എന്നാല്‍ 2021ല്‍ കേരളത്തില്‍ ഇവയെ കണ്ടെത്തിയതോടെ ലോകത്ത് 86ഓളം രാജ്യങ്ങളില്‍ സിക്ക വൈറസിന്റെ സാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞിരിക്കുന്നു. രോഗം ബാധിച്ച സ്ഥലങ്ങളില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവരിലൂടെയാണ് ആഗോളവ്യാപകമായി ഇവ പടരാന്‍ കാരണമാകുന്നത്.

“ഫ്‌ലാവി വിറിഡേ” ഫാമിലിയിലെ ഫ്‌ലാവി വൈറസ് ജനുസ്സില്‍ പെടുന്ന സിക്ക ഒരു കൊതുകുജന്യരോഗമാണ്. നമുക്ക് സുപരിചിതമായ ഡങ്കി വൈറസും യെല്ലോ ഫീവര്‍, വെസ്റ്റ് നെയില്‍ വൈറസുമൊക്കെ ഉള്‍പ്പെടുന്ന ഫാമിലി ആണിത്. ഒറ്റയിഴയുള്ള ആര്‍ എന്‍ എ ജനിതകവസ്തുവായുള്ള ഇവയുടെ വാഹകര്‍ ഈഡിസ് ഈജിപ്തി (Aedes aegypti), ഈഡിസ് ആല്‍ബോപിക്ട്സ് (Aedes albopictus) എന്നീ കൊതുകുകളാണ്. പകല്‍ സമയങ്ങളിലാണ് ഇവ സജീവമാകുന്നത്. അതിരാവിലെയോ രാത്രിക്ക് തൊട്ടുമുമ്പുള്ള സമയങ്ങളിലോ ആണ് ഇവ മനുഷ്യരില്‍ ഉപദ്രവം ഉണ്ടാക്കുക. ശരീരത്തില്‍ കടന്നാല്‍ മൂന്ന് മുതല്‍ പതിനാല് ദിവസം വരെയാണ് ഇന്‍ക്യൂബേഷന്‍ സമയം. അസുഖം ബാധിച്ചുകഴിഞ്ഞാല്‍ രണ്ട് മുതല്‍ ഏഴ് ദിവസം വരെ ലക്ഷണങ്ങള്‍ കാണിക്കാം. സിക്ക വൈറസുകള്‍ക്കെതിരെ ഫലപ്രദമായ ഒരു വാക്‌സീന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട്, അവയെ പ്രതിരോധിക്കാനുള്ള ബുദ്ധിമുട്ടുകള്‍ വാക്സീന്‍ കണ്ടെത്തുന്നതുവരെ തുടരുകയും ചെയ്യും.
പ്രധാനമായും ഗര്‍ഭിണികളിലാണ് ഇവയുടെ അക്രമം കൂടുതലായി കാണപ്പെടുന്നത്. ഗര്‍ഭധാരണ സമയങ്ങളിലെ രോഗബാധ ഗര്‍ഭസ്ഥ ശിശുക്കളിലേക്ക് പകരാനുള്ള സാധ്യതയും ഏറെയാണ്. ഗര്‍ഭസ്ഥ ശിശുക്കളിലെ തലച്ചോര്‍ വളര്‍ച്ചയില്‍ നാഡീമൂലകോശങ്ങളെ സിക്ക ബാധിക്കുന്നതായി പഠനങ്ങളുണ്ട്. ആ അവസരങ്ങളില്‍ ശിശുക്കളിലെ പ്രശ്നങ്ങള്‍ മാരകമാകാനും സാധ്യതയുണ്ട്. പൂര്‍ണ വളര്‍ച്ചയെത്താതെയുള്ള പ്രസവം, ശിശുവിന്റെ മരണം എന്നിവക്കും സാധ്യതയുണ്ട്. കൂടാതെ, പിറക്കുന്ന കുട്ടികളില്‍ “മൈക്രോസെഫാലി” എന്ന അവസ്ഥക്കും ഇത് കാരണമാകുന്നു. വാഹകരുടെ സഹായമില്ലാതെയും സിക്ക വൈറസുകള്‍ പകരാന്‍ സാധ്യതയുണ്ട്. ഗര്‍ഭിണികളില്‍ നിന്ന് ശിശുക്കളിലേക്കും ലൈംഗിക ബന്ധങ്ങളിലൂടെയും രക്തദാനത്തിലൂടെയും ആണ് ഇവ വാഹകരുടെ സഹായമില്ലാതെ മനുഷ്യരില്‍ പ്രധാനമായും പകരുന്നത്. രോഗബാധിതരില്‍ ഏറിയപങ്കും യാതൊരു രോഗലക്ഷണങ്ങളും കാണിക്കാറില്ല എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു വസ്തുത (അഞ്ചില്‍ ഒരാള്‍ മാത്രം രോഗലക്ഷണം കാണിക്കുന്നു). എന്നാല്‍ രോഗലക്ഷണം കാണിക്കുന്നവരില്‍ പനി, തലവേദന, പേശികളിലെ വേദന, അസ്ഥിവേദന, ചുവന്ന കണ്ണുകള്‍ എന്നിവ പ്രകടമാണ്. അസുഖം മൂര്‍ച്ഛിച്ചാല്‍ അത് തലച്ചോറിനെ ബാധിക്കാനും മരണം സംഭവിക്കാനും സാധ്യതയുണ്ട്.

ഈഡിസ് കൊതുകുകളാണ് ഇവരുടെ വാഹകരെന്ന് പറഞ്ഞുകഴിഞ്ഞല്ലോ. അതുകൊണ്ടുതന്നെ അവയുടെ സാന്നിധ്യം ഉണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക എന്നതാണ് ഇതിനെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം. വീടുകള്‍ക്കു ചുറ്റും മലിനജലം കെട്ടിക്കിടക്കാന്‍ ഒരു കാരണവശാലും അനുവദിക്കരുത്. അവയിലാണ് ഈഡിസ് കൊതുകുകള്‍ മുട്ടയിട്ടു പെരുകുന്നത്. വെള്ളത്തില്‍ മാത്രമായി വീടുകളില്‍ നാം വളര്‍ത്താറുള്ള അലങ്കാരച്ചെടികളുടെ ചട്ടികള്‍ പോലും ഇവക്ക് വളര്‍ന്നു പെരുകാന്‍ സഹായകമായേക്കാം. അതിനാല്‍ വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്ന ഒരു സാഹചര്യവും ഉണ്ടാകാന്‍ പാടില്ല. ഇതിന് പുറമെ കൊതുകുകളെ അകറ്റാന്‍ ആവശ്യമായ നടപടികളെല്ലാം ഈ രോഗത്തിനെ പ്രതിരോധിക്കാന്‍ സഹായിക്കും. കൊച്ചുകുട്ടികളെയും ഗര്‍ഭിണികളെയും ഈ കൊതുകുകളുടെ ഉപദ്രവത്തില്‍ നിന്ന് സംരക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ രക്തം, മൂത്രം എന്നിവ പരിശോധിച്ച് സിക്കയുടെ സാന്നിധ്യം ഉണ്ടെന്നോ ഇല്ലെന്നോ ഉറപ്പിക്കണം. പനിക്ക് സാധാരണ കഴിക്കാറുള്ള പാരസെറ്റമോള്‍ ഗുളികയാണ് സിക്ക വൈറസിനെതിരെയും നല്‍കിവരുന്നത്. ഒപ്പം നന്നായി വെള്ളം കുടിക്കുന്നതും ആവശ്യത്തിന് വിശ്രമിക്കുന്നതും നല്ലതാണ്.

(അസിസ്റ്റന്റ് പ്രൊഫസര്‍,
സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി
കൊച്ചി സര്‍വകലാശാല)

Latest