Connect with us

Business

ഇന്ധന വില വര്‍ധന റോക്കറ്റ് വേഗത്തില്‍; ആരോഗ്യം, പലചരക്ക് വകകളില്‍ പണം ചെലവഴിക്കല്‍ കുറഞ്ഞു

Published

|

Last Updated

മുംബൈ | രാജ്യത്ത് ദിനംതോറും ഇന്ധന വില കുത്തനെ ഉയരുന്നതിനാല്‍ പലചരക്ക്, ആരോഗ്യം അടക്കമുള്ള മേഖലകളില്‍ പണം ചെലവഴിക്കുന്നത് ജനങ്ങള്‍ കുറച്ചുവെന്ന് സാമ്പത്തിക വിദഗ്ധര്‍. കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി കുറക്കണമെന്നും എസ് ബി ഐയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളം പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നിട്ടുണ്ട്. ഡീസല്‍ വിലയും നൂറിലേക്ക് എത്തുകയാണ്.

നികുതി, എക്‌സൈസ് തീരുവ, സെസ് അടക്കമുള്ള വകകളില്‍ ലിറ്ററിന് 40 രൂപയോളമാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ഈടാക്കുന്നത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോഴാണ് നികുതി വര്‍ധിപ്പിക്കുന്നത്. എന്നാല്‍, ക്രൂഡ് ഓയില്‍ വില വര്‍ധിക്കുമ്പോള്‍ നികുതി കുറക്കുന്നുമില്ല. ഇതുകാരണം ആഗോളവിപണിയിലെ വിലമാറ്റങ്ങളുടെ ആനുകൂല്യം സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് മാത്രമല്ല, വില കൂടുമ്പോള്‍ നടുവൊടിയുകയുമാണ്.

ഇന്ധനത്തിന് കൂടുതല്‍ പണം ചെലവഴിക്കുന്നതിനാല്‍ മറ്റ് മേഖലകളിലെ ചെലവഴിക്കല്‍ കുറച്ചിരിക്കുകയാണ് പൊതുജനങ്ങള്‍. മാത്രമല്ല, ഇന്ധന വില കൂടുന്നത് വിലക്കയറ്റത്തിനും കാരണമാകും. റിസര്‍വ് ബേങ്കിന്റെ പ്രതീക്ഷിത കണക്കിനപ്പുറം ജൂണ്‍ മാസത്തിലും വിലക്കയറ്റമുണ്ടായിട്ടുണ്ട്. വിലകളില്‍ 10 ശതമാനം വര്‍ധനയാണുണ്ടായത്. ഇതോടെ ഉപഭോക്തൃ വില പണപ്പെരുപ്പം 0.50 ശതമാനം കൂടി. വിപണിയില്‍ ജനങ്ങള്‍ പണം ചെലവഴിക്കുന്നത് കുറഞ്ഞാല്‍ സാമ്പത്തിക മാന്ദ്യത്തിന് കാരണമാകും.