Connect with us

Cover Story

താളം മുറിയാത്ത സപര്യ

Published

|

Last Updated

സംഗീതത്തിനൊപ്പം സമയതാളവും നെഞ്ചോട് ചേര്‍ത്ത ജീവിതമാണ് 93 കാരനായ ആര്‍ അപ്പുക്കുട്ടന്‍ എന്ന സംഗീതജ്ഞനെ വ്യത്യസ്തനാക്കുന്നത്. വിഖ്യാത സംഗീതജ്ഞന്‍ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യന്‍, ആകാശവാണിയിലെ വായ്പ്പാട്ട് കലാകാരന്‍, സംഗീത അധ്യാപകന്‍ എന്നീ വിശേഷണങ്ങള്‍ക്കൊപ്പം ക്ലോക്കുകളുടെയും വാച്ചുകളുടെയും ഹൃദയമിടിപ്പറിയുന്ന ഡോക്ടര്‍ കൂടിയാണ് ഇദ്ദേഹം. ഒരു പക്ഷേ തലസ്ഥാനത്ത് മെക്കാനിക്കല്‍ ക്ലോക്കുകളുടെയും വാച്ചുകളുടെയും ഏറ്റവും മുതിര്‍ന്ന മെക്കാനിക്കും ഇദ്ദേഹം തന്നെയാകും. ശ്രുതിശുദ്ധ സംഗീതത്തിനൊപ്പം ഘടികാരത്തിന്റെ താളം കൂടി ഇദ്ദേഹത്തിന്റെ ഹൃദയം കീഴടക്കിയിട്ട് ഇപ്പോള്‍ ഏഴ് പതിറ്റാണ്ട് പിന്നിടുന്നു. തിരുവനന്തപുരത്ത് കരമന തളിയല്‍ മഹാദേവക്ഷേത്രത്തിന് സമീപം മേലേത്തട്ട് വീട്ടില്‍ ആര്‍ അപ്പുക്കുട്ടന്‍ ഭാഗവതര്‍ ഇപ്പോഴും കർമനിരതനാണ്.

സംഗീതത്തിന്റെ ആദ്യസ്വരങ്ങള്‍ അമ്മയില്‍ നിന്നും വാച്ച് റിപ്പയറിംഗിലെ ബാലപാഠങ്ങള്‍ അച്ഛനില്‍ നിന്നും സ്വായത്തമാക്കിയ ഇദ്ദേഹം തന്റെ കഠിനാധ്വാനം കൊണ്ടാണ് ഇരു മേഖലയിലും സ്വന്തമായ കൈയൊപ്പ് പതിപ്പിച്ചത്. കാര്യങ്ങള്‍ സ്വയം പഠിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനുമുള്ള വിശേഷബുദ്ധിയാണ് സാധാരണ വാച്ച് റിപ്പയറര്‍മാരില്‍ നിന്ന് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പഴയ മെക്കാനിക്കല്‍ ക്ലോക്കുകളും വാച്ചുകളും റിപ്പയര്‍ ചെയ്യാന്‍ അറിയാവുന്നവര്‍ തന്നെ വിരളമായ ഇക്കാലത്ത് മെക്കാനിക്കല്‍ ക്ലോക്ക്/ വാച്ച് റിപ്പയറിംഗ് രംഗത്ത് പ്ലാറ്റിനം ജൂബിലി പിന്നിടുകയാണ് ഇദ്ദേഹം.


രാമകൃഷ്ണ പിള്ള, ദേവകിയമ്മ ദമ്പതിമാരുടെ നാല് മക്കളില്‍ മൂന്നാമനായി 1928 മാര്‍ച്ച് മാസം തിരുവനന്തപുരത്താണ് ജനനം. ചെറിയ ക്ലാസ് മുതല്‍ സംഗീതം അഭ്യസിക്കാന്‍ ആരംഭിച്ച അപ്പുക്കുട്ടന്‍ കലയോടും വിശിഷ്യാ സംഗീതത്തോടുമുള്ള അഭിരുചി കാരണം തമിഴ്നാട്ടിലെ പ്രമുഖ സംഗീത നാടക കമ്പനിയായ ഷണ്‍മുഖാനന്ദ സഭയില്‍ ബാലനടനായി ചേര്‍ന്നു. നടീനടന്‍മാര്‍ തന്നെ പാടി അഭിനയിക്കുന്ന അക്കാലത്തെ സംഗീത നാടകങ്ങളില്‍ സംഗീതപ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്തു. തമിഴ്നാട്ടിലെ പ്രധാന പട്ടണങ്ങളിലെല്ലാം നാടകങ്ങളുമായി സഞ്ചരിച്ച കാലമായിരുന്നു അത്. തമിഴ്നാട്ടില്‍ നാടകാവതരണവുമായി സഞ്ചരിക്കുമ്പോഴാണ് 1947ല്‍ രാജ്യം സ്വാതന്ത്ര്യപ്പുലരിയിലേക്ക് കടക്കുന്ന വിവരമെത്തിയതെന്ന് ഇപ്പോഴും അദ്ദേഹം ഓര്‍ക്കുന്നു. നാടകാവതരണവുമായുള്ള ഊരുചുറ്റലിനിടയിലും ശാസ്്ത്രീയ സംഗീത പഠനം മുടക്കിയില്ല. 1949ല്‍ നാടക സംഘം പിരിച്ചു വിട്ടപ്പോള്‍ നാട്ടിലേക്ക് തിരികെയെത്തിയ ഇദ്ദേഹം 1950ല്‍ തിരുവനന്തപുരത്തെ ശ്രീ സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ ഔപചാരികമായ സംഗീത പഠനത്തിന് ചേര്‍ന്നു. വിഖ്യാത സംഗീതജ്ഞന്‍ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരായിരുന്നു അക്കാദമിയുടെ പ്രിന്‍സിപ്പൽ. ഈ അക്കാദമിയാണ് പില്‍ക്കാലത്ത് പ്രശസ്തമായ സ്വതിതിരുന്നാള്‍ സംഗീത കോളജായി പരിണമിച്ചത്. അക്കാലത്ത് തന്റെ ഗുരുക്കന്‍മാരായ എന്‍ വി നാരായണ ഭാഗവതര്‍, കെ ആര്‍ കുമാരസ്വാമി, എന്‍ ജി സീതാരാമയ്യര്‍ എന്നിവരെ ഇപ്പോഴും സ്മരിക്കുകയാണ് അപ്പുക്കുട്ടന്‍ ഭാഗവതര്‍. നാല് വര്‍ഷത്തെ ഗാനഭൂഷണം കോഴ്സ് ഒന്നാം ക്ലാസില്‍ പാസായ അദ്ദേഹം അക്കാലത്ത് തന്നെ തിരുവനന്തപുരം റേഡിയോ നിലയത്തില്‍ വിവിധങ്ങളായ സംഗീത പരിപാടികളുമായി സഹകരിച്ചിരുന്നു. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ അദ്ദേഹത്തിന് ആകാശവാണിയുടെ ഓഡിഷന് പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ആകാശവാണിയില്‍ പാടുക എന്നത് സംഗീതജ്ഞരുടെ സ്വപ്നമായിരുന്ന കാലമായിരുന്നു അത്. തന്റെ ഗുരുക്കന്‍മാരും അന്ന് ആകാശവാണിയിലെ ഓഡീഷനായി എത്തിയിരുന്നു. സുപ്രസിദ്ധ സംഗീത വിദ്വാന്‍ മുസൂരി സുബ്രമണ്യ അയ്യരുടെ നേതൃത്വത്തിലുള്ള പാനലിന്റെ മുമ്പിലാണ് പാടേണ്ടിയിരുന്നത്. സ്വാതിതിരുനാള്‍ അക്കാദമി പകര്‍ന്നു തന്ന അറിവും കൗമാരകാലത്തെ നാടകപര്യടനം തന്ന അനുഭവവും ഉള്ളില്‍ വെച്ച് പാടി. ഓഡീഷന് വന്നതില്‍ ബാക്കിയെല്ലാവരും തന്നേക്കാള്‍ മുതിര്‍ന്നവരായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ഓർമ. ദിവസങ്ങള്‍ക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് വന്നപ്പോള്‍ ഗുരുക്കന്‍മാര്‍ക്കൊപ്പം ആര്‍ അപ്പുക്കുട്ടന്‍ എന്ന ശിഷ്യന്റെ പേരുമുണ്ടായിരുന്നു. ആകാശവാണിയില്‍ വോക്കല്‍ ആര്‍ട്ടിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ടത് ജീവിതത്തിലെ അഭിമാന മുഹൂര്‍ത്തമാണെന്ന് ഓര്‍ത്തെടുക്കുമ്പോള്‍ 93ാം വയസ്സിലും ആ കണ്ണുകളില്‍ തിളക്കം.

ഗാനഭൂഷണം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്ക് 1955ല്‍ വിദ്യാഭ്യാസ വകുപ്പില്‍ സംഗീത അധ്യാപകനായി നിയമനം ലഭിച്ചു. കേരള രൂപവത്കരണത്തിന് മുമ്പ് അന്നത്തെ കാലത്ത് സ്വാതിതിരുന്നാള്‍ സംഗീത അക്കാദമിയില്‍ നിന്ന് ഒന്നാം ക്ലാസില്‍ പാസായ ആര്‍ അപ്പുക്കുട്ടനെ തേടി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുകയായിരുന്നു. കുട്ടികളെ സംഗീതം അഭ്യസിപ്പിക്കുമ്പോഴും തന്റെ സംഗീത യാത്രകള്‍ അദ്ദേഹം മുടക്കിയിരുന്നില്ല. വിഖ്യാത നടനഗുരു ഗുരു ഗോപിനാഥിന്റെ ശിഷ്യന്‍ ഗുരു ചന്ദ്രശേഖരന്‍ സ്ഥാപിച്ച പ്രതിഭാ നൃത്തകലാലയത്തില്‍ 35 വര്‍ഷമാണ് അദ്ദേഹം മുഖ്യഗായകനായി പ്രവര്‍ത്തിച്ചത്. കലാനിലയം കൃഷ്ണന്‍ നായരുടെ നാടക വേദിയില്‍ ഗുരു ചന്ദ്രശേഖരന്‍ ഒരുക്കിയ കുരുക്ഷേത്രം എന്ന പ്രസിദ്ധ ഓപ്പറയിലും കലാക്ഷേത്രം ഭാസ്‌കരന്‍, വിനയചന്ദ്രന്‍, കലാമണ്ഡലം വിമലാ മേനോന്‍, ലീലാ പണിക്കര്‍ തുടങ്ങിവരുടെ നൃത്ത പരിപാടികളിലും അദ്ദേഹം പങ്കാളിയായി.

ആകാശവാണിയിലെ ഗാനകൈരളി എന്ന സംഗീത പരിപാടിയില്‍ വര്‍ഷങ്ങളോളം അദ്ദേഹം കച്ചേരികള്‍ അവതരിപ്പിച്ചു. വിഖ്യാതരായ കലാകാരന്‍മാരാണ് തനിക്ക് പക്കവാദ്യം വായിച്ചിരുന്നതെന്ന് തെല്ല് അഭിമാനത്തോടെയാണ് അദ്ദേഹം ഓര്‍ത്തെടുക്കുന്നത്. മൃദംഗത്തില്‍ മാവേലിക്കര കൃഷണന്‍കുട്ടി നായര്‍, വയലിനില്‍ കെ വെങ്കിടാചലം തുടങ്ങിയവര്‍ പക്കവാദ്യക്കാരായപ്പോള്‍ അക്കാലത്ത് യുവാവായ നെയ്യാറ്റിന്‍കര വാസുദേവന്‍ തനിക്കു വേണ്ടി തമ്പുരുവില്‍ ശ്രുതി മീട്ടിയത് ഇന്നും തെളിഞ്ഞ ഓർമയായി നില്‍ക്കുന്നു. പതിറ്റാണ്ടുകള്‍ നീണ്ട ആകാശവാണിയുമായുള്ള ബന്ധത്തിന് തന്റെ 80-ാം വയസ്സില്‍ അദ്ദേഹം വിരാമമിട്ടു. 80 വയസ്സ് എന്നത് ഒരു ക്ലാസിക്കല്‍ ഗായകനെ സംബന്ധിച്ച് പാട്ടു നിര്‍ത്താനുള്ള പ്രായമല്ല. എന്നാല്‍, പ്രായാധിക്യത്താല്‍ ക്രമേണ കേള്‍വിശക്തി കുറഞ്ഞപ്പോള്‍ ശ്രുതിഭംഗം മുന്നില്‍ കണ്ട് ഇനി കച്ചേരിക്കില്ലെന്ന് അദ്ദേഹം ആകാശവാണിക്ക് കത്തെഴുതി. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തണമെന്ന ചൊല്ല് അക്ഷരാർഥത്തില്‍ നടപ്പാക്കാന്‍ അദ്ദേഹം മടിച്ചില്ല. ചെയ്യുന്ന പ്രവൃത്തിയോടുള്ള കറകളഞ്ഞ ആത്മാര്‍ഥതയാണ് ആ കത്തിന് ആധാരമെന്ന് ആലോചിച്ചാല്‍ ബോധ്യമാകും. അങ്ങനെയൊരു ഉദ്യമത്തിന് ഇന്ന് എത്ര പേര്‍ ധൈര്യപ്പെടും എന്നത് ഒരു ചോദ്യമാണ്.

93 വയസ്സിലും കർമനിരതൻ

തന്റെ കൗമാര കാലം മുതല്‍ ക്ലോക്കുകളും വാച്ചുകളും ശരിയാക്കി നല്‍കുന്ന ശീലം ഈ 93ാം വയസ്സിലും അദ്ദേഹം ജീവശ്വാസം പോലെ തുടരുന്നു. മെക്കാനിക്കല്‍ ക്ലോക്കുകൾക്കും വാച്ചുകള്‍ക്കും സംഭവിക്കുന്ന ഏതു തരം കുഴപ്പങ്ങളും പരിഹരിച്ച് ലഭിക്കാന്‍ ജില്ലയുടെ പല കോണുകളില്‍ നിന്നും തമിഴ്നാട്ടിലെ നാഗര്‍കോവില്‍ , കന്യാകുമാരി ജില്ലകളില്‍ നിന്നുമെല്ലാം നിരവധി പേരാണ് തളിയലിലെ വീട്ടിലേക്ക് വന്നിരുന്നത്. നഗരത്തിലെ പ്രധാന വാച്ച് റിപ്പയറിംഗ് കടകളില്‍ എത്തുന്ന മെക്കാനിക് ക്ലോക്കുകളുടെ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളുടെ അവസാന ആശ്രയവവും ഇദ്ദേഹമാണ്. എന്നാല്‍, തന്റെ കഴിവുകളെ ഘോഷിച്ചു നടക്കാത്ത മനസ്സും സമീപനവുമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. മെക്കാനിക്കല്‍ ക്ലോക്കുകള്‍ കളമൊഴിഞ്ഞ്് ക്വാര്‍ട്സ് വാച്ചുകളുടെ കാലത്തും വാച്ചുകളുടെ അറ്റകുറ്റപ്പണി അദ്ദേഹം കൈയൊഴിഞ്ഞില്ല. സംഗീതവും ക്ലോക്ക് റിപ്പയറിംഗുമല്ലാതെ അധികമാര്‍ക്കുമില്ലാത്ത ഒരു ശീലവും അദ്ദേഹത്തിനുണ്ട്. പത്രങ്ങളിലും ആനുകാലികങ്ങളിലും വരുന്ന അറിവ് പകരുന്ന ശുഭകരമായ വാര്‍ത്തകള്‍, പംക്തികള്‍, അവയുടെ വിശദാംശങ്ങള്‍ എന്നിവ തന്റെ ഡയറിയില്‍ കുറിച്ചിടുന്നതാണ് ആ ശീലം. ജീവിതത്തിന്റെ അര്‍ഥം അനാവൃതമാകുന്ന വരികള്‍ ഡയറിയില്‍ കുറിക്കുക മാത്രമല്ല ലളിതവും സരസവുമായി അത് സ്വന്തം ജീവിതത്തില്‍ പകര്‍ത്തുകയുമാണ് ഇദ്ദേഹം. കേള്‍വിക്കുറവും ഒരു കണ്ണിന്റെ കാഴ്ചപ്രശ്നവും അലട്ടുന്നുണ്ടെങ്കിലും കർമപഥത്തില്‍ ഇപ്പോഴും സജീവമാണ് ഭാഗവതര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ആര്‍ അപ്പുക്കുട്ടന്‍.

കേടായ ഒരു ക്ലോക്ക് നന്നാക്കുമ്പോള്‍ ലഭിക്കുന്നത് ഒരു കച്ചേരി അവതരിപ്പിച്ച സംതൃപ്തിയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വാര്‍ധക്യത്തിലും തന്നെ സജീവമാക്കി നിര്‍ത്തുന്നതും ചിന്തകള്‍ കൈവിടാതെ സന്തോഷവാനാക്കുന്നതും ക്ലോക്കുകളുടെ ഈ സമയതാളമാണെന്ന് അദ്ദേഹം പറയുന്നു. നൂറ് വര്‍ഷം മുമ്പ് തന്റെ അച്ഛന്‍ ഒന്പത് രൂപക്ക് വാങ്ങിയ അപൂര്‍വയിനം ജപ്പാന്‍ നിർമിത ഓഫീസേഴ്സ് ക്ലോക്ക് ഇപ്പോഴും സമയം തെറ്റാതെ മേലേത്തട്ട് വീട്ടിലെ ഭിത്തിയിലുണ്ട്. മണിക്കൂറും മിനുട്ടും കൂടാതെ ദിവസം തിരിച്ചറിയാനുള്ള സൂചിയും ഈ അപൂര്‍വയിനം ക്ലോക്കിലുണ്ട്. ഇന്നും കൃത്യസമയം കാണിച്ച് ഓടുന്ന അച്ഛന്റെ ആ ക്ലോക്കിന്റെ മിടിപ്പില്‍ ആര്‍ അപ്പുക്കുട്ടന്‍ എന്ന മകന്റെ സ്നേഹവും കരുതലുമുണ്ട്. മൂത്ത മകന്‍ ഭാസിയെന്ന ഭാസ്‌കരന്‍ നായര്‍ക്കൊപ്പം തളിയലിലെ കുടുംബ വീട്ടില്‍ താമസിക്കുന്ന അദ്ദേഹം സ്വന്തം കഴിവുകള്‍ ഒരളവു വരെ തന്റെ നാല് മക്കള്‍ക്കും പകര്‍ന്നു നല്‍കിയിട്ടുണ്ട്. ഹാര്‍മോണിസ്റ്റും ഗായകനുമായ മൂത്തമകന്‍ ഭാസി പഴയ റേഡിയോകളുടെ മെക്കാനിക് കൂടിയാണ്. ഇളയ മകന്‍ സുരേഷ് ബാബു കേരള പോലീസ് ഓര്‍ക്കസ്ട്രയില്‍ മൃദംഗം, തബല ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കുന്നു. ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് ഡ്രാഫ്റ്റ്‌സ്മാനായി വിരമിച്ച രാമചന്ദ്രന്‍ നായരും വിജയകുമാരിയുമാണ് മറ്റു മക്കള്‍. നാലര വര്‍ഷം മുമ്പ് ഭാര്യ രത്നമ്മ വിട പറഞ്ഞെങ്കിലും കുടുംബ വീടിനോട് ചേര്‍ന്ന വളപ്പില്‍ വീടുകള്‍ വെച്ച് മക്കളും മരുമക്കളും ചെറുമക്കളും അദ്ദേഹത്തിന് കരുത്തായി ഒപ്പമുണ്ട്.
.

---- facebook comment plugin here -----

Latest