Connect with us

International

ജനനനിയന്ത്രണ നിയമം ലംഘിച്ചു; ചൈനയില്‍ കര്‍ഷകന് 10 ലക്ഷം രൂപ പിഴ

Published

|

Last Updated

ചൈന | ചൈനയില്‍ ജനന നിയന്ത്രണ നിയമം ലംഘിച്ച എട്ട് മക്കളുള്ള കര്‍ഷകന് 10 ലക്ഷത്തിലധികം രൂപ പിഴ. മൂന്ന് കുട്ടികളില്‍ കൂടുതല്‍ പാടില്ലെന്ന നിയമം ലംഘിച്ചതിനാണ് സിചുവാനിലെ എന്യൂ കൌണ്ടിയിലെ അമ്പതുകാരനായ ലിയുവിന് 90,000 യുവാന്‍ (10,38,664 രൂപ) പിഴശിക്ഷ വിധിച്ചത്. രണ്ട് ആണ്‍കുട്ടികള്‍ വേണമെന്ന കടുത്ത ആഗ്രഹമായിരുന്നു ലിയുവിനുണ്ടായിരുന്നത്. രണ്ടാമത്തെ ആണ്‍കുട്ടി പിറക്കുമ്പോഴേക്കും അദ്ദേഹത്തിന് എട്ടു മക്കളായി. ആദ്യ ഭാര്യയില്‍ അഞ്ച് പെണ്‍കുട്ടികളും 2006, 2010 വര്‍ഷങ്ങളില്‍ രണ്ട് ആണ്‍കുട്ടികളുമാണ് ജനിച്ചത്.

നിയമം ലംഘിച്ച കര്‍ഷകനെതിരെ അധികൃതര്‍ 26 ലക്ഷം യുവാന്‍ (മൂന്നു കോടി രൂപ) പിഴ ശിക്ഷയായിരുന്ന ആദ്യം വിധിച്ചിരുന്നത്. ഇത്രയും പണം അടയ്ക്കാനുള്ള സാമ്പത്തിക ശേഷിയില്ലെന്ന വ്യക്തമാക്കി അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് പിഴ കുറയ്ക്കുകയായിരുന്നു. 2019ലാണ് ലിയുവിന് മൂന്നു കോടി രൂപ പിഴ ശിക്ഷ വിധിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. പിഴയൊടുക്കിയില്ലെങ്കില്‍ കര്‍ഷകന് തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് അറിയുന്നത്. 1978 ലാണ് ചൈനയില്‍ ദമ്പതികള്‍ക്ക് ഒരു കുട്ടി മാത്രമേ പാടുള്ളൂവെന്ന നിയമം നടപ്പിലാക്കിയത്. 2016 ജനുവരി തൊട്ട് രണ്ടു കുട്ടികളാകാമെന്ന രീതിയില്‍ നിയമം തിരുത്തി. 2021 മെയ് മുതല്‍ മൂന്ന് കുട്ടികള്‍ വരെയാകാമെന്നായി.