Health
ശസ്ത്രക്രിയ വേണ്ട; മൂത്രതടസ്സം മാറ്റാം, ഒരേയൊരു ദിവസം കൊണ്ട്

പുരുഷന്മാരില്‍ പ്രായമാകുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്നതാണ് പ്രോസ്ട്രേറ്റ് ഗ്രന്ഥിയുടെ വീക്കം. 60-70 വയസ്സ് കഴിയുമ്പോള്‍ 75 ശതമാനം ആളുകളിലും ബി പി എച്ച് (ബിനിന്‍ പ്രോസ്റ്റേറ്റിക് ഹൈപ്പര്‍പ്ലാസിയ) കാണുന്നു. മൂത്രസഞ്ചിയ്ക്ക് താഴെയായി സ്ഥിതിചെയ്യുന്ന പ്രോസ്ട്രേറ്റ് ഗ്രന്ഥി ഉള്ളിലേക്ക് വലുതാകുമ്പോള്‍ അത് മൂത്രക്കുഴലുകളെ ഞെരുക്കുകയും തന്മൂലം മൂത്രം പുറത്തേക്കു പോകുന്നത് തടസ്സപ്പെടുത്തുകയും ചെയ്യുന്നു. മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട്, മൂത്രം ഒഴിഞ്ഞുപോകുന്നതിന് ശക്തി കുറയുക, മൂത്രസഞ്ചി നിറഞ്ഞ് മൂത്രമൊഴിക്കണമെന്ന് തോന്നിയാലും ഒഴിക്കാന്‍ പറ്റാതെ വരുക, കുറച്ച് പോയ ശേഷം പെട്ടെന്ന് നിന്നുപോകുക, ഇടക്കിടയ്ക്ക് ഒഴിക്കാന്‍ തോന്നുക, നിയന്ത്രിച്ചു നിര്‍ത്താനുള്ള പ്രയാസം, കെട്ടിക്കിടക്കുന്നത് വഴി പഴുപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ആദ്യം മരുന്നുകള്‍ നല്‍കുകയാണ് പതിവ്. മരുന്നുകള്‍ ഫലിക്കാതെ വരുമ്പോള്‍ ശസ്ത്രക്രിയയോ ലേസര്‍ പോലുള്ള ചികിത്സയോ ആവശ്യമായി വരും.
എന്നാല്‍ ശസ്ത്രക്രിയയില്ലാതെ ബി പി എച്ചിനെ ചികിത്സിക്കുന്ന ഏറ്റവും നൂതനമായ രീതിയാണ് പ്രോസ്ട്രേറ്റ് ആര്‍ട്ടറി എംബോലൈസേഷന്‍. സാധാരണ ആന്‍ജിയോഗ്രാം ചെയ്യുന്നതുപോലെ കൈയിലൂടെ ചെറിയ ട്യൂബുകള്‍ കടത്തി പ്രോസ്ട്രേറ്റ് ഗ്രന്ഥിയിലേക്കുള്ള രക്തക്കുഴല്‍ കണ്ടെത്തി പ്രത്യേക മരുന്നുകള്‍ നല്‍കിക്കൊണ്ട് രക്തയോട്ട തടസ്സം നീക്കം ചെയ്യുകയാണ് ഈ ചികിത്സയിലൂടെ ചെയ്യുന്നത്. ഇതുവഴി രക്തയോട്ടം ഉണ്ടാകാതെ പ്രോസ്ട്രേറ്റ് ഗ്രന്ഥി ചുരുങ്ങുകയും മൂത്രക്കുഴലുകളുടെ തടസ്സം ഒഴിവായി അസുഖം മാറുകയും ചെയ്യുന്നു. ശസ്ത്രക്രിയയില്ലാതെയുള്ള ചികിത്സ എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അനസ്തേഷ്യ ആവശ്യമില്ല എന്നതും ഒരു ദിവസംകൊണ്ട് ആശുപത്രി വിടാം എന്നതും മേന്മയാണ്. വളരെ ലളിതമായ രീതിയായതുകൊണ്ട് രോഗിയ്ക്ക് വിശ്രമവും വേണ്ടിവരുന്നില്ല. മൂത്രം ഒഴിഞ്ഞുപോകാന്‍ മുമ്പ് ട്യൂബ് ഇടേണ്ടിവന്ന 90 ശതമാനം ആളുകള്‍ക്കും പിന്നീട് ട്യൂബ് ഒഴിവാക്കാം.
പാശ്ചാത്യ രാജ്യങ്ങളില്‍ ഈ ചികിത്സാരീതിയാണ് സ്വീകരിക്കുന്നത്. ഇതിന് 80 ശതമാനത്തിലധികം വിജയ സാധ്യതയുണ്ടെന്നാണ് വിവിധ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളത്. നമ്മുടെ നാട്ടില്‍ പ്രോസ്ട്രേറ്റ് ആര്‍ട്ടറി എംബോലൈസേഷന്‍ പ്രചാരത്തിലാകുന്നേയുള്ളൂ. ശസ്ത്രക്രിയയെ പേടിച്ച് പ്രോസ്ട്രേറ്റ് ഗ്രന്ഥിയിലെ അസ്വസ്ഥതകള്‍ സഹിച്ചു ജീവിക്കുന്നവര്‍ക്ക് ഈ ചികിത്സ ഏറെ ഗുണപ്രദമാണ്. ശസ്ത്രക്രിയ, അനസ്തേഷ്യ നല്‍കല്‍ എന്നിവക്ക് റിസ്‌ക്കുള്ള രോഗികള്‍, രക്തം കട്ടപിടിക്കാതിരിക്കാന്‍ മരുന്നു കഴിക്കുന്നവര്‍ തുടങ്ങിയ ആളുകള്‍ക്ക് പ്രോസ്ട്രേറ്റ് ആര്‍ട്ടറി എംബോലൈസേഷന്‍ വളരെ സൗകര്യപ്രദമാണ്.
വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. സുഹൈല്‍ മുഹമ്മദ്
കാര്‍ഡിയോളജിസ്റ്റ്
ആസ്റ്റര്‍ മിംസ്, കോട്ടക്കല്‍
തയാറാക്കിയത്: റഫീഷ പി