Connect with us

Socialist

മദ്യത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ആസക്തിയെ ആയുധമായി ഉപയോഗിച്ച് ജനതയെ പാഴാക്കിയത് കടന്നുവരാത്തതെന്ത്?

Published

|

Last Updated

മദ്യത്തെ കുറിച്ചുള്ള ചർച്ചകളിൽ സദാചാരബന്ധിതം, സർക്കാർ വരുമാനം എന്നീ രണ്ട് വശങ്ങൾ മാത്രമാണ് കടന്നുവരാറുള്ളത്. ഇതിനപ്പുറം കൊളോണിയലിസത്തിന്റെ ചരിത്രത്തിൽ മദ്യത്തിന്റെ, ആസക്തിയെ ഒരായുധമായി ഉപയോഗിച്ച് ജനതകളെ പാഴാക്കിക്കളഞ്ഞ കാര്യങ്ങൾ നമ്മുടെ ചർച്ചകളിൽ എന്ത് കൊണ്ടോ വരാറില്ലെന്ന് എൻ പി ആഷ്ലി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെക്കുന്നു. പോസ്റ്റ് വായിക്കാം:

കേരളത്തിൽ മദ്യത്തെപ്പറ്റി രണ്ടു തരം ചർച്ചകളാണ് നിലവിൽ ഉള്ളത്. ഒന്ന്, സദാചാരബന്ധിതമാണ്. രണ്ടാമത്തേത്, സർക്കാർ വരുമാനവും ആയി ബന്ധപ്പെട്ടതാണ്. ലക്ഷദ്വീപിൽ മദ്യം വരാൻ പോകുന്നു എന്ന വാർത്തയും ചർച്ച ചെയ്യപ്പെടുന്നത് ഇങ്ങനെ തന്നെ. സദാചാരബന്ധിതമായ ചർച്ചക്ക് വിശ്വാസത്തിന്റെയോ പാരമ്പര്യത്തിന്റെയോ അടിത്തറയാണുള്ളത് എങ്കിൽ ആളുകൾ മദ്യം വാങ്ങിക്കുന്നതിലൂടെ സർക്കാരിന് നികുതി കിട്ടുന്നു എന്നതാണ് രണ്ടാമത്തേത്.

ഇതല്ലാതെ മദ്യത്തിന്റെ ചരിത്രപരമായ ഒരു റോൾ ഒട്ടും പരാമര്ശിക്കപ്പെടാതെ പോവുന്നതെന്തേ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കൊളോണിയലിസത്തിന്റെ ചരിത്രത്തിൽ മദ്യത്തിന്റെ, ആസക്തിയെ ഒരായുധമായി ഉപയോഗിച്ച് ജനതകളെ പാഴാക്കിക്കളഞ്ഞ കാര്യങ്ങൾ നമ്മുടെ ചർച്ചകളിൽ എന്ത് കൊണ്ടോ, വരാറില്ല.

വീഞ്ഞുണ്ടാക്കുന്ന വിനെയാർഡുകളിൽ ആഫ്രിക്കൻ കറുത്തവർഗക്കാരെ തോക്കിന്റെ ശക്തി ഉപയോഗിച്ച് പിടിച്ചുകൊണ്ടുപോയി പണിയെടുപ്പിച്ചിരുന്ന സായിപ്പുമാർ അവർക്കു കുടിക്കാൻ വീഞ്ഞ് മാത്രം ആണ് കൊടുത്തിരുന്നത്. കുറെ നേരം പണിയെടുത്തിട്ടു വീഞ്ഞിനായി മുതലാളിയുടെ പിന്നാലെ ആർത്തിയോടെ ഓടുന്ന കറുത്ത അടിമയുടെ പെയിന്റിംഗുകൾ വിനെയാർഡ് മ്യൂസിയങ്ങളിൽ ഉണ്ട്. ഇങ്ങിനെ അമിതമായി വീഞ്ഞ് കുടിച്ചു കുടിച്ചു മാസങ്ങൾ കഴിയുമ്പോൾ ശരീരം കെട്ടു പോവും. ചിലപ്പോൾ അടിമ മരിച്ചു പോവുകയും ചെയ്യും. എന്നാലും ശമ്പളത്തിന്റെ ചെലവുണ്ടാവില്ല. തൊഴിലാളിക്ക് ശമ്പളം കൊടുക്കാതിരിക്കലാണ് മുതലാളിക്ക് ലാഭം ഉണ്ടാക്കാനുള്ള ഏറ്റവും നല്ല വഴി എന്ന അറിവിനെ ആയുധ ശക്തി കൊണ്ടും രാഷ്ട്രീയ അധികാരം കൊണ്ടും നടപ്പാക്കാൻ മദ്യത്തെയും അവർ ഉപയോഗിച്ചിരുന്നു എന്നർത്ഥം.

ആസ്‌ത്രേലിയയിലെ ആദിവാസി ആണുങ്ങളെ മദ്യത്തിനടിമപ്പെടുത്തി കുടുംബങ്ങളെ തകർത്തു അവരുടെ കുട്ടികളെ പിടിച്ചു കൊണ്ടുപോയി വെൽഫെയർ ഹോമിലിട്ടു വീട്ടുപണിയെടുപ്പിച്ചും എല്ലാത്തരം പീഡനത്തിനിരയാക്കിയതും കാരണം ജീവിതം തകർന്ന ജനങ്ങളെ “മോഷ്ടിക്കപ്പെട്ടവരുടെ തലമുറ” (stolen generation) എന്ന് വിളിക്കുന്നു.

ക്യാനഡയിലെയും കഥ വ്യത്യസ്തമല്ല. മദ്യാസക്തി തങ്ങളുടെ ജനതയെ നശിപ്പിക്കാൻ കണ്ടുപിടിച്ച ഒരു ഉപകരണം ആയിരുന്നു എന്ന് ഇന്ന് അവരിൽപ്പെട്ട പലരും തിരിച്ചറിയുന്നുണ്ട്. ആ നയം പല ഭാഗത്തും തുടർന്നിരുന്നു എന്നർത്ഥം.

വയനാട് കൽപ്പറ്റയിൽ പോയി ഓട്ടോ ഡ്രൈവര്മാരോട് സംസാരിച്ചാൽ കേൾക്കാം ആദിവാസികളുടെ കുടിയുടെ വിവരങ്ങൾ. അതുണ്ടായതിലെ കൊളോണിയൽ നയങ്ങളേപ്പറ്റി ആരും പഠിക്കാറില്ല എങ്കിലും. കേരളത്തിലെ ദളിത്- ആദിവാസി ജീവിതങ്ങളെ, ജനതയെ നശിപ്പിക്കാനുള്ള ഒരുപാധിയായി മദ്യം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മദ്യം സാമൂഹികാവസ്ഥകളെ പുനരുൽപാദിക്കുന്നതിൽ വഹിച്ചിട്ടുള്ള കുറ്റകരമായ പങ്കിനെക്കുറിച്ചു നാം പഠിക്കുക എങ്കിലും വേണം. അപ്പോൾ ഗാന്ധിയുടെയും നാരായണഗുരുവിന്റെയും മദ്യവിരുദ്ധതക്ക് ചില സാമൂഹ്യ-രാഷ്ട്രീയ കാരണങ്ങൾ കൂടി നമുക്ക് മനസ്സിലാവും.

സദാചാരത്തിന്റെയോ റവന്യുവിന്റേയോ പേരിൽ മാത്രം മദ്യം ചർച്ച ചെയ്യുന്ന കേരളത്തിലെ വ്യവഹാരങ്ങളിൽ ഇത്തരം ആലോചനകൾ കടന്നു വരാത്തതിൽ അത്ഭുതമില്ല. ഒരു ഭാഗത്തു ഫ്യൂഡൽ സാമൂഹ്യവ്യവസ്ഥിതി. മറുഭാഗത്തു മുതലാളിത്ത-ഉപഭോഗ സാമ്പത്തിക വ്യവസ്ഥിതി. ഇതിന്റെ മിശ്രിതമായ കേരളീയരിലെ അധീശത്വ ആൺവർഗത്തിനു, അവർ നിയന്ത്രിക്കുന്ന ചർച്ചകൾക്ക് സ്ത്രീകളെയും ദളിതരെയും പറ്റി ആലോചിക്കേണ്ട കാര്യമെന്ത്?

ഏതായാലും പട്ടികവർഗക്കാരായ ലക്ഷദ്വീപുകാരെക്കുറിച്ചുള്ള ചർച്ചയിൽ ഈ ഒരു വശം കൂടി പരിഗണിക്കുന്നത് നന്നാവും. ചരിത്രത്തിൽ പാഠങ്ങൾ ഉണ്ടാവാം.