Connect with us

Covid19

#FACTCHECK: കൊവാക്‌സിനില്‍ പശുക്കുട്ടിയുടെ രക്തം ഉപയോഗിച്ചിട്ടുണ്ടോ?

Published

|

Last Updated

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിനില്‍ പശുക്കുട്ടിയുടെ രക്തം ഉപയോഗിച്ചുവെന്ന പ്രചാരണം ട്വിറ്ററില്‍ ശക്തമാണ്. വിവരാവകാശ മറുപടി അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു പ്രചാരണം. ഇതിന്റെ സത്യാവസ്ഥയറിയാം:

അവകാശവാദം: ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്‌സിനില്‍ നവജാത പശുക്കുട്ടിയുടെ രക്തനീര് ഉപയോഗിച്ചതായി വിവരാവകാശ മറുപടിയില്‍ മോദി സര്‍ക്കാര്‍ സമ്മതിക്കുന്നു. 20 ദിവസത്തില്‍ താഴെ പ്രായമുള്ള പശുക്കുട്ടിയെ അറുത്തതിന് ശേഷമുള്ള ചോരയാണ് വാക്‌സിനില്‍ ഉപയോഗിച്ചത്.

വസ്തുത: ഈ വാദം തള്ളിക്കൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരണ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. കോശവളര്‍ച്ചയില്‍ ഉപയോഗിക്കുന്ന കോശ കൂട്ടങ്ങളായ വെറോ സെല്ലുകളെ സജ്ജീകരിക്കാന്‍ മാത്രമാണ് നവജാത പശുക്കുട്ടിയുടെ രക്തം ഉപയോഗിക്കുക. പോളിയോ, റാബീസ്, ഇന്‍ഫ്ലുവന്‍സ വാക്‌സിനുകളിലൊക്കെ പതിറ്റാണ്ടുകളായി ഈ വിദ്യ ഉപയോഗിക്കുന്നുണ്ട്.

വെറോ സെല്ലുകളുടെ വളര്‍ച്ചക്ക് ആഗോളതലത്തില്‍ തന്നെ വിവിധ തരത്തിലുള്ള കന്നുകാലികളുടെയും മറ്റ് മൃഗങ്ങളുടെയും രക്തം ഉപയോഗിക്കാറുണ്ട്. കോശങ്ങള്‍ വളര്‍ച്ച പ്രാപിച്ചാല്‍ ഇതിനെ വെള്ളവും മറ്റ് രാസപദാര്‍ഥങ്ങളും ഉപയോഗിച്ച് പല പ്രാവശ്യം കഴുകും. ബഫര്‍ എന്നാണ് ഇതിനെ സാങ്കേതികമായി വിളിക്കുന്നത്. പശുക്കുട്ടിയുടെ രക്തം കോശത്തില്‍ നിന്ന് ഇങ്ങനെ ഒഴിവാക്കും. തുടര്‍ന്ന് വൈറല്‍ വളര്‍ച്ചക്ക് കൊറോണവൈറസ് ഈ കോശങ്ങളിലേക്ക് കടത്തിവിടും. വൈറല്‍ വളര്‍ച്ചാ പ്രക്രിയക്കിടയില്‍ വെറോ സെല്ലുകളെ പൂര്‍ണമായും നശിപ്പിക്കും.

തുടര്‍ന്ന് ഇങ്ങനെ വളര്‍ന്ന വൈറസിനെയും നശിപ്പിക്കും. നശിപ്പിക്കപ്പെട്ട വൈറസാണ് അന്തിമ വാക്‌സിന്‍ നിര്‍മാണത്തിന് ഉപയോഗിക്കുക. അതിനാല്‍ തന്നെ അന്തിമമായി നിര്‍മിക്കുന്ന വാക്‌സിന്‍ ഫോര്‍മുലയില്‍ കന്നുകുട്ടി രക്തം തീരെയുണ്ടാകില്ല. അന്തിമ വാക്‌സിനിലില്‍ ഇതൊരു ഘടകമാകുകയുമില്ല.

Latest